'എങ്ങോട്ട് പോകാൻ, തൽക്കാലം ഒരിടത്തും പോകുന്നില്ല, ഇവിടെ തന്നെ കാണും'; കിരീടത്തിൽ മുത്തമിട്ട ശേഷം രോഹിതിന്റെ ക്ലാസ് മറുപടി

ദുബൈ: പ്രാ​യം 37ലെ​ത്തി​യി​ട്ടും ബാ​റ്റി​ലെ അ​ഗ്നി​യ​ട​ങ്ങാ​തെ ത​ക​ർ​ത്തു​ക​ളി​ച്ച് മറ്റൊരു കിരീടം കൂടി ഇന്ത്യൻ ഷോക്കേസിലെത്തിച്ച നായകൻ ഒരുകാര്യം വെട്ടിത്തുറന്ന് പറഞ്ഞു.

'ഒരു കാര്യം ആദ്യമേ തന്നെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ തൽക്കാലം ഒരിടത്തും പോകുന്നില്ല. ഈ ഫോർമാറ്റിൽനിന്ന് വിരമിക്കുന്നുമില്ല'. ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ താരം വിരമിക്കുമെന്ന് ഊഹാപോഹങ്ങൾക്കാണ് അതോടെ അവസാനമായത്.

ഭാവിയിലേക്ക് തൽക്കാലം പദ്ധതികളൊന്നുമില്ലെന്നും, ഭാവി കാര്യങ്ങൾ ഭാവിയിൽ നടക്കുമെന്നും വാർത്തസമ്മേളനത്തിൽ രോഹിത് കൂട്ടിച്ചേർത്തു. 

കലാശപ്പോരിൽ ന്യൂസിലാൻഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്. സ്പി​ന്നി​നെ തു​ണ​ക്കു​ന്ന, റ​ണ്ണൊ​ഴു​കാ​ൻ മ​ടി​ച്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പി​ച്ചി​ൽ അ​ർ​ധ സെ​ഞ്ച്വ​റി​യും പി​ന്നി​ട്ട് ആ​വേ​ശം ആ​കാ​ശ​ത്തോ​ള​മെ​ത്തി​ച്ച നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ 76 റ​​ൺ​സെ​ടു​ത്ത് മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച​പ്പോ​ൾ ആ​റു പ​ന്ത് ശേ​ഷി​ക്കെ നാ​ലു വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ വി​ജ​യം. 12 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ടീം ​ഇ​ന്ത്യ ഒ​രി​ക്ക​ൽക്കൂടെ ഇ​തേ കി​രീ​ടം മാ​റോ​ടു ചേ​ർ​ക്കു​ന്ന​ത്. സ്കോ​ർ ന്യൂസി​ല​ൻ​ഡ് 251/7, ഇ​ന്ത്യ 254/6.

ഒ​റ്റ ക​ളി​യും തോ​ൽ​ക്കാ​തെ​യാ​ണ് ദു​ബൈ​യി​ലും പാ​കി​സ്താ​നി​ലു​മാ​യി ന​ട​ന്ന ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ കി​രീ​ടം തൊ​ടു​ന്ന​ത്. 2002ലും 2013​ലു​മാ​യി​രു​ന്നു മു​മ്പ് ഇ​ന്ത്യ​യു​ടെ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ട നേ​ട്ടം. മ​റ്റൊ​രു ടീ​മും മൂ​ന്നു​വ​ട്ടം നേ​ടി​യി​ല്ലെ​ന്ന​തും ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ന് മാ​റ്റ് കൂ​ട്ടു​ന്നു. രോ​ഹി​ത് ശ​ർ​മ​യാ​ണ് ഫൈ​ന​ലി​ലെ താ​രം.

