മുംബൈയിൽ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി എംഎസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐ.പി.എൽ കിരീടം നേടിക്കൊടുത്തതിന് പിന്നാലെ ​നായകൻ മഹേന്ദ്ര സിങ് ധോണി പോയത് ആശുപത്രിയിലേക്കായിരുന്നു. കാല്‍മുട്ടിലെ പരിക്കുമായിട്ടായിരുന്നു ധോണി ഈ സീസണിലെ മത്സരങ്ങളെല്ലാം കളിച്ചത്. ബാറ്റിങ്ങിനിടെ റൺസെടുക്കാനോടുമ്പോൾ താരം ഏറെ ബുദ്ധിമുട്ടുന്നത് ദൃശ്യമായിരുന്നു.  പരിക്ക് കാരണം എട്ടാമനായിട്ടായിരുന്നു താരം ബാറ്റിങ്ങിനിറങ്ങിയിരുന്നത്.

​ഫൈനലിന് പിന്നാലെ സിഎസ്‌കെ നായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ധോണിയുടെ കാൽമുട്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. താക്കോൽദ്വാര ശസ്ത്രക്രിയ ആയിരുന്നു നടത്തിയത്.

ദിവസങ്ങൾക്കകം ധോണി ആശുപത്രി വിടുമെന്നും റിപ്പോർട്ടിൽ പറയുന്നു. സമാനമായ കേസിൽ മുമ്പ് റിഷഭ് പന്തിന് ശസ്ത്രക്രിയ നടത്തിയിരുന്ന സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഡോ. ദിൻഷോ പർദിവാലയാണ് ചെന്നൈ നായകനും രക്ഷകനായത്.

"ഓപ്പറേഷനുശേഷം ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ കാര്യങ്ങൾ എനിക്ക് വിശദീകരിക്കാൻ കഴിയില്ല, പക്ഷേ അതൊരു കീ-ഹോൾ സർജറിയാണെന്ന് ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ ഇപ്പോൾ തീർത്തും ആരോഗ്യവാനാണെന്നാണ് മനസിലാക്കിയത് ," -ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥനെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.

ധോണിയുടെ കാല്‍മുട്ട് ശസ്ത്രക്രിയയെ പറ്റി മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് വിശ്വനാഥന്‍ നേരത്തെ പറഞ്ഞിരുന്നു. അടുത്ത സീസണില്‍ ധോണി കളിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

Tags:    
News Summary - MS Dhoni undergoes knee surgery in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.