1- കണ്ടലമ്മച്ചി, 2- കൊളംബിയ യൂനിവേഴ്സിറ്റി പ്രസ്​ പുറത്തിറക്കിയ ‘ഭൂമി അപകടത്തിൽ’ എന്ന ഗ്രന്ഥത്തിന്റെ പുറംചട്ട

അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന പ്രകൃതി

പരിസ്​ഥിതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക്​ ആരാണ്​ ഉത്തരവാദി? ഈ നില തുടർന്നാൽ, ഇനിയൊരു തലമുറക്ക്​ ഭൂമിയിൽ എന്തെങ്കിലും അവശേഷിക്കുമോ? എന്താണ്​ ഇതിന്​ ഒരു ​പ്രതിവിധി? ഓരോ മനുഷ്യനും ഉത്തരം തേടേണ്ട ചോദ്യങ്ങൾ മലയാളി സമൂഹത്തിന്റെ ആലോചനക്കായി ഉറക്കെ ചോദിക്കുന്നു പ്രമുഖ ഭൗമശാസ്​ത്രജ്ഞയും സാമൂഹിക നിരീക്ഷകയുമായ ഡോ. കുശല രാജേന്ദ്രൻ

നിങ്ങളുടെ രാജ്യത്തിന് നിങ്ങൾക്കുവേണ്ടി എന്തു ചെയ്യാനാകും എന്നല്ല, നിങ്ങൾക്ക്​ രാജ്യത്തിനുവേണ്ടി എന്തുചെയ്യാനാകും എന്നാണ്​ ചോദിക്കേണ്ടത്. 1961ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി രാജ്യത്തെ പൗരജനങ്ങളോട്​ നടത്തിയ ആഹ്വാനം കടംകൊണ്ട്​ ഒരു പരിസ്​ഥിതി ആക്​ടിവിസ്​റ്റ്​ പറയുകയുണ്ടായി- ‘‘പ്രകൃതി നിങ്ങൾക്കുവേണ്ടി എന്തുചെയ്യും എന്നല്ല ചോദിക്കേണ്ടത്, നിങ്ങൾ പ്രകൃതിക്കുവേണ്ടി എന്തുചെയ്യും എന്നാണ്.’’

അതെ, പരിസ്ഥിതി അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഓരോരുത്തരും എന്തെങ്കിലുമൊക്കെ ചെയ്തേ മതിയാകൂ; അല്ലാത്തപക്ഷം ഇനി വരുന്നൊരു തലമുറകൾക്കായി ഭൂമിയിൽ ഒന്നും അവശേഷിക്കില്ല എന്ന ചിന്ത ഇപ്പോൾ ശാസ്ത്ര-പരിസ്ഥിതി സമൂഹത്തിൽ മാത്രമല്ല, സാമാന്യ ജനങ്ങൾക്കിടയിലും വളർന്നുവരുന്നു. ഇതുപറയുമ്പോൾ ‘കണ്ടൽഅമ്മച്ചി’ എന്നറിയപ്പെട്ടിരുന്ന കുമരകത്തെ മറിയാമ്മ കുര്യനെ ഓർത്തുപോകുന്നു. 2009ൽ അന്തരിച്ച ഈ പ്രകൃതിസ്നേഹി കണ്ടൽക്കാടുകൾക്ക് ആവാസവ്യവസ്ഥയിലുള്ള പങ്ക് മനസ്സിലാക്കി 50 വർഷം കണ്ടൽവനത്തെ പരിപാലിച്ചുപോന്നു. വനത്തെയും പരിപാലകയെയും കാണാൻ ദൂരെ നിന്നുവരെ ശാസ്ത്രജ്ഞരെത്തിയിരുന്നു. വരുന്നവർക്കെല്ലാം കണ്ടൽവിത്തുകൾ സൗജന്യമായി നൽകി അവർ തന്റെ ദൗത്യം വ്യാപിപ്പിച്ചു. ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഭൂമിക്കുവേണ്ടി തങ്ങളുടേതായ പ്രതിവിധി ഒരുക്കാൻ ശ്രമിക്കുന്ന പതിനായിരക്കണക്കിന്​ പോരാളികളിൽ ഒരാളായിരുന്നു ആ അമ്മച്ചി.

