മുഹമ്മദ് സുബൈർ

ഇരുപത്തിമൂന്ന് ദിവസം നീണ്ട ജയിൽവാസത്തിനിടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ സൗകര്യപ്പെട്ടിരുന്നെങ്കിൽ വ്യാജവാർത്തകൾ തുറന്നു കാട്ടാമെന്ന് പലവട്ടം തോന്നിപ്പോയിരുന്നു മുഹമ്മദ് സുബൈറിന്. കഴിഞ്ഞ അഞ്ചുവർഷമായി വ്യാജവാർത്തകളെ പൊളിച്ചടുക്കുന്ന വസ്തുതാ പരിശോധനയിലൂന്നിയാണ് അദ്ദേഹത്തിന്റെ ജീവിതം. എന്നാലിപ്പോൾ അദ്ദേഹം തന്നെ വ്യാജവാർത്തകൾക്ക് വിഷയമായി ഭവിച്ചിരിക്കുന്നു.

ഒരു ട്വീറ്റ് ചെയ്യുന്നതിന് രണ്ടുകോടി രൂപ കിട്ടുന്നു, ബംഗ്ലാദേശുമായി ബന്ധം എന്നു തുടങ്ങി, ഒരു മുഖ്യധാരാ പത്രം വാർത്താസ്രോതസ്സിനെ ഉദ്ധരിച്ച് എഴുതിയ അരക്കോടിയുടെ ഇടപാട് നടന്നുവെന്ന വാർത്ത വരെയുള്ള ഒട്ടനവധി ദുരുദ്ദേശ്യപൂർണമായ കിംവദന്തികളാണ് ജൂൺ 27ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത അന്നുമുതൽ സുബൈറിനെതിരെ പ്രചരിക്കുന്നത്.

''എനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകൾ കേട്ടപ്പോൾ ആ നിമിഷം എനിക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവരെയെല്ലാം തുറന്നുകാട്ടി ഒരു പാഠം പഠിപ്പിക്കാമായിരുന്നുവെന്ന് തോന്നിപ്പോയി''- ചിരിച്ചുകൊണ്ട് സുബൈർ പറയുന്നുഇത്തരം വാർത്തകളെക്കുറിച്ചെല്ലാം ജയിലിൽ സന്ദർശിച്ചപ്പോൾ അഭിഭാഷകർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതേക്കുറിച്ച് ആലോചിക്കാൻ നിൽക്കേണ്ടെന്നു കരുതിയിരിക്കവെ പുറത്തുവന്ന ഒരു വാർത്ത ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

''പേമന്റ് ഗേറ്റ് വേ ആയ റേസർപേ ആൾട്ട് ന്യൂസിന് സംഭാവന നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറി എന്നറിഞ്ഞപ്പോൾ വല്ലാത്ത രോഷം വന്നു. സംഭാവന നൽകുമ്പോൾ പല സുഹൃത്തുക്കളും പരിചയക്കാരും പലതവണ ചോദിക്കാറുണ്ട് -സുബൈറേ, ഞങ്ങളുടെ വ്യക്തിവിവരങ്ങൾ വേറെ ആരുടെ കൈയിലും എത്തില്ലല്ലോ എന്ന്. അവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരില്ലെന്നും സുരക്ഷിതമായിരിക്കുമെന്നും അപ്പോഴെല്ലാം ഞാൻ ഉറപ്പുനൽകാറുള്ളതാണ്. വിശ്വസിച്ചു കൂടെനിന്നവർ ചതിക്കപ്പെട്ടതുപോലെ എനിക്കുതോന്നി.

