മുംബൈ: ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെയ്ൻറിച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ആസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ ഏകദിനത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്ലാസനും കളി നിർത്തുകയാണെന്ന് വ്യക്തമാക്കി രംഗത്തുവന്നത്. പ്രോട്ടീസിനായി മിന്നുന്ന ഫോമിൽ കളിക്കുന്നതിനിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താനിങ്ങനെയൊരു തീരുമാനം സ്വീകരിച്ചതെന്ന് ക്ലാസൻ പറയുന്നു. ഭാവിക്കായി തനിക്കും കുടുംബത്തിനും നല്ലത് എന്താണെന്ന് ഏറെ നാളായി ആലോചിക്കുകയായിരുന്നു. ഇത് ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമാണ്, പക്ഷേ ഏറെ സമാധാനം നൽകുന്ന ഒന്നും. കുഞ്ഞുനാൾ മുതൽ കണ്ട സ്വപ്നമാണ് സ്വന്തം രാജ്യത്തിനായി കളിക്കുകയെന്നത്. ഓരോ മത്സരത്തിനിറങ്ങുമ്പോഴും അഭിമാനമായിരുന്നു.
കളിക്കളത്തിലെ ഓരോ സൗഹൃദവും ജീവിതത്തിലെ നിധിപോലെയാണ്. പ്രോട്ടീസ് കുപ്പായത്തിലിരിക്കേ കണ്ടുമുട്ടിയ നിരവധിപേർ ജീവിതം മാറ്റി. അവരോട് നന്ദി പറഞ്ഞാൽ മതിയാകില്ല. എന്നിൽ വിശ്വാസമർപ്പിച്ച പരിശീലകരോട് നന്ദിയറിയിക്കുന്നു. പ്രോട്ടീസ് ബാഡ്ജ് നെഞ്ചിൽ ധരിച്ച് കളിക്കാനായത് കരിയറിലെ ഏറ്റവും വലിയ അഭിമാനമാണ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഇപ്പോൾ നോക്കുന്നത്. ഈ തീരുമാനം അതിന് സഹായിക്കും. എപ്പോഴും പ്രോട്ടീസിനെ പിന്തുണക്കുന്ന ഒരാളായി തുടരും - ക്ലാസൻ കുറിച്ചു.
33-ാം വയസ്സിലാണ് ക്ലാസൻ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളില്‍ സ്പിന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിട്ട അപൂര്‍വം കളിക്കാരില്‍ ഒരാളാണ്. 2018-ല്‍ ഇന്ത്യക്കെതിരെയാണ് ഏകദിനത്തില്‍ അരങ്ങേറുന്നത്. പിന്നീട് വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ പ്രോട്ടീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി. 60 ഏകദിനത്തില്‍ 2141 റണ്‍സാണ് സമ്പാദ്യം. നാല് സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും നേടി. ട്വന്‍റി20യില്‍ 58 മത്സരങ്ങളില്‍ നിന്നായി 1000 റണ്‍സെടുത്തു. നാല് ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്.
ഈ വർഷം മാർച്ചിൽ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെ കളിച്ച ഏകദിനമാണ് ക്ലാസന്റെ അവസാന അന്താരാഷ്ട്ര മത്സരം. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ വർഷം ജനുവരിയിൽ ടെസ്റ്റിൽനിന്ന് വിരമിച്ചിരുന്നു. ഈ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അവസാന മത്സരത്തില്‍ 39 പന്തില്‍ 105 റണ്‍സ് അടിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.