ബുംറയുടെ യോർക്കർ ആരെയെങ്കിലും ഓർമിപ്പിക്കുന്നുണ്ടോ? ആരാധകന് മുൻ പാക് പേസറുടെ കിടിലൻ മറുപടി

ഇംഗ്ലണ്ട് ബാറ്റർ ഒലീ പോപ്പിനെ ക്ലീൻ ബൗൾഡാക്കിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ അത്യുജ്വല ഇൻസ്വിങ് യോർക്കറിൽ അദ്ഭുതപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. താരത്തിന്‍റെ ആറു വിക്കറ്റ് പ്രകടനമാണ് രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന്‍റെ നട്ടെല്ലൊടിച്ചത്.

15.5 ഓവറിൽ 45 റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 150 വിക്കറ്റുകളെന്ന നാഴികക്കല്ലും താരം പിന്നിട്ടു. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമാണ്. അപ്രതീക്ഷിത യോർക്കറിൽ കുറ്റി തെറിച്ചതിന്‍റെ അവിശ്വസനീയതയും നിരാശയും ഇംഗ്ലീഷ് താരത്തിന്‍റെ മുഖത്ത് കാണമായിരുന്നു. ബുംറയുടെ ഗംഭീര യോർക്കറിനെ മുൻ പാകിസ്താൻ പേസർ വഖാർ യൂനിസ് വാനോളം പുകഴ്ത്തുന്നുണ്ട്. എക്സ് പ്ലാറ്റ്ഫോമിൽ ആരാധകന്‍റെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ബുംറയുടെ യോർക്കറുമായി ബന്ധപ്പെട്ട ചോദ്യത്തിന് രസകരമായ മറുപടിയും വഖാർ നൽകി.

പോപ്പിനെ ക്ലീൻ ബൗൾഡാക്കിയ ബുംറയുെട യോർക്കർ ആരെയെങ്കിലും ഓർമിപ്പിക്കുന്നുണ്ടോ എന്നായിരുന്നു ഹേമന്ത് എന്ന ആരാധകൻ ചോദിച്ചത്. ‘ആരെക്കുറിച്ചും ചിന്തിക്കാനാകുന്നില്ല. ബുംറയുടെ മാജിക്’ -എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 35ൽ കുറവ് മത്സരങ്ങൾ കളിച്ച് 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ബുംറ. എറിഞ്ഞ പന്തുകൾ നോക്കുമ്പോൾ, 6781 ബാളുകളിലാണ് താരം നേട്ടത്തിലെത്തിയത്. 7661 ബാളുകളിൽ 150 വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് രണ്ടാമത്.

മുഹമ്മദ് ഷമിയും (7755 ബാളുകളിൽ) കപിൽ ദേവുമാണ് (8378 ബാളുകളിൽ) യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ബുംറ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 34 ടെസ്റ്റുകളിൽ 64 ഇന്നിങ്സുകളിൽനിന്നായി താരത്തിന്‍റെ വിക്കറ്റ് നേട്ടം 152 ആയി.

Tags:    
News Summary - Jasprit Bumrah's Viral Yorker, Waqar Younis Priceless Response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.