ഇതാണ് ധോണി മാജിക്ക്: ‘തല’ കാരണം കരിയർ തിരിച്ചുപിടിച്ച നാല് സൂപ്പർ താരങ്ങൾ

ഇന്ത്യൻ ടീമിന് നിരവധി ഐ.സി.സി കിരീടങ്ങളും ചെന്നൈ സൂപ്പർ കിങ്സിന് അഞ്ച് ഐ.പി.എൽ കിരീടങ്ങളും നേടിക്കൊടുത്ത മഹേന്ദ്ര സിങ് ധോണി, ലോകത്തിലെ തന്നെ ഏറ്റവും മികച്ച നായകൻമാരിലൊരാളായാണ് അറിയപ്പെടുന്നത്. കളിക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ തനിക്കുള്ള സവിശേഷമായ കഴിവ്, നായകനായുള്ള 15 വർഷങ്ങൾ നീണ്ട കരിയറിൽ ധോണി പലതവണ തെളിയിച്ചിട്ടുണ്ട്.

മോശം പ്രകടനത്താൽ കരിയർ അവസാനിച്ചെന്ന് കരുതിയ പല താരങ്ങളുടെയും പ്രതിഭ തിരിച്ചറിഞ്ഞ് അവർക്ക് ശക്തമായ പിന്തുണയേകി ധോണി തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. അതുപോലെ യുവതാരങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം നേടിയെടുക്കാനും ധോണി മിടുക്കനാണ്. അത്തരത്തിൽ ധോണിയുടെ കീഴിൽ സൂപ്പർതാരങ്ങളായി വളർന്ന നാല് ഇന്ത്യൻ ക്രിക്കറ്റർമാരെ പരിചയപ്പെടാം.

അജിൻക്യ രഹാനെ

ഏറ്റവും പുതിയ ഉദാഹരണമായി രഹാനെയെ തന്നെ എടുക്കാം. ഇത്തവണത്തെ ഐ.പി.എല്ലിൽ രഹാനെയുടെ ബാറ്റിങ് കണ്ട് അന്തംവിട്ടവരാണ് നമ്മൾ. മുൻ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ രഹാനെയ്ക്ക് ഇന്ത്യയുടെ ഏകദിന ടീമിൽ സ്ഥാനം നഷ്ടമായിട്ട് കാലങ്ങളേറെയായി. എന്നാൽ, 2022 വരെ അദ്ദേഹം ടെസ്റ്റിലെ സ്ഥിര സാന്നിധ്യമായിരുന്നു. തുടർച്ചയായ മോശം പ്രകടനങ്ങൾ കാരണം ടെസ്റ്റ് ടീമിലും സ്ഥാനം നഷ്ടമായി.

ഐ.പി.എൽ ലേലത്തിലും ആരും പരിഗണിക്കാത്ത താരമായി രഹാനെ മാറി, സി.എസ്.കെ താരത്തെ ടീമിലെടുത്തതോടെ പലരും നെറ്റി ചുളിച്ചു. എന്നാൽ, അതിന് അദ്ദേഹം മറുപടി നൽകിയത് വെടിക്കെട്ട് ബാറ്റിങ്ങിലൂടെയായിരുന്നു. സിക്സും ഫോറും മാറി മാറി പറത്തി ഐ.പി.എല്ലിലെ 11 ഇന്നിങ്സുകളിൽ നിന്ന് 326 റൺസാണ് താരം നേടിയത്. 71* റൺസായിരുന്നു ഏറ്റവും ഉയർന്ന സ്കോർ. ഇനി ഇന്ത്യൻ ടീമിലേക്ക് രഹാനെയെ തിരിച്ചുവിളിച്ചാലും അത്ഭുതപ്പെടാനില്ല.

വിരാട് കോഹ്‍ലി (ടെസ്റ്റ്)

പലർക്കും ഇത് ആശ്ചര്യകരമായി തോന്നിയേക്കാം, വിരാട് കോഹ്‌ലിയുടെ വിജയകരമായ ടെസ്റ്റ് കരിയറിന് പിന്നിലും എംഎസ് ധോണിയുണ്ട്. 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനം കാരണം, ടെസ്റ്റ് ടീമിൽ നിന്ന് കോഹ്‌ലിയെ ഒഴിവാക്കാനുള്ള മുറവിളി ശക്തമായി. എന്നാൽ, ധോണി താരത്തെ കൈവിട്ട് കളയാൻ ഒരുക്കമായിരുന്നില്ല. നായകൻ തന്നിൽ അർപ്പിച്ച വിശ്വാസത്തിനുള്ള നന്ദിയെന്നോണം ആ വർഷാവസാനം ആസ്ത്രേലിയക്കെതിരായ പരമ്പരയിൽ കോഹ്‍ലി റൺമല തന്നെ തീർത്തു. തനിക്കെതിരെ തിരിഞ്ഞവരുടെ വായടപ്പിക്കുകയും ചെയ്തു. അതിന് ശേഷം കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ റെക്കോർഡുകൾ പലതാണ്.

ശിവം ധുബേ

യുവരാജ് സിങ്ങുമായി താരതമ്യം ചെയ്യപ്പെടുന്ന മുംബൈക്കാരനായ ഓൾറൗണ്ടറാണ് ശിവം ധുബേ. 2022 ഐപിഎൽ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് നാല് കോടിക്ക് ടീമിലെത്തിച്ചതോടെയാണ് ഈ യുവതാരത്തിന്റെ കരിയറിന് വലിയൊരു ഉത്തേജനം ലഭിച്ചത്. ​ കഴിഞ്ഞ രണ്ട് സീസണുകളിലുമായി ചെന്നൈക്ക് നിർണായകമായ നിരവധി പ്രകടനങ്ങളാണ് ധുബേ കാഴ്ചവെച്ചത്.

2022-ൽ 11 മത്സരങ്ങളിൽ നിന്ന് 156.22 സ്‌ട്രൈക്ക് റേറ്റിൽ 289 റൺസാണ് താരം നേടിയത്. 2023-ലായിരുന്നു യുവതാരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ പിറന്നത്. 14 ഇന്നിങ്സുകളിൽ നിന്ന് 159.92 സ്‌ട്രൈക്ക് റേറ്റിൽ 411 റൺസാണ് താരം നേടിയത്.

രോഹിത് ശർമ

അതെ, നിലവിലെ ഇന്ത്യൻ നായകനായ രോഹിത് ശർമയുടെ കരിയറിലും എംഎസ് ധോണി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യക്കായി ഏകദിനത്തിൽ ഓപൺ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ധോണിയാണ് തന്നെ രക്ഷിച്ചതെന്ന് അദ്ദേഹം പല അവസരങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ദേശീയ ടീമിൽ മിഡിൽ ഓർഡറിൽ കളിക്കാറുണ്ടായിരുന്ന താരം ശരാശരി പ്രകടനമായിരുന്നു നടത്തിയിരുന്നത്. എന്നാൽ, 2013 ചാമ്പ്യൻസ് ട്രോഫിയിൽ ധോണി രോഹിത്തിനോട് ഓപൺ ചെയ്യാൻ ആവശ്യപ്പെട്ടതോടെ മും​ബൈ ഇന്ത്യൻസ് നായകന്റെ ഏകദിന കരിയർ പച്ചപിടിച്ചു. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് അദ്ദേഹം.

Tags:    
News Summary - these are the four Players whose careers revived under MS Dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.