2017ൽ കൊളംബിയ യൂനിവേഴ്സിറ്റി പ്രസ്​ പുറത്തിറക്കിയ ‘ഭൂമി അപകടത്തിൽ’ എന്ന ഗ്രന്ഥം (Earth at Risk, Claude Henry and Laurence Tubiana) ഭൂമി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ജൈവവൈവിധ്യം, ജലം, മണ്ണ്, കാലാവസ്ഥ സ്ഥിരത എന്നിങ്ങനെ എല്ലാ മേഖലകളിലും ഭൂസമ്പത്ത് മനുഷ്യൻ ധൂർത്തടിക്കുന്നതിനെപ്പറ്റിയാണ് ഈ പുസ്തകം. ഇത്തരം ധൂർത്തുകൾതന്നെയാണ് മനുഷ്യരാശിയെ ആസന്നമായ പ്രതിസന്ധിയിലേക്കു​ തള്ളിവിടുന്നത്​.

ഈ പ്രതിസന്ധിയിൽനിന്ന്​ രക്ഷപ്രാപിക്കാൻ മനുഷ്യരാശിക്കു കഴിയുമോ, അതോ, കടിഞ്ഞാണില്ലാത്ത പ്രവർത്തനങ്ങളിലൂടെ മനുഷ്യരാശി സ്വയം നാശത്തിലേക്ക് കൂപ്പുകുത്തുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. അടുത്ത കാലത്തു നടന്ന നൊ​ബേൽ ജേതാക്കളുടെ കൂട്ടായ്മയിൽ ഈ ചോദ്യം ശക്തിയായി ഉയർന്നുവരുകയുണ്ടായി. ഭൂമിയുടെ ഭാവി അപകടത്തിലാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്രയും കാലം ഈ വിഷയം നമ്മൾ ഗൗരവമായി എടുക്കാതിരുന്നത്? ചിന്താമഗ്നരായി, നിഷ്ക്രിയരായി ഇങ്ങനെ കണ്ടുകൊണ്ടിരുന്നാൽ മാത്രം മതിയോ എന്ന ചോദ്യമാണ് അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ പ്രസിദ്ധ ഭൗമശാസ്ത്രജ്ഞൻ പീറ്റർ ഷോൾസർ (Peter Schlosser) ഉയർത്തിയത്. മുന്നിൽ വളർന്നുകൊണ്ടിരിക്കുന്ന അപകടത്തോട്​ നിശ്ശബ്​ദ നിസ്സംഗത പുലർത്തിയതുകൊണ്ടായില്ല, ശക്തമായ നടപടികളാണ്​ വേണ്ടതെന്ന്​ സ്വീഡനിലെ പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞൻ ജൊഹാൻ റോക്സ്ട്രോം (Johan Rockstrom) ഓർമപ്പെടുത്തുന്നു. മനുഷ്യവംശം അതിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും നിർണായക ഘട്ടത്തിലെത്തിനിൽക്കുന്നു. പ്രകൃതി അപകടാവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു എന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ കുമിഞ്ഞുകൂടുകയാണ്. കാലാവസ്ഥ വ്യതിയാനം തുടങ്ങി പല പ്രതിഭാസങ്ങൾ ഭൂമിയെ അതിവേഗം ഒരു ടിപ്പിങ് ​​പോയന്റിൽ (tipping point) എത്തിച്ചിരിക്കുന്നു. ഈ അടിയന്തരാവസ്ഥയിൽനിന്നു കരകയറൽ എളുപ്പമല്ല എന്നാണ്​​ റോക്സ്ട്രോമിന്റെ നിരീക്ഷണം.

ഭൂമി നമുക്ക് സ്വന്തമെന്നും ഇവിടെയുള്ളതെല്ലാം യഥേഷ്ടം ഉപയോഗിക്കാൻ അവകാശമുണ്ടെന്നുമുള്ള അടിസ്ഥാനപരമായ വിശ്വാസത്തിലാണ്​ മനുഷ്യരാശി എക്കാലവും പ്രവർത്തിച്ചുപോന്നത്. മാനിനെ വേട്ടയാടുന്ന പുലികളും മാനിന് ഭക്ഷണമാകുന്ന പുൽപ്പടർപ്പുകളും അത്തിമരത്തിലെ പഴങ്ങളിൽ അവകാശം സ്ഥാപിക്കുന്ന കുരങ്ങനും, അങ്ങനെ എണ്ണമറ്റ ജീവജാലങ്ങളും അവരുടെ അസ്തിത്വവും ചേരുന്നതാണ് ഭൂമിയിലെ ആവാസവ്യവസ്​ഥ. പരസ്പരപൂരിതമായ ആവാസവ്യവസ്​ഥ സംരക്ഷിക്കപ്പെടേണ്ടത്​ മനുഷ്യരാശിയുടെ മാത്രമല്ല, ഭൂമിയുടെതന്നെ നിലനിൽപിന് ആവശ്യമാണ്. മനുഷ്യനിലേക്കു​ മാത്രമായി ആവശ്യങ്ങൾ കേന്ദ്രീകരിക്കപ്പെടുമ്പോഴാണ് അത്​ വിവേചനമില്ലാത്ത കടന്നുകയറ്റമായി മാറി ഭൂമിയുടെ നിലനിൽപ്​ അപകടത്തിലാക്കുന്നത്.

