ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി നേടിയ രാജസ്ഥാൻ റോയൽസ് യുവതാരം യശസ്വി ജയ്സ്വാളിനെ പ്രശംസിച്ച് ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 13 പന്തിലാണ് താരം അർധ സെഞ്ച്വറി തികച്ചത്.
ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയുമാണിത്. മത്സരത്തിൽ യശസ്വി 47 പന്തിൽ 98 റൺസെടുത്ത് പുറത്താകാതെ നിന്നു. 13 ബൗണ്ടറിയും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ പ്രകടനം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോഹ്ലി താരത്തെ പ്രശംസിച്ചത്. ‘കൊള്ളാം, അടുത്തിടെ ഞാൻ കണ്ട ഏറ്റവും മികച്ച ബാറ്റിങ്ങുകളിലൊന്ന്. എന്തൊരു പ്രതിഭയാണ്, യശസ്വി ജയ്‌സ്വാൾ’ -കോഹ്ലി കുറിച്ചു.
‘ഇന്നൊരു സുഖമുള്ള അനുഭവമായിരുന്നു. ഞാൻ ആഗ്രഹിച്ചതെല്ലാം സംഭവിക്കുന്നത് പോലെയല്ല, ഞാൻ അതിനായി നന്നായി തയാറെടുക്കുന്നു, എന്നിൽ പൂർണമായി വിശ്വസിക്കുന്നു എന്നതാണ്. ഫലം കിട്ടുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ടീമിനെ വജയത്തിലെത്തിക്കുക എന്നത് വലിയ വികാരമായിരുന്നു, മത്സരം പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു, മത്സരം വിജയിക്കുക എന്നതു തന്നെയാണ് എന്റെ ലക്ഷ്യം’ -മത്സരശേഷം യശസ്വി പ്രതികരിച്ചു.
യശസ്വിയുടെയും നായകൻ സഞ്ജു സാംസണിന്‍റെയും ബാറ്റിങ് മികവിൽ ആതിഥേയർ നിശ്ചയിച്ച 150 റൺസ് ലക്ഷ്യത്തിലേക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ 13.1 ഓവറിൽത്തന്നെ എത്തി രാജസ്ഥാൻ. ജയത്തോടെ 12 പോയന്റുമായി ടീം മൂന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഇനിയുള്ള രണ്ടു മത്സരങ്ങളും ടീമിന് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.