ക്രിക്കറ്റിന്‍റെ മുഖഛായ ഇന്ന് കാണുന്ന രീതിയിൽ രൂപപ്പെടുത്തിയതിൽ നിർണായക പങ്കുവഹിച്ച ഒന്നാണ് ഐ.പി.എൽ. 2008ൽ ആരംഭിച്ചത് മുതൽ ഐ.പി.എൽ ക്രിക്കറ്റ് ലോകത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഐ.പി.എല്ലിന് 18 വയസ്സായിരിക്കുകയാണ്.
2008ൽ ഏപ്രിൽ 18നാണ് ഐ.പി.എല്ലിലെ ആദ്യ മത്സരം നടന്നത്. ചരിത്രപരമായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടിയത്. ആദ്യ മത്സരത്തിൽ തന്നെ വരാൻ പോകുന്ന സംഭങ്ങളുടെ അടയാളമെന്നോണം ബ്രണ്ടൻ മക്കല്ലത്തിന്‍റെ വെടിക്കെട്ട് ഇന്നിങ്സിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. 158 റൺസാണ് ഉദ്ഘാടന മത്സരത്തിൽ മക്കല്ലം കെ.കെ. ആറിനായി സ്വന്തമാക്കിയത്. മത്സരത്തിൽ കൊൽക്കത്ത ജയിക്കുകയും ചെയ്തു.
കൊൽക്കത്തയുടെ ആദ്യ മത്സരം മുതൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദ് കളി വരെ 1130 ട്വന്‍റി-20 മത്സരങ്ങളാണ് ഐ.പി.എല്ലിൽ നടന്നത്. 755 താരങ്ങൾ ഐ.പി.എല്ലിൽ ഒരു മത്സരത്തെങ്കിലും മുഖം കാണിച്ചു. ലോക ക്രിക്കറ്റിന് മുന്നിൽ വാണിജ്യ പരമായി ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഡോമിനേഷന് ഐ.പി.എല്ലിന്‍റെ പങ്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ആഗോള തലത്തിൽ ക്രിക്കറ്റെന്ന കളിയെക്കാൾ ഐ.പി.എല്ലെന്ന ബ്രാൻഡിന്‍റെ വാണിജ്യ മൂല്യം ഉയർന്നിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിന് ഇന്ന് രണ്ടോ മൂന്നോ ടീമുകളെ കളിപ്പിക്കാൻ സാധിക്കുമെന്ന് വാദിക്കുന്നവരുണ്ട്. അത്രത്തോളം വലിയ ടാലെന്‍റ് പൂൾ ഇന്ത്യക്കുണ്ടായി തീർന്നതിൽ ഐ.പി.എല്ലിന്‍റെ സംഭാവന മുഖ്യമാണ്. ഇന്ത്യക്കാരുടെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്നേഹം തന്നെയാണ് ഐ.പി.എല്ലിന്‍റെ വിജയത്തിലെ പ്രധാന കാര്യം. ലിംഗ-പ്രായ-സാമ്പത്തിക ഭേദമില്ലാതെ ഈ ഒരു ടൂർണമെന്‍റ് ആളുകൾ നെഞ്ചിലേറ്റുന്നു.
18 വയസ് തികഞ്ഞ ഐ.പി.എല്ലിന്‍റെ ഭാവി വളരെ വലിയ ഒരു സ്കോപ്പാണ് ഇന്ത്യൻ ക്രിക്കറ്റിന് മുന്നിലെത്തിക്കുന്നത്. ഇതുവരെ വളർന്നതിൽ നിന്നും വളരെ വലിയ വാണിജ്യ സാധ്യതകളിലേക്ക് ഐ.പി.എല്ലിന്‍റെ വാതിലുകൾ തുറക്കുമെന്നുറപ്പ്. ഐപിഎൽ ഒരു ടൂർണമെന്റ് മാത്രമല്ല അത് കളിയെ മാറ്റിമറിച്ച ഒരു പ്രതിഭാസം തന്നെയാണ്.
പുതിയ ക്രിക്കറ്റ് സൂപ്പർതാരങ്ങളെ ലോകത്തിന് പരിചയപ്പെടുത്താൻ ഐ.പി.എല്ലിന് സാധിച്ചു. കായികവും എന്‍റർടെയ്ൻമെന്‍റും തമ്മിലുളള അതിർത്തികൾ മായ്ച്ചുകളഞ്ഞ ഐപിഎൽ ഏകത്വം, ആവേശം, മാറ്റം എന്ന മൂല്യങ്ങൾ തെളിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.