ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോഡ് തകർത്ത് ചൈനീസ് റോബോട്ട്; 100 മീറ്റർ പിന്നിട്ടത് 9.39 സെക്കൻഡിൽ

ബെയ്ജിങ്: ട്രാക്കിലെ ഇതിഹാസ താരം ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ സ്പ്രിന്റിലെ ലോക റെക്കോഡ് തകർത്ത് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. ബെയ്ജിങ്ങിൽ നടക്കുന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിലാണ് മനുഷ്യനെ വെല്ലുവിളിക്കുന്ന യന്ത്രങ്ങളുടെ അത്ഭുത പ്രകടനം അരങ്ങേറിയത്. ടിയാൻഗോങ് അൾട്രാ (Tiangong Ultra) എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് വെറും 9.39 സെക്കൻഡിലാണ് 100 മീറ്റർ ഫിനിഷ് ചെയ്തത്.

ബെയ്ജിങ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ സെന്റർ വികസിപ്പിച്ചെടുത്ത ടിയാൻഗോങ് അൾട്രായുടെ പ്രകടനം ഗെയിംസിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ദിവസമായ ശനിയാഴ്ചയാണ് നടന്നത്. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോണർ വികസിപ്പിച്ച 'ലൈറ്റ്‌നിങ്' എന്ന റോബോട്ടിനെയാണ് ടിയാൻഗോങ് പിന്നിലാക്കിയത്. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും ഫിനിഷിങ് പോയിന്റിന് തൊട്ടുമുമ്പ് കുതിച്ചെത്തുകയായിരുന്നു. ലൈറ്റ്‌നിങ് 9.47 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 2009-ൽ ബെർലിനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡ് എന്ന റെക്കോഡിനേക്കാൾ വേഗത്തിലാണ് ഈ രണ്ട് യന്ത്രമനുഷ്യരും ഓടിയെത്തിയത്.

എന്നാൽ ട്രാക്കിൽ ബോൾട്ടിനുണ്ടായിരുന്ന മെയ്‌വഴക്കം റോബോട്ടുകൾക്ക് ഉണ്ടായിരുന്നില്ല. ഫിനിഷിങ് പോയിന്റിലെ സുരക്ഷാ മാറ്റിലേക്ക് ഇടിച്ചുകയറിയ ടിയാൻഗോങ് കാണികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട് വീണു. ഓട്ടത്തിന് ശേഷം തളർന്നുവീണ ലൈറ്റ്‌നിങ്ങിനെ സ്ട്രെച്ചറിലാണ് ട്രാക്കിൽ നിന്ന് മാറ്റിയത്. കഴിഞ്ഞ വർഷം നടന്ന ആദ്യ റോബോട്ട് ഗെയിംസിൽ ടിയാൻഗോങ് അൾട്രാ 100 മീറ്റർ പൂർത്തിയാക്കാൻ 21.50 സെക്കൻഡ് എടുത്തിരുന്നു.

ഒരു വർഷം കൊണ്ടുള്ള ഈ വൻ കുതിച്ചുചാട്ടമാണ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നത്. കഴിഞ്ഞ വർഷം ബെയ്ജിങ്ങിൽ നടന്ന ലോകത്തെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണിലും ടിയാൻഗോങ് വിജയിച്ചിരുന്നു.

ശനിയാഴ്ച നടന്ന മറ്റൊരു പരീക്ഷണ ഓട്ടത്തിൽ ലൈറ്റ്‌നിങ് 9.32 സെക്കൻഡിൽ 100 മീറ്റർ പിന്നിട്ടതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെക്കൻഡിൽ 14.5 മീറ്റർ എന്ന ഉയർന്ന വേഗതയാണ് അന്ന് കൈവരിച്ചത്. കൂടാതെ, ഈ വർഷത്തെ ഹ്യൂമനോയിഡ് ഹാഫ് മാരത്തണിൽ 50 മിനിറ്റ് 26 സെക്കൻഡ് എന്ന മികച്ച സമയത്തോടെ ലൈറ്റ്‌നിങ് ഒന്നാമതെത്തി. ഹാഫ് മാരത്തൺ സമയത്ത് 169 സെന്റീമീറ്റർ ഉയരവും 95 സെന്റീമീറ്റർ കാലിന്റെ നീളവുമുണ്ടായിരുന്ന ലൈറ്റ്‌നിങ്ങിന്റെ കാലുകൾ ഗെയിംസിന് മുന്നോടിയായി 1.05 മീറ്ററായി വർദ്ധിപ്പിച്ചിരുന്നു.

ഹ്യൂമനോയിഡ് റോബോട്ടുകളെ ഒരു തന്ത്രപ്രധാന വ്യവസായമായാണ് ചൈന കാണുന്നത്. നിർമ്മാണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ഇവയുടെ ഉപയോഗം വർദ്ധിപ്പിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ മേഖലയിലുള്ള നിക്ഷേപകരുടെ താൽപര്യവും വർദ്ധിച്ചിട്ടുണ്ട്. ചൈനയിലെ പ്രമുഖ റോബോട്ട് നിർമ്മാതാക്കളായ യൂണിട്രീയുടെ (Unitree) ഓഹരി മൂല്യം ബുധനാഴ്ച ഷാങ്ഹായ് മാർക്കറ്റിൽ അഞ്ചിരട്ടിയായി കുതിച്ചുയർന്നിരുന്നു. ഏകദേശം 50 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് കമ്പനിക്കിപ്പോൾ ഉള്ളത്.

ഫുട്ബാൾ, നൃത്തം, വ്യവസായിക ജോലികൾ എന്നിവയുൾപ്പെടെ 51 ഇനങ്ങളാണ് ഈ വർഷത്തെ ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 280 ടീമുകളാണ് പങ്കെടുത്തതെങ്കിൽ, ഇത്തവണ ആറ് ഭൂഖണ്ഡങ്ങളിലെ 16 രാജ്യങ്ങളിൽ നിന്നുള്ള 666 ടീമുകളിലായി 2,056 റോബോട്ടുകളാണ് മാറ്റുരയ്ക്കുന്നത്. ബുധനാഴ്ച വരെ ബെയ്ജിങ്ങിലെ നാഷണൽ സ്പീഡ് സ്കേറ്റിങ് ഓവലിലാണ് മത്സരങ്ങൾ നടക്കുന്നത്.

Tags:    
News Summary - Chinese Humanoid Robots Break Usain Bolt's 100m Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.