ന്യൂഡൽഹി: വിദേശ ടൂർണമെന്റുകളിൽ ബി.സി.സി.ഐ പുതുതായി പ്രഖ്യാപിച്ച അച്ചടക്ക നയം പ്രയോഗത്തിലാകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി നാളെ ദുബൈയിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീമിൽ താരങ്ങൾക്കൊപ്പം കുടുംബങ്ങളുണ്ടാകില്ല. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെ ദുബൈയിലാണ് ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ മത്സരം. അതുകഴിഞ്ഞ് ബദ്ധവൈരികളായ പാകിസ്താനുമായി 23നും പ്രാഥമിക ഘട്ടത്തിലെ അവസാന അങ്കത്തിൽ ന്യൂസിലൻഡിനെതിരെ മാർച്ച് രണ്ടിനും മത്സരം നടക്കും. ഇന്ത്യൻ ടീമിന്റെ കളികൾ ദുബൈയിൽ നടക്കുമ്പോൾ ടൂർണമെന്റിലെ മറ്റു കളികൾ പാക് വേദികളിലാകും.
ടൂർണമെന്റ് പരമാവധി മൂന്നാഴ്ചയായതിനാൽ താരങ്ങൾക്ക് കുടുംബങ്ങളെ കൂട്ടാനാകില്ല. 45 ദിവസമോ അതിൽ കൂടുതലോ ആണെങ്കിൽ രണ്ടാഴ്ച വരെ കുടുംബങ്ങൾക്ക് കൂടെയുണ്ടാകാം. ‘‘ടൂർണമെന്റ് ഒരു മാസത്തിൽ കുറവായതിനാൽ കുടുംബങ്ങൾ താരങ്ങൾക്കൊപ്പമുണ്ടാകില്ല. ഇളവുകൾ അനുവദിക്കുന്ന പക്ഷം, വ്യക്തികൾ പൂർണ ചെലവ് എടുക്കേണ്ടിവരും’’- ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു. ന്യൂസിലൻഡ് പരമ്പരയും പിറെക ബോർഡർ- ഗവാസ്കർ ട്രോഫിയും കൈവിട്ടതിനു പിന്നാലെയാണ് താരങ്ങൾക്ക് ബി.സി.സി.ഐ കടുത്ത അച്ചടക്ക നയം നടപ്പാക്കിയത്.
കുടുംബത്തെ കൂട്ടുന്നതിന് പുറമെ മറ്റു നടപടികളും നിലവിൽ വന്നിട്ടുണ്ട്. പരിശീലനത്തിന് സ്വകാര്യ വാഹനത്തിലെത്തുന്നതിന് വിലക്കേർപ്പെടുത്തിയത് ഉദാഹരണം. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിൽ താരങ്ങൾ സ്വന്തം വാഹനത്തിനു പകരം ഒന്നിച്ച് ടീം ബസിലാണ് യാത്ര ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.