അണ്ടർ 19 വനിത ട്വന്റി20 ഏഷ്യകപ്പ് മത്സരത്തിനുശേഷം ഹസ്താനം ചെയ്യുന്ന ഇന്ത്യ-ശ്രീലങ്ക താരങ്ങൾ
സിംഗപ്പൂർ: കൗമാരക്കാർ മാറ്റുരച്ച കുട്ടിക്രിക്കറ്റിന്റെ വൻകരപ്പോരിൽ കിരീടത്തിലേക്ക് ഒരു ചുവട് അരികെ ഇന്ത്യ. വെള്ളിയാഴ്ച സൂപ്പർ ഫോറിലെ തങ്ങളുടെ അവസാന അങ്കത്തിൽ ആയുഷി ശുക്ലയുടെ തകർപ്പൻ ബൗളിങ്ങിന്റെ ബലത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിന് വീഴ്ത്തിയാണ് ടീം ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ നിക്കി പ്രസാദിന്റെ തീരുമാനം ശരിയെന്ന് തെളിയിച്ച് ആയുഷിയും കൂട്ടരും ചേർന്ന് ലങ്കൻ പെൺകുട്ടികളെ മൂന്നക്കം കടക്കാൻ വിടാതെ ഒതുക്കുകയായിരുന്നു. ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 98ൽ നിന്നപ്പോൾ നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യ ലക്ഷ്യം കണ്ടു. ഇടംകൈയൻ സ്പിന്നർ പരുണിക സിസോദിയ രണ്ട് വിക്കറ്റും വീഴ്ത്തി. ലങ്കൻ ബാറ്റിങ്ങിൽ സുമുദു നിസാൻസാല (21), ക്യാപ്റ്റൻ മാനുദി നനയക്കര (33) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ഇരുവരും ചേർന്നുള്ള അഞ്ചാം വിക്കറ്റിൽ പിറന്ന 22 റൺസായിരുന്നു ഏറ്റവും വലിയ കൂട്ടുകെട്ട്.
ചെറിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കു മുന്നിൽ അതേ വീര്യത്തോടെ പന്തെറിഞ്ഞ് ശ്രീലങ്കയും കരുത്തുകാട്ടി. ചാമഡി പ്രബോദ 16 റൺസ് നൽകി മൂന്നുപേരെ മടക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും വനിത പ്രീമിയർ ലീഗ് ലേലത്തിൽ വൻതുക അടിച്ചെടുത്ത ഓപണർ ജി. കമാലിനി 28 റൺസോടെയും ഗോംഗാഡി തൃഷ 32 റണ്ണുമായും പിടിച്ചുനിന്നതോടെ ഇന്ത്യൻ വിജയം എളുപ്പമായി. ഇരുവരും ചേർന്ന കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും ഏഴാം നമ്പറിൽ എത്തിയ മിഥില വിനോദ് പുറത്താകാതെ 17 റൺസ് നേടി വിജയവും ഫൈനൽ പ്രവേശവും ഉറപ്പാക്കി.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റ് വിജയം കുറിച്ചിരുന്നു. പിറകെ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.