വിജയലക്ഷ്യം 427, മറുപടി ബാറ്റിങ്ങിൽ 2 റൺസിന് ഓൾ ഔട്ട്! ക്ലബ് ക്രിക്കറ്റ് ടീമിന് നാണക്കേടിന്‍റെ റെക്കോഡ്

ലണ്ടൻ: ക്രിക്കറ്റിലേ് കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ ടീമുകൾ തകർന്നടിയുന്നത് പുതിയ കാര്യമല്ല. എന്നാൽ 400നു മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോൾ കേവലം രണ്ട് റൺസിന് ഓൾ ഔട്ടാകുന്നത് ആദ്യമാകും. ഇംഗ്ലണ്ടിലെ മിഡില്‍സെക്‌സ് കൗണ്ടി ലീഗില്‍ റിച്ച്മണ്ട് ക്രിക്കറ്റ് ക്ലബ്ബായ ഫോര്‍ത്ത് ഇലവനും നോര്‍ത്ത് ലണ്ടന്‍ ക്രിക്കറ്റ് ക്ലബ്ബായ തേഡ് ഇലവനും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്.

മത്സരത്തിൽ ടോസ് നേടിയ ഫോര്‍ത്ത് ഇലവന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 45 ഓവര്‍ മത്സരത്തില്‍ നോര്‍ത്ത് ലണ്ടന്‍ ഓപണര്‍ ഡാന്‍ സിമ്മന്‍സ് 140 റണ്‍സ് നേടി ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. 63 വൈഡുകള്‍ ഉള്‍പ്പെടെ 92 എക്‌സ്ട്രാ റണ്‍സുംകൂടി പിറന്നതോടെ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 426 റണ്‍സാണ് നോര്‍ത്ത് ലണ്ടന്‍ ക്ലബ് നേടിയത്. ജാക്ക് ലെവിത്ത് (42), നബില്‍ എബ്രഹാം (43) എന്നിവരും അവർക്കായി തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ റിച്ച്മണ്ട് ക്രിക്കറ്റ് ക്ലബ്ബിന്റെ ബാറ്റിങ്നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. വെറും 5.4 ഓവറില്‍, അഥവാ 34 പന്തുകളില്‍ എല്ലാ താരങ്ങളും ഒന്നിനു പിറകെ ഒന്നായി പവലിയനിലേക്ക് മടങ്ങി. എട്ട് ബാറ്റര്‍മാര്‍ ഡക്കായി പുറത്തായി. നാലാം നമ്പര്‍ ബാറ്റര്‍ നേടിയ സിംഗ്ളും ഒരു വൈഡും മാത്രമാണ് ടീമിന്‍റെ സ്കോർ ബോർഡിലെത്തിയത്. ഫോര്‍ത്ത് ഇലവനുവേണ്ടി സ്പാവ്ടണ്‍ രണ്ട് റണ്‍സ് വിട്ടുനല്‍കി. മാറ്റ് റോസര്‍ ഒരു റണ്‍പോലും നല്‍കാതെ അഞ്ചും വിക്കറ്റുകള്‍ വീഴ്ത്തി. ഒരു റണ്ണൗട്ടുമുണ്ടായിരുന്നു.

ഫോര്‍ത്ത് ക്ലബ് ആദ്യം ബാറ്റുചെയ്തിരുന്നെങ്കില്‍ വേഗം കളിതീര്‍ത്ത് വീട്ടില്‍പ്പോവാമായിരുന്നു എന്നടക്കം പരിഹാസ കമന്റുകളുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറാണിത്. 1810-ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ആറ് റണ്‍സിന് പുറത്തായ ‘ദ ബിസി’ന്റെ പേരിലായിരുന്നു ഉതുവരെയുണ്ടായിരുന്ന കുറഞ്ഞ സ്‌കോര്‍. ഇതാണ് തിരുത്തിക്കുറിക്കപ്പെട്ടത്. 

Tags:    
News Summary - 1 run, 1 wide, 10 wickets: UK club cricket team, chasing 427, folds for 2 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.