ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ സെമി ഉറപ്പിച്ചോ? സാധ്യതകൾ ഇങ്ങനെ...

ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ തുടർച്ചയായ രണ്ടാം മത്സരവും ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും. ബദ്ധവൈരികളായ പാകിസ്താനെ ആറുവിക്കറ്റിനാണ് ഇന്ത്യ തകർത്തത്. സൂപ്പർതാരം വിരാട് കോഹ്ലിയുടെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യൻ വിജയത്തിന്‍റെ നട്ടെല്ല്.

ടൂർണമെന്‍റിൽ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരവും ഇന്ത്യ ജയിച്ചിരുന്നു. ഗ്രൂപ്പ് റൗണ്ടിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഒരു മത്സരം ബാക്കിയുണ്ട്. നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടു മത്സരങ്ങളിൽനിന്ന് നാലു പോയന്‍റുമായി ഇന്ത്യ സെമിയുടെ പടിവാതിൽക്കൽ നിൽക്കുകയാണ്. രണ്ടു മത്സരങ്ങളും തോറ്റ ആതിഥേയരായ പാകിസ്താന്‍റെ സെമി സാധ്യത മങ്ങിയിട്ടുണ്ട്. ഗ്രൂപ്പിൽ ഒരു മത്സരം മാത്രം കളിച്ച ന്യൂസിലൻഡിനും ബംഗ്ലാദേശിനും സെമി സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഗ്രൂപ്പിലെ സെമി ടീമുകളുടെ ചിത്രം വ്യക്തമാകണമെങ്കിൽ ബാക്കിയുള്ള മത്സരങ്ങളുടെ ഫലങ്ങൾക്കായി കാത്തിരിക്കണം.

ന്യൂസിലൻഡിനെതിരായ മത്സരം കളിക്കുന്നതിനു മുമ്പേ ഇന്ത്യക്ക് സെമി ബെർത്ത് ഉറപ്പിക്കാനാകും. അതിന് തിങ്കളാഴ്ച റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തണം. എന്നാൽ, ഗ്രൂപ്പിൽനിന്ന് ഇന്ത്യക്കു പുറമെ, ന്യൂസിലൻഡും സെമിയിലെത്തും. പാകിസ്താനു പുറമെ, ബംഗ്ലാദേശും നോക്കൗട്ട് കാണാതെ പുറത്താകും. ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിലെ വിജയികൾ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. ബംഗ്ലാദേശ് ന്യൂസിലൻഡിനെ തോൽപിക്കുകയും പാകിസ്താൻ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ചെയ്താലും ഇന്ത്യക്ക് സെമിയിലെത്താനാകും.

അതേസമയം, ബംഗ്ലാദേശ് ന്യൂസിലൻഡിനെ തോൽപിക്കുകയും ഇന്ത്യ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെടുകയും ബംഗ്ലാദേശ് പാകിസ്താനെ തോൽപിക്കുകയും ചെയ്താൽ കാര്യങ്ങൾ സങ്കീർണമാകും. ഗ്രൂപ്പിൽ ഇന്ത്യക്കും ന്യൂസിലൻഡിനും ബംഗ്ലാദേശിനും രണ്ടു വീതം പോയന്‍റാകും. അങ്ങനെയെങ്കിൽ നെറ്റ് റൺ റേറ്റ് നിർണായകമാകും. ഇന്ത്യ സെമിയിലെത്തിയാൽ മാർച്ച് നാലിന് ദുബൈയിലാകും മത്സരം. ഗ്രൂപ്പ് ജേതാക്കളായാണ് എത്തുന്നതെങ്കിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായാണ് ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.

നിലവിൽ ഓരോ മത്സരം വീതം ജയിച്ച് ദക്ഷിണാഫ്രിക്കയും ഓസീസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോൽപിച്ചത്. പാകിസ്താന്‍റെ 241 റൺസ് പിന്തുടർന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 45 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ആതിഥേയരായ പാകിസ്താന്‍റെ സെമി പ്രതീക്ഷകൾക്ക് തോൽവി തിരിച്ചടിയായി. സ്കോർ: പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 42.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 244.

111 പന്തിൽ ഏഴു ഫോറടക്കം കോഹ്ലി 100 റൺസെടുത്തു. താരത്തിന്‍റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണിത്. മത്സരത്തിൽ കോഹ്ലി മറ്റൊരു അപൂർവ നാഴികക്കല്ല് കൂടി പിന്നിട്ടു. ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് താരം മറികടന്നത്. 15 റൺസ് നേടിയതോടെയാണ് താരം ചരിത്ര നേട്ടത്തിലെത്തിയത്.

Tags:    
News Summary - How India Can Seal SF Spot In Champions Trophy 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.