ഐ.പി.എൽ മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന്റെ ഉടമസ്ഥാവകാശം പുതിയ കമ്പനി ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. അഹ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘ടൊറന്റോ’ ടൈറ്റൻസിന്റെ 67 ശതമാനം ഓഹരികളും മുൻ ഉടമകളായ സി.വി.സി ക്യാപിറ്റൽ പാർട്ണേഴ്‌സിൽനിന്നും സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായിരുന്നപ്പോൾ 2022ൽ ടീം ചാമ്പ്യന്മാരാകുകയും 2023ൽ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. പുതിയ സീസണിന് മുന്നോടിയായാണ് ടൊറന്റോ ഗ്രൂപ്പിന്റെ ഈ നീക്കം.
മാർച്ച് 21ന് ആരംഭിക്കുന്ന പുതിയ സീസണിന് മുന്നോടിയായി ടൊറന്റോ ഗ്രൂപ്പിന് നിയന്ത്രണം ഏറ്റെടുക്കാൻ ഐ.പി.എൽ ഗവേണിങ് കൗൺസിലിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. നിലവിലെ ഉടമകളായ സി.വി.സി ക്യാപിറ്റൽസിന്റെ കാലയളവ് 2025 ഫെബ്രുവരിയിൽ അവസാനിക്കും. അതിന് ശേഷം അവർക്ക് ഓഹരികൾ വിൽക്കാൻ സ്വാതന്ത്ര്യമുണ്ട്. 2021ൽ ബി.സി.സി.ഐ രണ്ട് പുതിയ ടീമുകൾക്കായി അപേക്ഷ ക്ഷണിച്ചപ്പോൾ, ടൊറന്റോ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സി.വി.സി വിൽക്കുന്ന ഓഹരിയുടെ മൂല്യനിർണയം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനം 2021ൽ ടൈറ്റൻസിനെ ഏറ്റെടുക്കാൻ 5,625 കോടി രൂപ നിക്ഷേപിച്ചിരുന്നു.
നിലവിൽ ശുഭ്മൻ ഗിൽ ആണ് ടീമിന്റെ ക്യാപ്റ്റൻ. ഗില്ലിനെ കൂടാതെ, അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ, ഇംഗ്ലണ്ട് ഏകദിന ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ, ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാന കളിക്കാർ. ഏകദേശം 41,000 കോടി രൂപ മൂല്യമുണ്ട് ടോറന്റ് ഗ്രൂപ്പിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.