ആൾട്ട് ന്യൂസുമായി ആലോചിക്കാതെയാണ് റേസർപേ സംഭാവന നൽകിയവരുടെ വിവരങ്ങൾ പൊലീസിനു നൽകിയത്. എന്നാൽ, അധികാരികളെ അനുസരിക്കാൻ തങ്ങൾ നിർബന്ധിതരാണ് എന്നായിരുന്നു റേസർപേയുടെ വിശദീകരണം. ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിടുന്നത് വരുംകാലത്ത് സ്ഥാപനത്തിന്റെ വളർച്ചയെത്തന്നെ ബാധിക്കുമെന്ന് ഉറപ്പായിരുന്നു.

'' ആളുകൾ പേടിച്ച് ഞങ്ങൾക്ക് സംഭാവന നൽകുന്നത് നിർത്തുമെന്നായിരുന്നു ഞാൻ കരുതിയത്''- സുബൈർ പറയുന്നുഎന്നാൽ, മോചിതനായശേഷം ലഭിച്ച വിവരം അദ്ദേഹത്തെപ്പോലും അതിശയിപ്പിച്ചു. ആ ജയിൽ കാലം കൊണ്ട് ഇരട്ടിയിലേറെയായിരിക്കുന്നു ആൾട്ട്ന്യൂസിന് ലഭിച്ച സംഭാവനകൾ. ''ജനങ്ങൾക്ക് ഞങ്ങളുമായി വൈകാരികബന്ധമുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു- അതിലാണ് എല്ലാമിരിക്കുന്നത്''

ജാമ്യവാർത്തയറിഞ്ഞ് കരഞ്ഞ അന്തേവാസി

ജയിലിൽ പൊലീസ് ഉദ്യോഗസ്ഥർ ഏറെയും സൗഹാർദപൂർണമായാണ് പെരുമാറിയത് എന്ന് സുബൈർ ഓർക്കുന്നു. ''കുറച്ച് ട്വീറ്റുകൾ ഇട്ടെന്നും പറഞ്ഞ് നിങ്ങളെ ഇതുപോലെ ആക്രമിക്കുന്നത് കഷ്ടമാണ് എന്ന് ഞങ്ങൾക്കറിയാമെന്ന് ഉദ്യോഗസ്ഥരിൽ പലരും വ്യക്തിപരമായി പറയുമായിരുന്നു. ഞാൻ സംസാരിച്ചതിൽ 70 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും രവിഷ് കുമാറിനെ ആദരിക്കുന്നവരായിരുന്നു. ബാക്കി 30 ശതമാനം പേരുടെ അഭിപ്രായത്തിൽ അദ്ദേഹം ലേശം ഇടതുപക്ഷക്കാരനാണെങ്കിലും പ്രസക്തമായ കാര്യങ്ങൾ പറയുന്ന ആളാണ്.

തിഹാർ ജയിലിലെ സെല്ലിൽ രണ്ടു സഹതടവുകാരാണുണ്ടായിരുന്നത്. ഒരാൾ അമ്പതിനോടടുത്ത് പ്രായമുള്ള കടുത്ത ശിവസേന അനുഭാവി. ഹിന്ദു ദേവീദേവന്മാർക്കെതിരെ ഞാനെന്തോ പറഞ്ഞുവെന്നാണ് തുടക്കത്തിൽ അദ്ദേഹം കരുതിയിരുന്നത്. ജയിലിൽ കിട്ടുന്ന പത്രത്തിൽ അമ്മട്ടിലെന്തെങ്കിലും വായിച്ചുകാണും. പക്ഷേ, എന്റെ ഭാഗം വിശദീകരിച്ചുകൊടുത്തതോടെ അദ്ദേഹം ശരിക്കും സുഹൃത്തായി മാറി. ഞാനും ആൾട്ട് ന്യൂസും ചെയ്തുകൊണ്ടിരിക്കുന്നതെന്താണെന്നു ബോധ്യമായപ്പോൾ അദ്ദേഹം പറഞ്ഞു- 'താങ്കൾ ചെയ്യുന്ന ജോലി വലിയ ഒരു കാര്യം തന്നെയാണ്'.

