‘അവൻ രാജ്യത്തിനായി നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു’; പിന്തുണക്ക് നന്ദി അറിയിച്ച് സർഫ്രാസ് ഖാന്റെ പിതാവ്

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ച സർഫ്രാസ് ഖാന് നൽകിയ പിന്തുണയിൽ നന്ദി അറിയിച്ച് പിതാവ് നൗഷാദ് ഖാൻ. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘സർഫ്രാസിന് ആദ്യമായി ടെസ്റ്റിലേക്ക് വിളിയെത്തിയ വിവരം നിങ്ങൾക്കെല്ലാവർക്കും അറിയാം. എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് അവൻ വളർന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്. കൂടാതെ, അവന് അനുഭവസമ്പത്ത് നൽകിയ ദേശീയ ക്രിക്കറ്റ് അക്കാദമിക്കും ബി.സി.സി.ഐക്കും അവനിൽ വിശ്വാസമർപ്പിച്ച സെലക്ടർമാർക്കും അവനുവേണ്ടി പ്രാർഥിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു. അവന് രാജ്യത്തിന് വേണ്ടി നന്നായി കളിക്കാനും ടീമിന്റെ വിജയത്തിൽ പങ്കുവഹിക്കാനും കഴിയുമെന്ന് നമ്മളെല്ലാം പ്രതീക്ഷിക്കുന്നു’ -നൗഷാദ് ഖാൻ പറഞ്ഞു.

ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ രോഹിത് ശർമയും സംഘവും 28 റൺസിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിൽ രവീന്ദ്ര ​ജദേജക്കും കെ.എൽ രാഹുലിനും പരിക്കേറ്റതോടെയാണ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ സർഫ്രാസ് ഖാന് രാജ്യത്തിനായി കളിക്കാൻ വിളിയെത്തുന്നത്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

66 ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകളിലായി 69.85 ശരാശരിയിൽ 3912 റൺസാണ് സർഫ്രാസ് ഇതുവരെ നേടിയത്. 27 ലിസ്റ്റ് എ ഇന്നിങ്സുകളിൽ 34.94 ശരാശരിയിൽ 629 റൺസും 74 ട്വന്റി 20 ഇന്നിങ്സുകളിൽ 22.41 ശരാശരിയിൽ 1188 റൺസും നേടിയിട്ടുണ്ട്. സർഫ്രാസിന് പുറമെ സൗരഭ് കുമാർ, വാഷിങ്ടൺ സുന്ദർ എന്നിവരെയും പുതുതായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - ‘Hope he plays well for the country’; Sarfraz Khan's father thanked for the support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT