പാ​കി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ വി​രാ​ട് കോ​ഹ് ലി

ദുബൈ: സെഞ്ച്വറികളിൽ റെക്കോഡ് കെട്ടിപ്പൊക്കിയ സചിൻ ടെണ്ടുൽക്കറെ ഏതെങ്കിലുമൊരു ഇന്ത്യൻ താരം മറികടക്കുന്നുണ്ടെങ്കിൽ അത് വിരാട് കോഹ് ലിയായിരിക്കുമെന്നായിരുന്നു രണ്ട് വർഷം മുമ്പുവരെ ക്രിക്കറ്റ് ലോകത്തെ സംസാരം. അങ്ങനെ ചിന്തിച്ചവരെ തെറ്റുപറയാൻ കഴിയില്ല. കാരണം, ചെറുപ്രായത്തിൽ തന്നെ കോഹ് ലി അടിച്ചെടുത്തത് 70 സെഞ്ച്വറിയാണ്.

ഒരു ശതകം കൂടി തികച്ചാൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ രണ്ടാമൻ എന്ന റിക്കി പോണ്ടിങ്ങിനൊപ്പമെത്തും. എന്നാൽ, കണ്ണേറ് കിട്ടി എന്ന് പറയുംപോലെ പെട്ടെന്നൊരു ദിനം നിന്നുപോയി കോഹ് ലിയുടെ സെഞ്ച്വറി വേട്ട. 2019 നവംബർ 23ന് ശേഷം കോഹ് ലി മൂന്നക്കം കണ്ടിട്ടില്ല. മൂന്ന് ഫോർമാറ്റിലും നിറംമങ്ങിയ കോഹ് ലിയുടെ മടങ്ങിവരവാണ് ഏഷ്യ കപ്പിൽ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ ഇന്നിങ്സിന്‍റെ നെടുന്തൂണായിരുന്നു കോഹ് ലി.

പാകിസ്താനെതിരായ സൂപ്പർ ഫോറിൽ മധ്യനിരയിൽ തുടർച്ചയായ വിക്കറ്റ് വീണപ്പോഴും ഒരറ്റം കാത്തത് മുൻ നായകനായിരുന്നു. ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വിരാടിന്‍റെ മടങ്ങിവരവ് ടീം ഇന്ത്യക്ക് ആശ്വാസമാണെങ്കിലും ബൗളിങ് നിര വലിയൊരു ചോദ്യചിഹ്നമാണെന്ന് ഏഷ്യകപ്പിലെ കഴിഞ്ഞ മത്സരങ്ങൾ വിരൽചൂണ്ടുന്നു. ഓരോ മത്സരം കഴിഞ്ഞപ്പോഴും ഇന്ത്യൻ ബൗളിങ്ങിന്‍റെ നില വഷളായി. 181 റൺസെടുത്തിട്ടും പാകിസ്താനെ എറിഞ്ഞിടാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ഈ ബൗളർമാരുമായി ലോകകപ്പിന് പോയാൽ എന്താകുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്നത്.

തല്ലുകൊള്ളി എന്ന് വിളിച്ച് ആവേശ് ഖാനെ കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. എന്നാൽ, പാകിസ്താനെതിരെ പേസ് ബൗളിങ് നിരയെ നിയന്ത്രിച്ച ഭുവനേശ്വർ കുമാർ നാല് ഓവറിൽ വാങ്ങിയത് 40 റൺസ്. 19ാം ഒാവറിലെ 19 റൺസാണ് ഇതിൽ ഏറ്റവും അപകടകാരി. പാകിസ്താന് മുന്നിൽ 38 റൺസിന് പുറത്തായ ഹോങ്കോങ് ഇന്ത്യക്കെതിരെ അടിച്ചുകൂട്ടിയത് 152 റൺസായിരുന്നു. എങ്കിലും, പാകിസ്താനെതിരായ ബാറ്റിങ് ആക്രമണ തന്ത്രം വിജയിച്ചത് ഇന്ത്യൻ ക്യാമ്പിന് ആശ്വാസമാണ്. ആദ്യം മുതൽ അടിച്ചുതകർക്കുക എന്ന ലക്ഷ്യമാണ് ഞായറാഴ്ച ഇന്ത്യയെ 181ൽ എത്തിച്ചത്. 

Tags:    
News Summary - Welcome back Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.