ഈ സൗഹൃദം എത്രമാത്രം ശക്തമായി എന്നുവെച്ചാൽ-സിതാപുരിലോ ഹാഥറസിലോ ഉള്ള കോടതികളിലേക്ക് കൊണ്ടുപോകുന്ന സമയം ഈ സഹതടവുകാരൻ ആകാംക്ഷയോടെ വിവരമറിയാൻ കാത്തിരിക്കുമായിരുന്നു. സുപ്രീംകോടതി ജാമ്യവിധി പ്രഖ്യാപിച്ചതറിഞ്ഞ് അദ്ദേഹം സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു; അത് വല്ലാത്തൊരു സന്തോഷം തന്നെയായിരുന്നു. മറ്റു തടവുകാരും ഉറ്റ സുഹൃത്തുക്കളെപ്പോലെയായി. ആഴ്ചക്കൊരിക്കൽ വീട്ടിലേക്ക് വിളിക്കുമ്പോൾ മക്കളോട് സുബൈറിനെക്കുറിച്ച് പറയുന്ന വിധത്തിലേക്ക് അതു വളർന്നു.

പ്രതീക് സിൻഹ ഇല്ലായിരുന്നെങ്കിൽ

ജയിൽ അധികൃതരിൽനിന്ന് മോശം പെരുമാറ്റങ്ങളുണ്ടാവാതിരിക്കാൻ ഒരു കാരണം തന്റെ സമൂഹമാധ്യമ പങ്കാളിത്തമാണെന്ന് സുബൈർ കരുതുന്നു.'പുറത്തിറങ്ങിയാൽ ജയിലിൽ നേരിടേണ്ടിവന്ന അവസ്ഥകളെക്കുറിച്ച് ഞാൻ ട്വീറ്റ് ചെയ്തേക്കുമെന്ന് അവർ കരുതിക്കാണണം''.സുബൈർ ജയിലിൽ കഴിഞ്ഞ മൂന്ന് ആഴ്ചകളിലും അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗുകൾ ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിൽ പോലും തരംഗമായിരുന്നു. പിന്തുണയുണ്ടാകുമെന്ന് സുബൈർ പ്രതീക്ഷിച്ചിരുന്നു, എന്നാൽ, ഇത്ര വലിയ അളവിലുണ്ടാകുമെന്ന് കരുതിയതേയില്ല.

പ്ര​തീക് സി​ൻ​ഹയും അ​മ്മ നി​ർ​​​ഝരി സി​ൻ​ഹ​യും

'' സാധാരണഗതിയിൽ അറസ്റ്റ് ചെയ്യപ്പെട്ടയാൾക്കുവേണ്ടിയുള്ള രോഷങ്ങളും ബഹളങ്ങളുമെല്ലാം കുറച്ചുദിവസം കൊണ്ട് കെട്ടടങ്ങാറാണ്. പക്ഷേ, എന്റെ കാര്യത്തിൽ അത് ശക്തമായി നിലനിന്നു, പിന്തുണച്ച എല്ലാവരോടും വലിയ കടപ്പാടുണ്ട്''സമൂഹമാധ്യമങ്ങളിലൂടെയുള്ള പിന്തുണ എല്ലാകാലവും നിലനിൽക്കുന്നതല്ല. ഇതുപോലുള്ള ഒരു വലിയ കേസിൽ ജാമ്യം നേടി പുറത്തിറങ്ങലും എളുപ്പമല്ല. ഡൽഹി കലാപത്തിന്റെ പേരിൽ കുടുക്കപ്പെട്ട നിരവധി ആക്ടിവിസ്റ്റുകൾ രണ്ടുവർഷത്തിലേറെയായി ജയിലിലാണ്.

