ഐ.പി.എല്ലിനു പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ശുഭ്മൻ ഗിൽ നായകനായി നിയമിതനായ ശേഷം ആദ്യ പരമ്പരക്കൊരുങ്ങുന്ന ടീമിന്‍റെ ബൗളിങ് ഡിപാർട്ട്മെന്‍റിനെ നയിക്കുന്നത് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയാണ്. എന്നാൽ പരിക്കിന്‍റെ പിടിയിലുള്ള താരം പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിക്കില്ലെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ആസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കുമായി ‘ബിയോണ്ട്23’ എന്ന ക്രിക്കറ്റ് പോഡ്കാസ്റ്റിൽ നടത്തിയ പരാമർശം താരം വിരമിക്കുമെന്നതിന്‍റെ സൂചനയാണെന്ന് ആരാധകർക്കിടയിൽ ചർച്ചയുണ്ട്.
“ഇംഗ്ലണ്ടിൽ കളിക്കുകയെന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ അവിടെ കളിക്കാൻ എനിക്ക് ഏറെ ഇഷ്ടമാണ്. പന്തിൽ അപ്രതീക്ഷിത വ്യതിയാനം വരുന്ന പിച്ചുകളാണവിടെയുള്ളത്. കാലാവസ്ഥയും സ്വിങ്ങിങ് കണ്ടീഷനുമെല്ലാം ബൗളിങ്ങിനെ സ്വാധീനിക്കും. ക്രിക്കറ്റ് എനിക്ക് എപ്പോഴും ഫേവറിറ്റ് ഗെയിമാണ്. ആസ്ട്രേലിയയിൽ പോയപ്പോൾ നിരവധി പേർ എനിക്കരികിൽ വന്ന് ബൗളിങ് ആക്ഷൻ അനുകരിക്കാൻ നോക്കിയത് ഹൃദയഹാരിയായ അനുഭവമാണ്.
എന്നാൽ ഈ യാത്ര എല്ലായ്പോഴും ഇങ്ങനെ തുടരാനാകില്ല. അവസാനിപ്പിക്കുമ്പോഴേക്ക് എനിക്ക് എന്തെങ്കിലും തിരികെ നൽകണം. കാരണം എനിക്ക് ജീവിതത്തിൽ എന്തെങ്കിലും ആകാൻ കഴിഞ്ഞതും എന്തെങ്കിലും നേടാനായതും ക്രിക്കറ്റ് കാരണമാണ്. ദീർഘകാലം കളിക്കുകയെന്നത് ഏത് താരത്തിനും പ്രയാസമാണ്. അൽപകാലത്തിനു ശേഷം ശരീരം നിങ്ങൾക്ക് മുന്നറിയിപ്പു നൽകും. അതനുസരിച്ച് ശരീരത്തിനു വഴങ്ങുന്ന ഫോർമാറ്റ് തെരഞ്ഞെടുക്കേണ്ടിവരും. നിലവിൽ ഞാൻ ഓകെയാണ്. ഇന്ന പ്രായത്തിൽ നിർത്തണമെന്ന് നേരത്തെ തീരുമാനിക്കാൻ എനിക്ക് താൽപര്യമില്ല. എന്നാൽ മനസും ശരീരവും മുന്നറിയിപ്പ് നൽകുമ്പോൾ കളി നിർത്തേണ്ടിവരും” -ബുംറ പറഞ്ഞു.
2028ലെ ലൊസാഞ്ചലസ് ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹവും ബുംറ പ്രകടിപ്പിച്ചു. “ഒളിമ്പിക്സിൽ ക്രിക്കറ്റ് വരുന്നുവെന്ന് ഞാൻ കേട്ടിരുന്നു. അതിൽ പങ്കെടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ക്രിക്കറ്റിനെ ഒളിമ്പിക് ഇനമാക്കുന്നതു തന്നെ വലിയ കാര്യമാണ്. വളരെ ആവേശം നൽകുന്ന കാര്യമാണത്.” 1900നു ശേഷം ആദ്യമായാണ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ തീരുമാനമായത്.
അതേസമയം വെറ്ററൻ താരങ്ങളായ രോഹിത് ശർമക്കും വിരാട് കോഹ്‌ലിക്കും പിന്നാലെ ബുംറ കൂടി ടെസ്റ്റിൽനിന്ന് പടിയിറങ്ങിയാൽ അത് ടീമിന് വലിയ വെല്ലുവിളിയാകും. സീനിയർ താരങ്ങളായി ബുംറക്ക് പുറമെ കെ.എൽ. രാഹുലും രവീന്ദ്ര ജദേജയും മാത്രമാണ് ടെസ്റ്റ് സംഘത്തിൽ അവശേഷിക്കുന്നത്. ഇന്ത്യക്കായി ടെസ്റ്റിൽ 45 മത്സരങ്ങളിൽനിന്ന് 205 വിക്കറ്റുകളാണ് 31കാരനായ ബുംറ സ്വന്തമാക്കിയിട്ടുള്ളത്. 89 ഏകദിന, 70 ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.