മുംബൈ: മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സൂപ്പർതാരം രോഹിത് ശർമയുടെ പേരിലുള്ള ‘സ്റ്റാൻഡ്’ തുറക്കുന്ന ചടങ്ങ് വൈകാരിക രംഗങ്ങൾക്കാണ് സാക്ഷിയായത്. കുടുംബത്തിന് വലിയ പ്രധാന്യം കൊടുക്കുന്ന രോഹിത്, പിതാവ് ഗുരുനാഥ്, മാതാവ് പൂർണിമ, ഭാര്യ റിതിക എന്നിവർക്കൊപ്പമാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
തന്‍റെ പേരിലുള്ള സ്റ്റാൻഡ് അനാവരണം ചെയ്യാനായി രോഹിത് മാതാപിതാക്കളേയും ഭാര്യയേയും വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
മാതാപിതാക്കള്‍ ഒരുമിച്ച് ബസര്‍ അമര്‍ത്തിയാണ് സ്റ്റാന്‍ഡ് അനാവരണം ചെയ്തത്. ഈ സമയത്ത് ഇവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു, സന്തോഷത്താല്‍ റിതികയുടെ കണ്ണും നിറഞ്ഞു. രോഹിതിന്റെ പിതാവിന്‍റെ പിന്നിലേക്ക് നീങ്ങിനിന്ന് ആരും കാണാതെ കണ്ണ് തുടക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുംബൈ ഇന്ത്യൻസ് ടീം അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.
വാംഖഡെ സ്റ്റേഡിയത്തിലെ ദിവേച്ച പവലിയന്‍ ലെവല്‍ 3 ആണ് ഇനി രോഹിത് ശര്‍മയുടെ പേരിൽ അറിയപ്പെടുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എന്‍.സി.പി നേതാവ് ശരദ് പവാര്‍ തുടങ്ങി രാഷ്ട്ര പ്രമുഖരുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്. വാംഖഡെ സ്റ്റേഡിയത്തിൽ സ്വന്തം പേരിൽ ഒരു സ്റ്റാൻഡ് ഉള്ളത് വലിയ സന്തോഷം നൽകുന്നതായി രോഹിത് പറഞ്ഞു.
‘എന്റെ കുടുംബം, രക്ഷിതാക്കൾ, സഹോദരൻ, ഭാര്യ എന്നിവർ ഇവിടെ എത്തിയത് കൂടുതൽ സന്തോഷം നൽകുന്നു. അവർ എനിക്കുവേണ്ടി എന്ത് ത്യാഗം ചെയ്താലും ഞാൻ നന്ദിയുള്ളവനായിരിക്കും. ഈ സ്റ്റേഡിയത്തിൽ എന്റെ പേരിൽ ഒരു സ്റ്റാൻഡ് ഉണ്ടാകുന്നതിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷനോടുള്ള നന്ദി അറിയിക്കുന്നു’ -രോഹിത് ശർമ ചടങ്ങിൽ പറഞ്ഞു.
വാംഖഡെ സ്റ്റേഡിയം വളരെ സ്പെഷലാണ്. പ്രഫഷനൽ ക്രിക്കറ്റിൽ സ്വപ്നങ്ങൾ കണ്ടു തുടങ്ങുന്നത് ഇവിടെ വെച്ചാണ്. മുംബൈയിലെ ആരാധകരുടെ ഊർജം വലിയ അവേശമാണെന്നും താരം പ്രതികരിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽനിന്നു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ഇനി ഇന്ത്യക്കുവേണ്ടി ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.