19ാം ഓ​വ​റി​ൽ ഗി​ല്ലാ​ണ് ഇന്ത്യൻ നിരയിൽ ആ​ദ്യം പുറത്താ​യ​ത്. 50 പ​ന്ത് നേ​രി​ട്ട് 31 റ​ൺ​സാ​യി​രു​ന്നു സ​മ്പാ​ദ്യം. പി​റ​കെ​യെ​ത്തി​യ വി​രാ​ട് കോ​ഹ്‍ലി ര​ണ്ടു പ​ന്ത് മാ​ത്രം നേ​രി​ട്ട് ഒ​റ്റ റ​ണ്ണു​മാ​യി കൂ​ടാ​രം ക​യ​റി. അ​വി​ടെ​യും നി​ർ​ത്താ​തെ സ്പി​ന്ന​ർ​മാ​ർ ക​ളം നി​റ​ഞ്ഞ​തോ​ടെ ക്യാ​പ്റ്റ​ൻ രോ​ഹി​തി​നും മ​ട​ക്കം. ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യി പ​ന്തെ​റി​ഞ്ഞ ര​ചി​ൻ ര​വീ​ന്ദ്ര​യെ ക​യ​റി​യ​ടി​ക്കാ​ൻ ശ്ര​മി​ച്ചാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ വി​ക്ക​റ്റ് ക​ള​ഞ്ഞു​കു​ളി​ച്ച​ത്. 83 പ​ന്തി​ൽ ഏ​ഴു ഫോ​റും മൂ​ന്നു സി​ക്സ​റു​മ​ട​ക്കം 76 റ​ൺ ആ​യി​രു​ന്നു സ​മ്പാ​ദ്യം. ര​വീ​ന്ദ്ര​ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. ഗി​ല്ലി​നെ സാ​ന്റ്ന​റും കോ​ഹ്‍ലി​യെ ബ്രേ​സ്വെ​ല്ലും മ​ട​ക്കി. 17 റ​ൺ​സ് നേ​ടു​ന്ന​തി​നി​ടെ മൂ​ന്ന് വി​ക്ക​റ്റ് വീ​ണ് ബാ​ക്ഫൂ​ട്ടി​ലാ​യ ഇ​ന്ത്യ​ൻ ബാ​റ്റി​ങ് താ​ളം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ചു. ഒ​രു ഘ​ട്ട​ത്തി​ൽ എ​ളു​പ്പം ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്ന് തോ​ന്നി​ച്ച ക​ളി ഒ​ടു​ക്കം ഒ​പ്പം പി​ടി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന കാ​ഴ്ച​യാ​യി. ഏ​ഴു ബൗ​ള​ർ​മാ​രെ​യാ​ണ് കി​വീ​സ് മാ​റി​മാ​റി പ​രീ​ക്ഷി​ച്ച​ത്.

അ​ഞ്ചാ​മ​നാ​യി ഇ​റ​ങ്ങി​യ അ​ക്ഷ​ർ പ​ട്ടേ​ലി​നെ കൂ​ട്ടി ശ്രേ​യ​സ് അ​യ്യ​ർ ക​ളി തി​രി​ച്ചു​പി​ടി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ സ്കോ​ർ ബോ​ർ​ഡ് വീ​ണ്ടും ക​രു​ത്തോ​ടെ ച​ലി​ച്ചു​തു​ട​ങ്ങി. മോ​ശം പ​ന്തു​ക​ൾ തി​ര​ഞ്ഞു​പി​ടി​ച്ച് പ്ര​ഹ​രി​ച്ച അ​ക്ഷ​റും ശ്രേ​യ​സും ചേ​ർ​ന്ന് സ്കോ​ർ 200 ക​ട​ത്തി. 203ൽ ​നി​ൽ​ക്കെ ബ്രേ​സ്വെ​ലി​ന്റെ പ​ന്തി​ൽ റൂ​ർ​കി​ന് ക്യാ​ച്ച് ന​ൽ​കി അ​ക്ഷ​റും (29) പി​റ​കെ അ​ർ​ധ സെ​ഞ്ച്വ​റി​ക്ക​രി​കെ സാ​ന്റ്ന​റു​ടെ പ​ന്തി​ൽ ര​വീ​ന്ദ്ര​യു​ടെ കൈ​ക​ളി​ലെ​ത്തി ശ്രേ​യ​സും (48) തി​രി​ച്ചു​ക​യ​റി​യെ​ങ്കി​ലും ഇ​ന്ത്യ സു​ര​ക്ഷി​ത​മാ​യി​രു​ന്നു. വി​ജ​യ​ത്തി​ലേ​ക്ക് ഏ​റെ ദൂ​ര​മി​ല്ലെ​ന്നാ​യ​തി​നാ​ൽ ക​രു​തി ക​ളി​ച്ച രാ​ഹു​ലും (34 നോ​ട്ടൗ​ട്ട്) ജഡേജയും (ഒമ്പത് നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന് ടീ​മി​നെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു.

