ബിർമിങ്ഹാം: സ്റ്റാർ ബാറ്റർമാരായ വിരാട് കോഹ്ലിയും രോഹിത് ശർമയും സ്പിൻ ഓൾ റൗണ്ടർ ആർ. അശ്വിനും വിരമിച്ച ശേഷം ആദ്യ ടെസ്റ്റ് പരമ്പരയിൽ സൂപ്പർ പേസർ ജസ്പ്രീത് ബുംറയുമില്ലാത്ത ഇന്ത്യൻ ഇലവൻ ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ നേടിയിരിക്കുന്നത് പടുകൂറ്റൻ ജയം. നായകനെന്നനിലയിലെ പ്രഥമ പരമ്പര തോൽവിയോടെ തുടങ്ങിയ ശുഭ്മൻ ഗിൽ പക്ഷേ, രണ്ടാം മത്സരത്തിലെ ജയംകൊണ്ട് എല്ലാ കണക്കും തീർത്തു. അഞ്ചു മത്സര പരമ്പര 1-1ൽ പിടിച്ച ഇന്ത്യക്ക് വലിയ നേട്ടങ്ങളിലേക്ക് പ്രതീക്ഷ വെക്കാൻ കഴിയുന്നതാണ് എഡ്ജ്ബാസ്റ്റണിന്റെ ചരിത്രത്തിലെ ആദ്യവിജയം.
ബാറ്റ് കൊണ്ട് മുന്നിൽനിന്ന് നയിച്ച ഗിൽ രണ്ടാം മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിലായി നേടിയത് 430 റൺസാണ്. ഒന്നാം ഇന്നിങ്സിൽ 269ഉം രണ്ടാം ഇന്നിങ്സിൽ 161ഉം റൺസ് ഇരുപത്തഞ്ചുകാരന്റെ ബാറ്റിൽനിന്ന് പിറന്നു. ഇതിലെ 269 ഒരു ഇന്ത്യൻ നായകന്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ്. ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും ഗിൽ (147) സെഞ്ച്വറി നേടി. ക്യാപ്റ്റനായി ആദ്യ നാല് ഇന്നിങ്സുകളിൽ ആകെ 585 റൺസ്. കോഹ്ലി വിരമിച്ച ഒഴിവിൽ നാലാം നമ്പറിലേക്ക് മാറിയ ഗിൽ ആ വിശ്വാസം നൂറു ശതമാനം കാത്തു.
കളിക്കളത്തിൽനിന്ന് വിടവാങ്ങുമ്പോൾ കരിയറിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൊന്നായി എഡ്ജ്ബാസ്റ്റണിലെ വിജയം ഓർക്കാനുണ്ടാവുമെന്ന് ഗിൽ മത്സരശേഷം പറഞ്ഞു. ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് വീഴാനിടയായ ക്യാച്ചെടുക്കാൻ കഴിഞ്ഞതിലെ സന്തോഷവും നായകൻ പങ്കുവെച്ചു.
രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് ബാറ്റർമാരെ പിടിച്ചുകെട്ടിയതിന്റെ ക്രെഡിറ്റ് പേസർമാരായ മുഹമ്മദ് സിറാജിനും ആകാശ് ദീപിനും അവകാശപ്പെട്ടതാണ്. ഒന്നാം ഇന്നിങ്സിൽ 70 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്ത സിറാജ് രണ്ടാം ഇന്നിങ്സിൽ ഓപണർ സാക് ക്രോളിയെയും പറഞ്ഞുവിട്ടു. എട്ടാം ടെസ്റ്റ് കളിക്കുന്ന ആകാശ് രണ്ട് ഇന്നിങ്സിലുമായി വീഴ്ത്തിയത് 10 വിക്കറ്റാണ്. ഒന്നാം ഇന്നിങ്സിൽ നാലും രണ്ടാമത്തേതിൽ ആറും. ബുംറയുടെ അഭാവം ടീമിനെ ബാധിക്കാത്ത രീതിയിൽ ആകാശും സിറാജും ഉജ്ജ്വലമായി പന്തെറിഞ്ഞത് ജയത്തിൽ നിർണായകമായി.
നീണ്ട ഇടവേളക്കു ശേഷം ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയ മലയാളി ബാറ്റർ കരുൺ നായർക്ക് പക്ഷേ, ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്താനായില്ല. നാല് ഇന്നിങ്സിലുമായി ആകെ നേടിയത് 77 റൺസ്. ആഭ്യന്തര ക്രിക്കറ്റിലെ മികവാണ് കരുണിനെ ടീമിൽ തിരിച്ചെത്തിച്ചത്. ഇന്ത്യ എ ടീമിനുവേണ്ടി ഇരട്ടശതകം നേടി ഇംഗ്ലണ്ട് പര്യടനം തുടങ്ങിയ താരം പക്ഷേ, രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തി. ലോർഡ്സിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ കരുണിനെ ഇറക്കുമോയെന്ന് കണ്ടറിയണം. ഇനിയും പരാജയമായാൽ മുപ്പത്തിമൂന്നുകാരന്റെ അന്താരാഷ്ട്ര കരിയറിനും വിരാമമാവും. മറ്റു ബാറ്റർമരായ യശസ്വി ജയ്സ്വാളും കെ.എൽ രാഹുലും ഋഷഭ് പന്തും ഓൾ റൗണ്ടർ രവീന്ദ്ര ജദേജയും ഫോമിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.
ലോർഡ്സിൽ ബുംറ കളിക്കും
ബിർമിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ലോർഡ്സ് വേദിയാവുന്ന മൂന്നാം ടെസ്റ്റിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കും. രണ്ടാം ടെസ്റ്റിന് ശേഷം നായകൻ ശുഭ്മൻ ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോർഡ്സിൽ ബുംറ കളിക്കുമോയെന്ന ചോദ്യത്തിന് 'തീർച്ചയായും' എന്നായിരുന്നു ഗില്ലിന്റെ മറുപടി. ഒന്നാം ടെസ്റ്റിൽ ഇറങ്ങിയ പേസർക്ക് രണ്ടാമത്തേതിൽ വിശ്രമം നൽകുകയായിരുന്നു. ഫിറ്റ്നസ് കണക്കിലെടുത്ത് പരമ്പര
യിലെ മൂന്നു മത്സരങ്ങളിൽ മാത്രം ബുംറയെ ഇറക്കാനാണ് പദ്ധതി. മൂന്നാം ടെസ്റ്റ് ജൂലൈ 10ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.