നിങ്ങളും ചെയ്യാറുണ്ടോ ഗോസ്റ്റ് പോസ്റ്റിങ്; അറിയാം ഇൻസ്റ്റഗ്രാമിലെ വൈറൽ ജെൻസി ട്രെന്‍റ്
ജെൻസികൾക്ക്, അല്ലെങ്കിൽ ജെൻസികളെ കുറിച്ച് അറിയുന്നവർക്ക് എന്താണ് ഗോസ്റ്റിങ് എന്ന് നന്നായി അറിയാം. ഇനി എന്താണ് ഗോസ്റ്റ് പോസ്റ്റിങ്ങെന്ന് അറിയാമോ? നിങ്ങളും ചെയ്യാറിണ്ടോ ഗോസ്റ്റ് പോസ്റ്റിങ്. ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന പുതിയ ട്രെന്‍റാണ് ഇത്. ജെൻസികളാണ് ഇതിന്‍റെ പ്രധാന ഉപഭോക്താക്കളും ഉപയോക്താക്കളും.
തങ്ങളുടെ പ്രൊഫൈലിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത ഉടൻ തന്നെ അവ ആർക്കൈവ് ചെയ്ത് മാറ്റുകയും പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം ഈ ചിത്രങ്ങൾ വീണ്ടും ഫീഡിലേക്ക് പബ്ലിക് ആയി കൊണ്ടുവരുകയും ചെയ്യുന്ന രീതിയാണ് ഗോസ്റ്റ് പോസ്റ്റിംഗ്. 2017-ൽ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച ആർക്കൈവ് ഫീച്ചറാണ് ഇതിനായി ജെൻസികൾ ഉപയോഗിക്കുന്നത്. ഫോട്ടോകൾ ഡിലീറ്റ് ചെയ്യാതെ തന്നെ മറ്റുള്ളവരെ കാണിക്കാതെ താൽക്കാലികമായി മറച്ചുവെക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത ഉടൻ തന്നെ മറച്ചുവെക്കുന്നതിനാൽ ഇൻസ്റ്റാഗ്രാമിന്റെ അൽഗോരിതം വഴി അവ മറ്റുള്ളവരുടെ റിയൽ-ടൈം ഫീഡുകളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. ദിവസങ്ങൾക്ക് ശേഷം അവ വീണ്ടും പ്രൊഫൈലിൽ ദൃശ്യമാക്കുമ്പോഴേക്കും അൽഗോരിതത്തിന്റെ എക്സ്പോഷർ വിൻഡോ കഴിഞ്ഞിട്ടുണ്ടാകും. ഇത് ചിത്രങ്ങൾക്ക് വരുന്ന പ്രതികരണങ്ങൾ ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു.
സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും മറ്റുള്ളവരുടെ വിധിയെഴുത്തുകളും ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. തങ്ങൾക്ക് താല്പര്യമുള്ള രീതിയിൽ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുക എന്നതാണ് ജെൻസികളുടെ പക്ഷം. എല്ലാവരുടെയും ഫീഡിൽ വരാത്ത രീതിയിൽ പ്രധാനപ്പെട്ടതല്ലെങ്കിലും, തങ്ങളുടെ പ്രൊഫൈൽ ഗ്രീഡിന്റെ ഭംഗി നിലനിർത്താൻ ജെൻസികൾ ഈ ഫീച്ചർ ഉപയോഗിച്ച് ചിത്രങ്ങൾ ഗോസ്റ്റ് പോസ്റ്റിങ് ചെയ്യുന്നു.
പോസ്റ്റുകൾക്ക് എത്ര ലൈക്കുകൾ കിട്ടി എന്നതിനെക്കുറിച്ചോ ആളുകൾ എന്ത് വിചാരിക്കും എന്നതിനെക്കുറിച്ചോ ആകുലപ്പെടാതെ ചിത്രങ്ങൾ പങ്കുവെക്കാനുള്ള ഒരു സ്വാതന്ത്ര്യമാണ് ഗോസ്റ്റ് പോസ്റ്റിംഗ് നൽകുന്നതെന്നാണ് ജെൻസികളുടെ വാദം. ഫിൻസ്റ്റാ പോലെയും ക്ലോസ് ഫ്രണ്ട്സ് സ്റ്റോറികൾ പോലെയും, സോഷ്യൽ മീഡിയയെ പൂർണ്ണമായും ഉപേക്ഷിക്കാതെ തന്നെ ഡിജിറ്റൽ ലോകത്തെ അമിതമായ ജാഗ്രതയിൽ നിന്നും സമ്മർദ്ദങ്ങളിൽ നിന്നും മോചനം നേടാനുള്ള മറ്റൊരു വഴിയായിട്ടാണ് പുതിയ ഗോസ്റ്റ് പോസ്റ്റിംഗ് തരംഗത്തെ ജെൻസികൾ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.