ഞാനെന്താ വിഡ്ഢിയോ? സ്റ്റേഡിയത്തിൽനിന്ന് തന്‍റെ പേരു മാറ്റാനുള്ള ഉത്തരവിനെതിരെ മുഹമ്മദ് അസ്ഹറുദ്ദീൻ

ഹൈദരാബാദ്: സ്റ്റേഡിയത്തിന്‍റെ പവലിയന് നൽകിയ തന്‍റെ പേര് മാറ്റാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ (എച്ച്.സി.എ) നടപടിക്കെതിരെ കടുത്ത നിലപാടുമായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നോർത്ത് പവലിയന് ആദരസൂചകമായി അസ്ഹറുദ്ദീന്‍റെ പേരാണ് നൽകിയിരുന്നത്.

അസ്ഹറുദ്ദീൻ എച്ച്.സി.എ പ്രസിഡന്‍റായിരിക്കുന്ന കാലത്ത് അധികാരം ഉപയോഗിച്ച് വി.വി.എസ്. ലക്ഷ്മണന്‍റെ പേര് മാറ്റിയാണ് അദ്ദേഹത്തിന്‍റെ പേര് നൽകിയതെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ ലോർഡ്സ് ക്രിക്കറ്റ് ക്ലബ് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എച്ച്.സി.എ എത്തിക്സ് ഓഫിസറും ഓംബുഡ്സ്മാനുമായ ജസ്റ്റിസ് വി. ഈശ്വരയ്യ അസ്ഹറുദ്ദീൻ പേര് നീക്കാൻ ഉത്തരവിട്ടത്. ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.

ഒരു ഇന്ത്യൻ നായകന്‍റെ പേര് ഒഴിവാക്കണമെന്ന് പറയുന്നത് നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓംബുഡ്‌സ്മാന്‍റെ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചതാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ ഉത്തരവുകൾക്ക് നിയമസാധുതയില്ല. മുൻ ക്രിക്കറ്റ് താരങ്ങളെ എച്ച്.സി.എ ബഹുമാനിക്കുന്നില്ല. വി.വി.എസ്. ലക്ഷ്മണന്‍റെ പേര് താൻ നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ പേരിൽ സ്റ്റേഡിയത്തിൽ ഇപ്പോഴും പവലിയൻ ഉണ്ടെന്നും അസ്ഹർ പ്രതികരിച്ചു.

‘അസോസിയേഷൻ നിയമപ്രകാരം ഓംബുഡ്സ്മാന്‍റെ കാലാവധി ഒരു വർഷമാണ്. ഫെബ്രുവരി 18ന് കാലാവധി അവസാനിച്ചു. കാലാവധി നീട്ടി നൽകിയിട്ടില്ല. വാർഷിക ജനറൽ ബോഡിക്കു മാത്രമേ കാലാവധി നീട്ടിനൽകാനാകു. ഇതുവരെ യോഗം നടന്നിട്ടില്ല. അതുകൊണ്ടുതന്നെ എങ്ങനെ ഉത്തരവ് പുറപ്പെടുവിക്കും. ഇതിഹാസമായ ലക്ഷ്മണനെ പോലൊരു താരത്തിന്‍റെ പേര് ഒഴിവാക്കാൻ ഞാനെന്താ വിഡ്ഢിയാണോ’ -അസ്ഹറുദ്ദീൻ പറഞ്ഞു.

Tags:    
News Summary - Azharuddin Threatens To Take Legal Action Against Orders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.