‘ക്രിക്കറ്റ് താരങ്ങൾ എനിക്ക് നഗ്ന ചിത്രങ്ങൾ അയച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരത്തിന്‍റെ മകൾ

മുംബൈ: ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ സഞ്ജയ് ബംഗാറിന്‍റെ മകൾ അനായ ബംഗാർ. ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായതിന്‍റെ അനുഭവം പങ്കുവെക്കുന്നതിനിടെയാണ് ഒരു അഭിമുഖത്തിൽ അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷമാണ് അനായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ അനായ ബംഗാർ എന്ന പേര്  സ്വീകരിക്കുകയായിരുന്നു. സഞ്ജയ് ബംഗാറിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റില്‍ സജീവമാകുന്നതിന് ഇടയിലായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ. ക്രിക്കറ്റ് ലോകത്തുനിന്ന് നേരിട്ട മോശം പെരുമാറ്റവും അതിക്രമങ്ങളും അഭിമുഖത്തിൽ അവർ തുറന്നുപറയുന്നുണ്ട്. നിലവിൽ യു.കെയിലാണ് അനായ താമസിക്കുന്നത്.

ചില ക്രിക്കറ്റ് താരങ്ങൾ തനിക്ക് തുടർച്ചയായി നഗ്ന ചിത്രങ്ങൾ അയക്കാറുണ്ടെന്ന് അനായ പറഞ്ഞു. ‘ചില താരങ്ങൾ എല്ലാവരും നോക്കിനിൽക്കെ മോശമായി പെരുമാറുന്നത് പതിവാണ്. അവർ പിന്നീട് എന്‍റെ അടുത്തുവന്നിരിക്കുകയും ചിത്രങ്ങൾ ചോദിക്കുകയും ചെയ്യും. ഒരു വെറ്ററൻ ക്രിക്കറ്റ് താരത്തോട് എന്റെ അവസ്ഥ വിശദീകരിച്ചപ്പോൾ കാറിൽ കയറാനും കൂടെ കിടക്കണമെന്നും പറഞ്ഞു’ -അനായ ആരോപിച്ചു.

ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്‍റെ മകളായി വളർന്നതിനാൽ, കായികരംഗത്തെ യാഥാസ്ഥിതിക അന്തരീക്ഷം കാരണം തന്റെ വ്യക്തിത്വം മറച്ചുവെക്കേണ്ടി വന്നതായി അനായ പറഞ്ഞു. ‘ക്രിക്കറ്റ് ലോകം അരക്ഷിതാവസ്ഥ നിറഞ്ഞതാണ്. യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ, എന്റെ വ്യക്തിത്വം ഞാൻ എപ്പോഴും മറച്ചുവെച്ചു. കാരണം ക്രിക്കറ്റ് ലോകത്ത് അരക്ഷിതാവസ്ഥയും പുരുഷ മേധാവിത്വവുമാണ്. ശസ്ത്രക്രിയ നടത്തിയപ്പോൾ‌ എന്നെ പിന്തുണച്ചവരും അപമാനിച്ചവരുമുണ്ട്’ -അനായ കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയക്കു മുമ്പ് ആര്യൻ എന്നായിരുന്നു അനായയുടെ പേര്. 2001 മുതൽ 2004 വരെ ഇന്ത്യക്കുവേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് സഞ്ജയ് ബംഗാർ. പിതാവിന്‍റെ വഴിയേ തന്നെയായിരുന്നു അനായയും. കരിയറിന്റെ തുടക്കകാലത്ത് ഇസ്‍ലാം ജിഖാന ക്ലബിനു വേണ്ടിയാണ് കളിച്ചത്. ലെസ്റ്റർഷെയറിലെ ഹിങ്‍ക്‌‍ലി ക്ലബിനുവേണ്ടിയും കളിച്ചിട്ടുണ്ട്. 2023 നവംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ട്രാൻസ്ജെൻഡർ താരങ്ങളെ അന്താരാഷ്ട്ര വനിത ക്രിക്കറ്റിൽനിന്ന് വിലക്കിയതാണ് തിരിച്ചടിയായത്.

Tags:    
News Summary - Anaya Bangar, Sanjay Bangar's child, makes shocking revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.