‘സചിനേക്കാൾ മികച്ച താരം ലാറയാണെന്ന ആസ്ട്രേലിയക്കാരുടെ വിശ്വാസം അസംബന്ധം’ -മുൻ ദക്ഷിണാഫ്രിക്കൻ നായകൻ

കേപ്ടൗൺ: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് ഇന്ത്യയുടെ സചിൻ തെണ്ടുൽക്കറും വെസ്റ്റിൻഡീസിന്റെ ബ്രയൻ ലാറയും. ആരാ​ണ് മികച്ച താരമെന്നതിനെ ചൊല്ലിയുള്ള തർക്കം ഏറെ കാലമായുണ്ട്. ഈ തർക്കത്തിൽ പങ്കുചേർന്നിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ അലി ബാച്ചർ. സചി​നേക്കാൾ മികച്ച താരമാണ് ലാറയാണെന്നാണ് ആസ്ട്രേലിയക്കാർ വിശ്വസിക്കുന്നതെന്നും എന്നാൽ, ഇത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സചിൻ തെണ്ടുൽക്കർ ഒരു അസാധാരണ പ്രതിഭയാണ്. അദ്ദേഹം മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളയാളാണ്. ഞാൻ അദ്ദേഹത്തിന്റെ നിരവധി മികച്ച ഇന്നിങ്സുകൾ കണ്ടിട്ടുണ്ട്. അദ്ദേഹം എപ്പോഴെങ്കിലും വഴക്കുണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അത് അദ്ദേഹത്തിന്റെ മഹത്വവും വ്യക്തിത്വവുമാണ്. ബ്രയൻ ലാറ അവനേക്കാൾ മികച്ചവനാണെന്ന് ആസ്‌ട്രേലിയക്കാർ വിശ്വസിക്കുന്നു. അത് അസംബന്ധമാണെന്ന് ഞാൻ പറയുന്നു. ബ്രയാൻ ലാറ നാല് ദശലക്ഷം ആളുകൾക്ക് മുമ്പിലാണ് കളിച്ചത്. എന്നാൽ, സചിൻ കളിച്ചത് 1.4 ബില്യൺ ആളുകൾക്ക് മുമ്പിലാണ്. അതിന്റെ സമ്മർദം നിങ്ങൾക്ക് ഊഹിക്കാനാകുമോ?’ -അലി ബാച്ചർ ചോദിച്ചു.

1989ൽ 16ാം വയസ്സിൽ ഇന്ത്യക്കായി അരങ്ങേറിയ സചിൻ 2013ലാണ് വിരമിക്കുന്നത്. 1990ൽ അരങ്ങേറിയ ലാറ 2007ൽ വിരമിച്ചു. 24 വർഷത്തെ കരിയറിനിടെ സമാനതകളില്ലാത്ത നേട്ടങ്ങളാണ് സചിൻ സ്വന്തം പേരിലാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സചിൻ 100 സെഞ്ച്വറിയാണ് കരിയറിൽ അടിച്ചുകൂട്ടിയത്. ടെസ്റ്റിൽ 51 സെഞ്ച്വറികൾ നേടിയ താരം 15,921 റൺസാണ് സ്വന്തമാക്കിയത്. ഏകദിനത്തിൽ 49 സെഞ്ച്വറികൾ അടിച്ച സചിന്റെ സമ്പാദ്യം 18,426 റൺസാണ്.

അതേസമയം, 131 ടെസ്റ്റുകളിൽനിന്ന് 11953 റൺസും 299 ഏകദിനങ്ങളിൽനിന്ന് 10405 റൺസുമാണ് ലാറയുടെ സമ്പാദ്യം.

News Summary - ‘Australians believe Brian Lara was better than Sachin Tendulkar, I say Rubbish’: Former South Africa Captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.