ലോക ജനതക്കു മുന്നിൽ ആസന്നവും ദൂരവ്യാപകവുമായ ഭീഷണി ഉയരുമ്പോൾ പ്രകൃതിക്കുവേണ്ടി എന്തു ചെയ്യാനാകും എന്ന ചോദ്യം ശക്തമായി ഉയരുന്നു. കാലാവസ്ഥ വ്യതിയാനം ആഗോളാടിസ്ഥാനത്തിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അവയെ തടയാൻ ആഗോളമായ പ്രതിവിധികൾ ആവശ്യമാണെന്നുമാണ് 2008ൽ യു.എൻ പാസാക്കിയ മനുഷ്യാവകാശങ്ങളും കാലാവസ്ഥ വ്യതിയാനവും എന്ന പ്രമേയം പറയുന്നത്​. ഇക്കഴിഞ്ഞ ഒക്ടോബറിൽ ന്യൂയോർക്കിൽ നടന്ന യു.എൻ സമ്മേളനം കാലാവസ്ഥ വ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും ലോകമാസകലമുള്ള മനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു എന്ന്​ വിലയിരുത്തി. ജീവിക്കാനും പാർപ്പിടം, ആഹാരം, വെള്ളം തുടങ്ങിയവ യഥേഷ്ടം ഉപയോഗിക്കാനുമുള്ള മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ കാലാവസ്ഥ വ്യതിയാനങ്ങളുണ്ടാക്കുന്ന അപകടങ്ങളുടെ ആഘാതം ലഘൂകരിക്കൽ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണെന്ന് യു.എൻ റിപ്പോർട്ട് വിലയിരുത്തി. പ്രകൃതിയുടെ അവകാശങ്ങൾ സംരക്ഷിക്കൽ മനുഷ്യരാശിയുടെ ഉത്തരവാദിത്തമായി കാണണം.

വീണ്ടുവിചാരമില്ലാത്ത കടന്നുകയറ്റങ്ങൾ പ്രകൃതിയെ അപകടത്തിലാക്കുമ്പോൾ മറ്റൊരു പ്രസക്തമായ ചോദ്യം ഉയരുന്നു. മനുഷ്യർക്കെന്നതുപോലെ പ്രകൃതിയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ അംഗങ്ങൾക്കും അവകാശങ്ങളില്ലേ? അല്ലെങ്കിൽ ഉണ്ടാകേണ്ടതല്ലേ? അവ സൃഷ്ടിച്ചെടുക്കാനും സംരക്ഷിക്കാനുമുള്ള ബാധ്യത ആരുടേതാണ്? വ്യക്തികൾക്ക് അല്ലെങ്കിൽ സമൂഹത്തിന്, അവരുടെ അവകാശങ്ങൾ സ്ഥാപിക്കാൻ നിയമവഴി തേടാമെങ്കിൽ, പ്രകൃതിക്കു തന്നെ പ്രതിനിധാനംചെയ്യാൻ അഭിഭാഷകരെ ചുമതലപ്പെടുത്തിക്കൂടേ? ഉദാഹരണത്തിന്, സ്വച്ഛമായി ഒഴുകാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന നദിയും നദിയെ ചൂഷണംചെയ്യുന്നതിലൂടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന മനുഷ്യനും നിയമത്തിനു മുന്നിൽ തുല്യരാവേണ്ടതല്ലേ? ഇന്ന് ആഗോളാടിസ്ഥാനത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയമാണിത്.

