ദുബൈ: ബുധനാഴ്ച കരുത്തരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ന്യൂസിലൻഡ്, 25 വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ചാമ്പ്യൻസ് ട്രോഫി ഫൈനൽ ഇന്ത്യയുടെ എതിരാളികളായിരിക്കുകയാണ്. വൈറ്റ്-ബാൾ ക്രിക്കറ്റിലെ മേജർ ടൂർണമെന്‍റിന്‍റെ ഫൈനലിൽ 2000നു ശേഷം ഇതാദ്യമായാണ് ഇന്ത്യ കിവീസിനെ നേരിടുന്നത്. ഐ.സി.സി ടൂർണമെന്‍റുകളിൽ രണ്ട് തവണയാണ് ഇന്ത്യ -ന്യൂസിലൻഡ് കലാശ പോരാട്ടം നടന്നത്. രണ്ട് തവണയും ജയം കിവീസിനൊപ്പമായിരുന്നു.
സെമി ഫൈനലിൽ ആസ്ട്രേലിയയെ തകർത്ത് എത്തുന്ന ടീം ഇന്ത്യ, ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ന്യൂസിലൻഡാകട്ടെ, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യയോട് തോറ്റിരുന്നു. ഫൈനലിൽ കൂടി ജയം പിടിച്ച് 2000ലെ തോൽവിക്ക് കണക്കുതീർക്കുകയെന്ന ലക്ഷ്യവുമായാകും ഞായറാഴ്ച കലാശപ്പോരിന് ഹിറ്റ്മാനും സംഘവും ഇറങ്ങുക.
2000ൽ നെയ്റോബിയിൽ നടന്ന ഐ.സി.സി നോക്ക്ഔട്ട് ട്രോഫി ഫൈനലിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഇന്ത്യ നാല് വിക്കറ്റിനാണ് തോൽവി വഴങ്ങിയത്. ഗാംഗുലി സെഞ്ച്വറിയും സചിൻ തെണ്ടുൽക്കർ അർധ സെഞ്ച്വറിയും നേടിയ മത്സരത്തിൽ ദ്രാവിഡും കാംബ്ലിയും യുവരാജും അടങ്ങിയ മധ്യനിര പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യയുയർത്തിയ 265 റൺസ് വിജയലക്ഷ്യം ക്രിസ് കെയ്നിന്‍റെ സെഞ്ച്വറി മികവിലാണ് സ്റ്റീഫൻ ഫ്ളെമിങ്ങിന്‍റെ നേതൃത്വത്തിലിറങ്ങിയ കിവീസ് മറികടന്നത്.
2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും ഇന്ത്യ -ന്യൂസിലൻഡ് പോരാട്ടമായിരുന്നു. മഴമൂലം ആറാം ദിവസത്തിലേക്ക് നീണ്ട മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. 2015ലും 2019ലും ഏകദിന ലോകകപ്പിന്‍റെ ഫൈനലിൽ കിവീസ് കളിമറന്നു. ഇത്തവണ ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ് മത്സരത്തിൽ 44 റൺസിനാണ് ന്യൂസിലൻഡിനെ ഇന്ത്യ തോൽപിച്ചത്. ശ്രേയസ് അയ്യരുടെ അർധ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ 249 റൺസ് നേടിയപ്പോൾ, കിവീസിന്‍റെ മറുപടി 205 റൺസിൽ അവസാനിച്ചു.
സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ വമ്പൻ സ്കോറാണ് ന്യൂസിലൻഡ് ബാറ്റർമാർ അടിച്ചുകൂട്ടിയത്. രചിൻ രവീന്ദ്രയും കെയ്ൻ വില്യംസണും സെഞ്ച്വറികൾ നേടിയപ്പോൾ, കിവീസ് 50 ഓവറിൽ 362 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഡേവിഡ് മില്ലർ സെഞ്ച്വറി നേടിയെങ്കിലും പ്രോട്ടീസിന്‍റെ ഇന്നിങ്സ് 312ൽ അവസാനിക്കുകയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്ത് തെളിയിച്ചാണ് കലാശ പോരിന് കിവീസെത്തുന്നത്. ഫീൽഡിങ്ങിലെ മികവും ഇന്ത്യക്ക് അൽപം മുകളിലാണെന്ന് പറയാതെ വയ്യ. എന്നാൽ ഇതിനോടകം ഇന്ത്യക്ക് പരിചിതമായ ദുബൈയിലെ പിച്ചിൽ ഭാഗ്യം തുണച്ചാൽ മാത്രമേ ന്യൂസിലൻഡിന് മുന്നേറാനാകൂ.
സെമിയിൽ ഓസീസിനെ നേരിട്ട ഇന്ത്യൻ സംഘം, തങ്ങളുടെ ബാറ്റിങ് നിര കരുത്തുറ്റതാണെന്ന് വ്യക്തമാക്കിയാണ് ജയം പിടിച്ചെടുത്തത്. രോഹിത് -ഗിൽ ഓപണിങ് സഖ്യം സ്ഫോടനാത്മക ബാറ്റിങ്ങുമായി ഇന്നിങ്സിന് തുടക്കമിടുമ്പോൾ, വിരാട് കോഹ്ലിയും ശ്രേയസ് അയ്യരുമുൾപ്പെടുന്ന ടോപ് ഓർഡർ റൺമല കെട്ടിപ്പടുക്കാൻ ശേഷിയുള്ള ബാറ്റർമാരാണ്. മധ്യനിരയിൽ കെ.എൽ. രാഹുൽ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് സാഹചര്യമനുസരിച്ച് കളിക്കാനാകുന്നതും ഇന്ത്യയുടെ പ്രതീക്ഷകളുയർത്തുന്നു. കഴിഞ്ഞ മത്സരത്തിൽ ബാറ്റർമാർ അവസരത്തിനൊത്ത് ഉയർന്നത് ഇന്ത്യക്ക് ഒരു വ്യാഴവട്ടത്തിനിപ്പുറം ചാമ്പ്യൻ കപ്പ് തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷക്ക് ബലം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.