ടോ​സ് ന​ഷ്ട​മാ​യി ഫീ​ൽ​ഡി​ങ് ല​ഭി​ച്ച ഇ​ന്ത്യ​ക്ക് തു​ട​ക്കം മു​ത​ൽ മേ​ൽ​ക്കോ​യ്മ ഉ​റ​പ്പാ​ക്കി സ്പി​ന്ന​ർ​മാ​രു​ടെ വാ​ഴ്ച​യാ​യി​രു​ന്നു മൈ​താ​ന​ത്ത്. ആ​ദ്യ 10 ഓ​വ​റി​ൽ വി​ൽ യ​ങ്ങി​ന്റെ​യൊ​ഴി​കെ കാ​ര്യ​മാ​യ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ 69 റ​ൺ​സ് സ്കോ​ർ ബോ​ർ​ഡി​ൽ ചേ​ർ​ത്ത ന്യൂ​സി​ല​ൻ​ഡി​ന് പി​ന്നീ​ട​ങ്ങോ​ട്ട് കാ​റ്റു​വീ​ഴ്ച​യാ​യി​രു​ന്നു. ആ​റാം ഓ​വ​റി​ൽ വ​രു​ൺ ച​ക്ര​വ​ർ​ത്തി​യാ​ണ് വി​ൽ യ​ങ്ങി​നെ മ​ട​ക്കി​യ​ത്. എ​ന്നാ​ൽ, 11ാം ഓ​വ​റി​ൽ കു​ൽ​ദീ​പ് എ​ത്തി​യ​തോ​ടെ ക​ളി മാ​റി. ആ​ദ്യ പ​ന്തി​ൽ ത​ന്നെ ര​ചി​ൻ ര​വീ​ന്ദ്ര​ക്ക് മ​ട​ക്ക ടി​ക്ക​റ്റ് ല​ഭി​ച്ചു. ദി​ശ​മാ​റി​യെ​ത്തി​യ ഗൂ​ഗ്ളി പ്ര​തി​രോ​ധി​ക്കാ​നാ​കാ​തെ 37 റ​ൺ​സെ​ടു​ത്ത് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ തി​രി​ച്ചു​ക​യ​റി​യ​തോ​ടെ കെ​യി​ൻ വി​ല്യം​സ​ണൊ​പ്പം ചേ​ർ​ന്നു​ള്ള 57 റ​ൺ കൂ​ട്ടു​കെ​ട്ടും അ​വ​സാ​നി​ച്ചു. കു​ൽ​ദീ​പി​ന്റെ അ​ടു​ത്ത ഓ​വ​റി​ൽ റി​ട്ടേ​ൺ ക്യാ​ച്ച് ന​ൽ​കി വി​ല്യം​സ​ണും തി​രി​കെ​യെ​ത്തി. 11 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്റെ സ​മ്പാ​ദ്യം. അ​തോ​ടെ 12.2 ഓ​വ​റി​ൽ ന്യൂ​സി​ല​ൻ​ഡ് സ്കോ​ർ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 75 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി. വേ​ഗ​വും സ്പി​ന്നും സ​മം ചേ​ർ​ത്ത് വ​രു​ൺ എ​റി​ഞ്ഞ പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ പ​ല​പ്പോ​ഴും കി​വി ബാ​റ്റി​ങ് പ​ത​റി. അ​ക്ഷ​ർ പ​ട്ടേ​ലും ര​വീ​ന്ദ്ര ജ​ഡേ​ജ​യും കൂ​ടി എ​ത്തി​യ​തോ​ടെ അ​ത് ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​യി.

സ്പി​ന്ന​ർ​മാ​ർ ക​ളം നി​റ​ഞ്ഞ​പ്പോ​ൾ ബാ​റ്റ​ർ​മാ​ർ കാ​ഴ്ച​ക്കാ​രാ​കു​ന്ന​തും ക​ണ്ടു. സ്പി​ന്ന​ർ​മാ​ർ എ​റി​ഞ്ഞ 38 ഓ​വ​റി​ൽ ആ​കെ പി​റ​ന്ന​ത് 144 റ​ൺ​സാ​ണ്. വി​ക്ക​റ്റ് വീ​ഴ്ച​യും റ​ൺ ന​ഷ്ട​വു​മാ​യി പ്ര​തീ​ക്ഷ​യി​ല്ലാ​തെ ഉ​ഴ​റി​യ കി​വി ബാ​റ്റി​ങ്ങി​നെ സ്​​​ളോ​ഗ് ഓ​വ​റു​ക​ളി​ൽ കാ​ത്ത​ത് ഡാ​രി​ൽ മി​ച്ച​ലും (101 പ​ന്തി​ൽ 63 റ​ൺ​സ്) മൈ​ക്ക​ൽ ബ്രേ​സ്വെ​ല്ലും (40 പ​ന്തി​ൽ 53 നോ​ട്ടൗ​ട്ട്) ആ​ണ്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മു​ഹ​മ്മ​ദ് ഷ​മി​യും ഹാ​ർ​ദി​കും റ​ൺ വി​ട്ടു​ന​ൽ​കി​യ​ത് ന്യൂ​സി​ല​ൻ​ഡി​ന് അ​നു​ഗ്ര​ഹ​മാ​യി. ഒ​മ്പ​ത് ഓ​വ​ർ എ​റി​ഞ്ഞ ഷ​മി 74 റ​ൺ​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ ഹാ​ർ​ദി​ക് മൂ​ന്ന് ഓ​വ​റി​ൽ 30 റ​ൺ​സാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്. അ​വ​സാ​ന ഓ​വ​റി​ൽ പി​റ​ന്ന വി​ല​പ്പെ​ട്ട 12 റ​ൺ​സാ​ണ് ന്യൂ​സി​ല​ൻ​ഡി​ന് മാ​ന്യ​മാ​യ ടോ​ട്ട​ൽ സ​മ്മാ​നി​ച്ച​ത്.

Tags:    
News Summary - 'I am not going to retire': Rohit Sharma after India win Champions Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.