പ്രകൃതി ജീവനാണ്

മനുഷ്യൻ പ്രകൃതിയുടെ സൃഷ്​ടിയാണ്, മറിച്ചല്ല എന്ന അടിസ്ഥാന സത്യം അംഗീകരിക്കുമ്പോഴാണ്​ പ്രകൃതിയിലുള്ളതെല്ലാം മനുഷ്യനെപ്പോലെതന്നെ പ്രാധാന്യമർഹിക്കുന്നവയാണെന്നു നാം തിരിച്ചറിയുന്നത്. വൃക്ഷങ്ങൾക്കും നദികൾക്കുമെല്ലാം അവരുടേതായ അസ്തിത്വമുണ്ടെന്നും അവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഇന്ത്യയിലടക്കം പ്രാചീനകാലം മുതൽ വിശ്വസിച്ചുപോന്നതായി നമുക്കറിയാം. വൃക്ഷം, വായു, ജലം, ഭൂമി, വെളിച്ചം എന്നിങ്ങനെ പ്രകൃതിയുടെ അഞ്ചു രൂപങ്ങളിലും ഈശ്വരൻ അധിവസിക്കുന്നു എന്ന് അവർ വിശ്വസിച്ചിരുന്നു. മോഹൻജൊദാരോയുടെ കാലം മുതൽ വൃക്ഷങ്ങളെ ആരാധിച്ചിരുന്നതിനു തെളിവുകളുണ്ട്. ഗ്രീക് പൗരാണിക ശാസ്ത്രത്തിൽ ഒലിവ് മരങ്ങളെ വിശുദ്ധമായി കണക്കാക്കുന്നു. ഒലിവ്​ ഗ്രീക് ജനതക്ക് ആഹാരവും ചരിത്രവും മാത്രമല്ല, ജീവിതത്തിന്റെ ഭാഗംതന്നെയാണ്.

മനുഷ്യന്റെ ആവശ്യങ്ങൾക്കുള്ളത് പ്രകൃതിയിലുണ്ട്; പക്ഷേ, അത്യാഗ്രഹങ്ങൾക്കുണ്ടാവില്ല എന്ന് നമ്മെ ഓർമിപ്പിച്ചത്​ മഹാത്മാ ഗാന്ധിയാണ്. പക്ഷേ, ഭൂമിക്കുമേൽ ആധിപത്യം സ്ഥാപിച്ച് പ്രകൃതിവിഭവങ്ങൾ വിവേചനമില്ലാതെ ഉപയോഗിക്കുകയും ഭൂമിയെ തങ്ങളിലേക്കുമാത്രം കേന്ദ്രീകരിക്കാനുമാണ്​ മനുഷ്യൻ ശ്രമിച്ചത്. അതുതന്നെയാണ്​ പ്രകൃതിയുടെ അപചയത്തിന് കാരണം. അനുദിനം വർധിക്കുന്ന താപനം തിരിച്ചുവരവില്ലാത്ത ഒരു അവസ്ഥയിലേക്ക് ഭൂമിയെ തള്ളിവിടും എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ്​ നൽകുന്നു. പഠനങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത സാഹചര്യങ്ങൾക്കുള്ള സാധ്യത അവർ അവതരിപ്പിക്കുന്നു. 2018ൽ 1.5-2.5°C വരെ ആഗോള താപന വർധനയുണ്ടായാൽ 20-30 ശതമാനം ജീവജാലങ്ങൾ വംശനാശഭീഷണിയിലാവും. അതേസമയം, ആഗോളതാപനം 3.5°C വർധിച്ചാൽ അത് 20 മുതൽ 70 ശതമാനമായി ഉയർന്നേക്കാം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി 2020കളിൽ, ഏഴു മുതൽ 77 ദശലക്ഷം ജനങ്ങൾ രൂക്ഷമായ ജലക്ഷാമം നേരിടാനുള്ള സാധ്യതയുണ്ടെന്നത്​ മറ്റൊരു ഭീകരമായ അവസ്ഥ. ലോകാരോഗ്യ സംഘടന 2014ൽ തയാറാക്കിയ റിപ്പോർട്ടനുസരിച്ച് 2030നും 2050നും ഇടക്ക് 2,50,000ത്തിലധികം ജനങ്ങൾ കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പ്​ നൽകുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എർത്ത് സയൻസസിലെ റിട്ട. പ്രഫസറായ ലേഖികയുടെ ഇമെയിൽ kusalaraj@gmail.com

(തുടരും)


Tags:    
News Summary - Rights of Nature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.