25.7 കോടി വിലയുള്ള സി.എസ്.കെ ബാറ്റർ! മൂന്നു വയസ്സുകാരന്‍റെ ബാറ്റിങ് പാടവം കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം

അണ്ടർ -19 ലോകകപ്പിൽ ഇന്ത്യയെ 79 റൺസിന് തോൽപിച്ചാണ് ആസ്ട്രേലിയ കൗമാര കിരീടം നേടിയത്. ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനു മുന്നിൽ മുട്ടുമടക്കിയ സീനിയർ താരങ്ങൾക്കു സമാനമായിരുന്നു ഇന്ത്യൻ കൗമാര പടയുടെയും തോൽവി.

ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ട് റൗണ്ടിലും അപരാജിത കുതിപ്പുമായാണ് ഇരു ലോകകപ്പുകളിലും ഇന്ത്യൻ ടീം കലാശപ്പോരിന് ടിക്കറ്റെടുത്തത്. എന്നാൽ, ഐ.സി.സി ടൂർണമെന്‍റുകളിലെ കിരീടപോരാട്ടത്തിൽ എതിരാളികളുടെ സമ്മർദത്തിനു മുന്നിൽ വീണുപോകുന്ന പതിവ് ഇന്ത്യൻ കൗമാര താരങ്ങളും തെറ്റിച്ചില്ല. ഇന്ത്യക്ക് മറ്റൊരു കിരീട നഷ്ടം കൂടി.

ആസ്ട്രേലിയയിൽനിന്നുള്ള ഒരു മൂന്നു വയസ്സുകാരന്‍റെ ബാറ്റിങ്ങിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കഴിഞ്ഞദിവസം പുറത്തുവന്ന വിഡിയോയിലുള്ള കുട്ടിയുടെ ബാറ്റിങ് പാടവം കണ്ട് അദ്ഭുതംകൂറി നിൽക്കുകയാണ് ക്രിക്കറ്റ് ലോകം. ഒരു പ്രഫഷനൽ സീനിയർ ക്രിക്കറ്ററുടെ ശൈലിയിലാണ് കുട്ടി ബാറ്റ് ചെയ്യുന്നത്.

ബാറ്റിങ്ങിനിടെ അനായാസമായി വൈവിധ്യമാർന്ന ഷോട്ടുകൾ കളിക്കുന്നുണ്ട്. നിരവധി തവണ പന്ത് സിക്സർ പറത്തുന്നുണ്ട്. തന്‍റെ ബാറ്റ് ഉയർത്തിയും മനോഹരമായ തൊപ്പി അഴിച്ച് കൈയിൽ പിടിച്ചും കുട്ടി അർധ സെഞ്ച്വറി ആഘോഷിക്കുന്ന രംഗവും മനോഹരമാണ്. നിമിഷങ്ങൾക്കകമാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിഡിയോക്കു താഴെ രസകരമായ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. ‘മിനി സ്റ്റീവ് സ്മിത്ത്’ എന്നാണ് ഒരാൾ അഭിപ്രായം പ്രകടിപ്പിച്ചത്. ‘25.7 കോടി വിലയുള്ള സി.എസ്.കെ (ചെന്നൈ സൂപ്പർ കിങ്സ്) റൈറ്റ് ഹാൻഡ് ബാറ്റർ’ എന്ന് മറ്റൊരാൾ കുറിച്ചു.

‘ആസ്‌ട്രേലിയ ഏറ്റവുമധികം കിരീടങ്ങൾ നേടുന്നതിന്‍റെ കാരണം... കുട്ടിക്കാലം മുതൽ പരിശീലനവും മാതാപിതാക്കളുടെ പിന്തുണയും’ -മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ‘ഹ്യൂഗോ.ഹീത്ത് ക്രിക്കറ്റ്’ എന്ന പേരിലുള്ള അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    
News Summary - Internet Reacts On Viral 3-Year-Old Australian Boy's Batting Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.