ആൻഡേഴ്​സൺ 600 വിക്കറ്റ്​ ക്ലബിൽ; പാകിസ്​താനെതിരെ ഇംഗ്ലണ്ടിന്​ പരമ്പര

ലണ്ടൻ: ടെസ്​റ്റ്​ ക്രിക്കറ്റിൽ ആദ്യമായി 600 വിക്കറ്റ്​ തികക്കുന്ന പേസറായി ജെയിംസ്​ ആൻഡേഴ്​സൺ. സതാംപ്​റ്റണിൽ പാകിസ്​താനെതിരായ മൂന്നാം ടെസ്​റ്റിൽ നായകൻ അസ്​ഹർ അലിയെ പുറത്താക്കിയാണ് ഇംഗ്ലണ്ട്​ താരം സ്വപ്​നനേട്ടത്തിലെത്തിയത്​.

ആദ്യ ഇന്നിങ്​സിൽ അഞ്ചു വിക്കറ്റ്​ പിഴുത ആൻഡേഴ്​സൺ ഫോളോഓൺ വഴങ്ങിയ സന്ദർശകരുടെ ആബിദ്​ അലിയെയും അസ്​ഹറിനെയും കൂടി വീഴ്​ത്തിയാണ്​ മാന്ത്രിക സംഖ്യയിലെത്തിയത്​. മുത്തയ്യ മുരളീധരൻ (800), ഷെയ്​ൻ വോൺ (708), അനിൽ കുംബ്ലെ (619) എന്നീ വിഖ്യാത സ്​പിന്നർമാർ മാത്രമാണ്​ 600 വിക്കറ്റ്​ ക്ലബിലെ അംഗങ്ങൾ. 156ാം ടെസ്​റ്റിലാണ്​ ആൻഡേഴ്​സണിൻെറ 600ാം വിക്കറ്റ്​.

മൂന്നാം ടെസ്​റ്റ്​ സമനിലയിലായതോടെ പരമ്പര ഇംഗ്ലണ്ട്​ 1-0ത്തിന്​ സ്വന്തമാക്കി. ഇംഗ്ലണ്ടിൻെറ ആദ്യ ഇന്നിങ്​സ്​ സ്​കോറായ 583 പിന്തുടർന്ന പാകിസ്​താൻ 273 റൺസിന്​ പുറത്തായി ഫോളോ ഓൺ വഴങ്ങിയിരുന്നു.

പാകിസ്​താൻ രണ്ടാം ഇന്നിങ്​സിൽ നാലു വിക്കറ്റ്​ നഷ്​ടത്തിൽ 187 റൺസിലെത്തി നിൽക്കേയാണ്​ മത്സരം തുല്യതയിൽ അവസാനിപ്പിച്ചത്​. പതിറ്റാണ്ടിൻെറ ഇടവേളയിൽ ആദ്യമായാണ്​ ഇംഗ്ലണ്ട് പാകിസ്​താന്​ മേൽ പരമ്പര വിജയം നേടുന്നത്​. ഇരട്ട സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിൻെറ 22കാരൻ സാക്​ ക്രൗളിയാണ്​ മത്സരത്തിലെ താരം.

2003ൽ സിംബാബ്​വെക്കെതിരെ അരങ്ങേറിയ ജിമ്മി 2018ലാണ്​ ടെസ്​റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ്​ വീഴ്​ത്തിയ സീമർ ആയി മാറിയത്​. ഇന്ത്യയുടെ മുഹമ്മദ്​ ഷമിയുടെ വിക്കറ്റ്​ വീഴ്​ത്തിയാണ്​ ജിമ്മി ഓസീസ്​ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ (563) മറികടന്നത്​.

പരമ്പരയിലെ ആദ്യ ടെസ്​റ്റിൽ നിരാശാജനകമായ പ്രകടനം പുറത്തെടുത്ത ആൻഡേഴ്​സൺ പരമ്പരക്ക്​ ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ പാടെ തള്ളുന്നതാണ്​ മിന്നുന്ന പ്രകടനം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.