നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾക്കെല്ലാം ഒരു വേദി നൽകിയതിന് ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. മറ്റ് ടീമുകൾക്ക് മൂന്ന് ഗ്രൗണ്ടുകളിൽ കളിക്കേണ്ടി വരുമ്പോൾ ഇന്ത്യക്ക് ദുബൈ സ്റ്റേഡിയത്തിൽ മാത്രം കളിച്ചാൽ മതി. പാകിസ്താനിലേക്ക് ഇന്ത്യൻ ടീം സഞ്ചരിക്കാത്തത് മൂലമാണ് ഇത്. ആസ്ട്രേലിയൻ ടീമിന്‍റെ നായകൻ പാറ്റ് കമ്മിൻസ് അടക്കമുള്ളവർ ഇന്ത്യ ഒരു വേദിയിൽ മാത്രം കളിക്കുന്നത് ഗുണം ചെയ്യുന്നുണ്ടെന്ന് തുറന്നടിച്ചിരുന്നു. നിലവിൽ ഇന്ത്യക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ.
ഒരു ടീം മാത്രം ഒരു സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ഇതൊരു അസാധാരണ ടൂർണമെന്‍റ് ആകുന്നുണ്ടെന്നും എന്നാൽ അതിലേക്ക് ഇപ്പോൾ ശ്രദ്ധ നൽകുന്നില്ലെന്നും ഇംഗ്ലണ്ട് നായകൻ അറിയിച്ചു. 'ഇത് ഇപ്പോൾ തന്നെ ഒരു അസാധാരണ ടൂർണമെന്‍റാണ്, അല്ലേ? മത്സരങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ട് ഒരു ടീം മാത്രം വ്യത്യസ്ത സ്ഥലത്ത് കളിക്കുന്നത്, എന്നാൽ ഞാൻ ഇപ്പോൾ അതിലൊന്നും ചിന്തിക്കുന്നില്ല അതിൽ ശ്രദ്ധിക്കുന്നുമില്ല. അടുത്ത മത്സരത്തിലേക്കാണ് ഞങ്ങളുടെ ശ്രദ്ധ മുഴുവൻ,' അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ബട്ലർ പറഞ്ഞു.
മുൻ ഇംഗ്ലണ്ട് നായകൻമാരായ മൈക്ക് അതേർട്ടൺ, നാസർ ഹുസൈൻ എന്നിവരും ഇന്ത്യൻ ടീമിന് ലഭിക്കുന്ന അഡ്വാന്‍റേജിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇന്ത്യൻ ടീമിന്‍റെ എല്ലാ മത്സരങ്ങളും ദുബൈ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. മറ്റ് ടീമുകൾക്ക് പാകിസ്താനിലെ മൂന്ന് സ്റ്റേഡിയത്തിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. അവർക്ക് ഇന്ത്യക്കെതിരെ മത്സരം വരുകയാണെങ്കിൽ അത് ദുബൈയിലേക്ക് മാറ്റും. സെമി ഫൈനലിലും ഫൈനലിലും ഇന്ത്യൻ ടീം ദുബൈയിൽ തന്നെയാണ് കളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.