ഹരിയാനക്കെതിരെ കേരളത്തിന്​ 199 റൺസ്​ വിജയലക്ഷ്യം

മുംബൈ: സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഹരിയാനക്കെതിരെ കേരളത്തിന്​ 199 റൺസ്​ വിജലക്ഷ്യം. ടോസ്​ നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കേരളത്തിന്​ ബൗളിങ്ങിൽ തിളങ്ങാനായില്ല. ശിവം ചൗഹാൻ (34 പന്തിൽ 59), ചൈതന്യ ബിഷ്​ണോയി (29 പന്തിൽ 45), രാഹുൽ തെവാത്തിയ (26 പന്തിൽ 41 നോട്ടൗട്ട്​) എന്നിവർ മികവു കാട്ടിയപ്പോൾ ഹരിയാന മികച്ച ടോട്ടൽ എത്തിപ്പിടിക്കുകയായിരുന്നു.

അരുൺ ചപ്രാന (10), ഹിമാൻഷു റാണ (ആറ്​) എന്നിവരെ കേരളം എളുപ്പം പുറത്താക്കിയപ്പോൾ ഹരിയാന രണ്ടിന്​ 43 റൺസെന്ന നിലയിലായിരുന്നു. പിന്നീട്​ യാഷു ശർമ പൂജ്യത്തിനും രോഹിത്​ ശർമ നാലു റൺസിനും പുറത്തായതോടെ 12ാം ഓവറിൽ അഞ്ചിന്​ 102 റൺസെന്ന നിലയിലായി അവർ. എന്നാൽ, ചൗഹാനും തെവാത്തിയയും പിന്നീട്​ അടിച്ചു തകർത്തതോടെ മികച്ച സ്​കോർ കണ്ടെത്തുകയായിരുന്നു. ചൗഹാൻ ആറു ഫോറും ഒരു സിക്​സുമുതിർത്തപ്പോൾ ഐ.പി.എല്ലിൽ കൂറ്റനടികളാൽ താരമായ തെവാത്തിയ നാലു ഫോറും രണ്ടു സിക്​സുമടിച്ചു. കേരള നിരയിൽ സചിൻ ബേബിയും ജലജ്​ സക്​സേനയും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി.

എലീറ്റ്​ ഗ്രൂപ്​ ഇ യിൽ ആദ്യ നാലു കളികളും ജയിച്ച ഹരിയാനയാണ്​ ഒന്നാമത്​. മൂന്നു കളികൾ ജയിച്ച കേരളം രണ്ടാമതാണ്​. നോക്കൗട്ട്​ സ്വപ്​നങ്ങൾ പൂവണിയാൻ ​കേരളത്തിന്​ ഇന്ന്​ ജയി​ച്ചേ തീരൂ.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.