സൂര്യകുമാറിന് ആശ്വസിക്കാം; തുടർച്ചയായ നാല് മത്സരങ്ങളിൽ പൂജ്യനായി പാകിസ്താൻ താരം

ഷാർജ: ട്വന്റി20യിൽ പാകിസ്താൻ താരം അബ്ദുല്ല ഷഫീഖിന് നാണക്കേടിന്റെ റെക്കോഡ്. തുടർച്ചയായ നാല് മത്സരങ്ങളിൽ പൂജ്യനായി മടങ്ങുന്ന ആദ്യ താരമെന്ന ​‘റെ​ക്കോഡാ​’ണ് താരം സ്വന്തം പേരിലാക്കിയത്. 2020ൽ കളിച്ച രണ്ടു മത്സരങ്ങളിലും 2023ലെ മത്സരങ്ങളിലുമാണ് 23കാരൻ പൂജ്യത്തിന് പുറത്തായത്.

2020ൽ ന്യൂസിലൻഡിനെതിരെ ഓക്‌‍ലൻഡിൽ നടന്ന ട്വന്റി20യിൽ നേരിട്ട രണ്ടാം പന്തിൽ പുറത്തായ ഷഫീഖ് ഹാമിൽട്ടണിൽ നടന്ന രണ്ടാം മത്സരത്തിലും രണ്ടാം പന്തില്‍ പുറത്തായി. ശേഷം ഇപ്പോഴാണ് ട്വന്റി20യിൽ അവസരം ലഭിച്ചത്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരത്തിലും ‘ഡക്കാ’യി മടങ്ങാനായിരുന്നു വിധി. ആദ്യ മത്സരത്തിൽ അസ്മത്തുല്ല ഒമർസായിയുടെ പന്തിൽ എൽ.ബി.ഡബ്ലുവിൽ കുടുങ്ങിയതോടെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യനായി മടങ്ങുന്ന 28ാമത്തെ താരമായി ഷഫീഖ്.

എന്നാൽ, രണ്ടാം മത്സരത്തിൽ ഫസൽഹഖ് ഫാറൂഖിയുടെ പന്തിലും താരം വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ‘റെക്കോഡ്’ സ്വന്തം പേരിലാക്കുകയായിരുന്നു. ഈയിടെ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ‘ഗോൾഡൻ ഡക്കാ’യി ഇന്ത്യയുടെ സൂര്യകുമാർ യാദവ് നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ, പാക് താരം തുടർച്ചയായി പൂജ്യനായി മടങ്ങിയത് ട്വന്റി 20യിലാണെന്ന വ്യത്യാസമുണ്ട്.

2020 നവംബറിൽ സിംബാബ്‍വെക്കെതിരെയാണ് ഷഫീഖ് ട്വന്റി20യിൽ അരങ്ങേറിയത്. അന്ന് 41 റൺസുമായി പുറത്താകാതെ നിന്നു. ടെസ്റ്റിൽ 12 മത്സരങ്ങൾ കളിച്ച താരം മൂന്ന് സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും അടക്കം 992 റൺസ് നേടിയിട്ടുണ്ട്.

രണ്ടാം ട്വന്റി20യിൽ പാകിസ്താനെ ഏഴു വിക്കറ്റിന് തോൽപിച്ച് അഫ്ഗാനിസ്ഥാൻ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റിലെ ‘ടോപ് സിക്സ്’ ടീമുകളിലൊന്നിനെതിരെ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ പരമ്പര സ്വന്തമാക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തപ്പോൾ ഒരു പന്ത് ബാക്കിനിൽക്കെ അഫ്ഗാനിസ്ഥാൻ വിജയത്തിലെത്തുകയായിരുന്നു. 

Tags:    
News Summary - Suryakumar can relax; The Pakistan star has scored zero in four consecutive Twenty20s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.