ക്രോളി, ഡക്കറ്റ്, പോപ്പ്, ബ്രൂക്... ഒറ്റനാളിൽ നാലു സെഞ്ച്വറികളടിച്ച് പാക് മണ്ണിൽ ഇംഗ്ലീഷ് പടയോട്ടം

റാവൽപിണ്ടി: 17 വർഷത്തിനിടെ ക്രിക്കറ്റ് പരമ്പര കളിക്കാൻ ആദ്യമായി പാക് മണ്ണിലെത്തിയ ഇംഗ്ലീഷുകാർ ബാറ്റെടുത്ത് 'കൊലവിളി' നടത്തിയതിന്റെ ഞെട്ടൽ മാറാതെ ആതിഥേയർ. ഇംഗ്ലീഷ് ക്യാമ്പിനെ വലച്ച അസുഖംമൂലം രണ്ടര മണിക്കൂർ വൈകിയാരംഭിച്ച കളിയിലാണ് ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായത്. ഓപണർമാരായ സാക് ക്രോളി, ബെൻ ഡക്കറ്റ് എന്നിവരാണ് ആദ്യം ശതകം കടന്നത്. 86 പന്തിൽ 100 കടന്ന ക്രോളി 122 റൺസെടുത്തു. ആറു വർഷത്തിനിടെ ആദ്യ സെഞ്ച്വറി കുറിച്ച ഡക്കറ്റ് 107 റൺ​സുമായാണ് മടങ്ങിയത്. ഇരുവരും തിരിച്ചെത്തിയപ്പോൾ പിൻമുറക്കാരായി എത്തിയത് ഓലി പോപും ഹാരി ബ്രൂകും. 80 പന്തിൽ 100 തൊട്ട ബ്രൂക് ടെസ്റ്റിൽ ഇംഗ്ലീഷുകാരുടെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തമാക്കിയ ദിനത്തിൽ ഓലി പോപ് 108 റൺസും നേടി. 75 ഓവർ മാത്രം പന്തെറിഞ്ഞ ദിനത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 506 റൺസുമായാണ് ഇംഗ്ലീഷുകാർ കളി നിർത്തിയത്.

പാകിസ്താനിൽ പര്യടനത്തിനെത്തിയ ഇംഗ്ലീഷ് താരങ്ങളിൽ പലർക്കും പെട്ടെന്നുവന്ന അസുഖമാണ് കളി വൈകിച്ചത്. വിക്കറ്റ് കീപർ ബെൻ ഫോക്സ് കളിക്കാനെത്തിയതുമില്ല. എന്നാൽ, കളത്തിനുപുറത്തെ പ്രയാസങ്ങൾ ബാറ്റെടുക്കുംവരെയേ ഉള്ളൂവെന്ന പ്രഖ്യാപനവുമായാണ് ഇംഗ്ലീഷുകാർ കളി നയിച്ചത്. 13.5 ഓവറിൽ ടീം സ്കോർ 100ലെത്തിച്ച ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 174ലുമെത്തി. മറുവശത്ത്, ഇളമുറക്കാർക്ക് അവസരം നൽകിയാണ് ശക്തരായ എതിരാളികൾക്കെതിരെ പാകിസ്താൻ ടീം ഇറക്കിയത്. ഇത് അവസരമാക്കി സന്ദർശകർ വൻസ്കോർ അടിച്ചുകൂട്ടുകയായിരുന്നു.

Tags:    
News Summary - Pakistan v England: Crawley, Duckett, Pope and Brook make hundreds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.