''എനിക്കെതിരെ കേസൊന്നുമില്ലെന്നും കൂടിയാൽ അവരെന്നെ ഏഴെട്ട് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുമായിരിക്കുമെന്നുമാണ് ഞാൻ കരുതിയത്. പക്ഷേ, യു.പിയിൽ എനിക്കെതിരെ പൊലീസ് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചു എന്നറിഞ്ഞപ്പോൾ ശരിക്കും പേടിച്ചു. ഒന്നു രണ്ട് വർഷത്തേക്കെങ്കിലും ജയിലിൽ കിടക്കാൻവേണ്ടി മാനസികമായി തയാറെടുത്തു വരുകയായിരുന്നു ഞാൻ''.

ഈ മോചനത്തിന്റെ ക്രെഡിറ്റ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹക്കാണ്. പ്രതീക് ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോഴും ജയിലിൽ തന്നെ കിടന്നേനെ. അദ്ദേഹവും അമ്മ നിർഝരി സിൻഹയും എന്നെ പുറത്തിറക്കാൻ രാപ്പകലില്ലാതെ കഠിന പരിശ്രമം നടത്തി. യു.പിയുടെ പല ഭാഗങ്ങളിൽനിന്ന് എനിക്കെതിരെ അറസ്റ്റ് വാറണ്ടുകളുണ്ടായി. എല്ലായിടത്തും ഏറ്റവും മികച്ച വക്കീലന്മാരെ അവർ ഏർപ്പാടാക്കി. അങ്ങനെ എനിക്ക് ജാമ്യം കിട്ടി. അവർ ചെയ്തതുപോലുള്ള പരിശ്രമം മറ്റാരും ചെയ്യുമായിരുന്നില്ല.

ജീവിതം ജയിലിനുശേഷം

ജയിലിൽകഴിഞ്ഞ വേളയിൽ കുടുംബത്തെക്കുറിച്ച് വല്ലാതെ ഓർത്തിരുന്നു സുബൈർ. മാതാപിതാക്കൾ, ജീവിതപങ്കാളി, മൂന്നു മക്കൾ- അവർക്കൊപ്പം കുറച്ച് സമയം ചെലവിടണമെന്നുണ്ട്. പ്രത്യേകിച്ച് ഇളയ കുഞ്ഞിനൊപ്പം, ആ മോൾക്ക് മൂന്നര മാസമേ ആയിട്ടുള്ളൂ.അപ്പോൾ ആൾട്ട്ന്യൂസിന്റെ പ്രവർത്തനവും ട്വീറ്റുകളും? ഞാനതെല്ലാം അവസാനിപ്പിച്ചാൽ എന്റെ കുടുംബമായിരിക്കും ഏറ്റവും സന്തോഷിക്കുക. ഇതിന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം അവർ നേരിൽ കണ്ടതാണ്.

പക്ഷേ, അവർക്കറിയാം എനിക്കീ പ്രവർത്തനം നിർത്താനാവില്ലെന്ന്. 2020ൽ ആദ്യമായി എനിക്കെതിരെ ഒരു എഫ്.ഐ.ആർ വന്ന സമയത്ത് ഇപ്പണി നിർത്തണമെന്ന് അവർ പറയുമായിരുന്നു- നിങ്ങൾക്ക് നോക്കിയയിൽ നല്ലൊരു ജോലിയുണ്ട്, നമുക്ക് പലയിടങ്ങളിലും യാത്രപോകാം, സമാധാനമായി ജീവിക്കാം എന്നൊക്കെ; എന്നാൽ, ഇപ്പോൾ അവർക്കറിയാം ഇത് ഞാൻ ചെയ്യേണ്ട ഒരു ജോലിതന്നെയാണെന്ന്.

പ്രയോഗിക്കുന്ന വാക്കുകളുടെ കാര്യത്തിൽ സൂക്ഷ്മത പാലിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചേക്കാം. പക്ഷേ, എനിക്കെതിരായ മൂന്ന് എഫ്.ഐ.ആറുകൾ ട്വീറ്റുകളുടെ പേരിലല്ല, ഞാൻ നടത്തിയ വസ്തുത പരിശോധനയുടെ പേരിലാണ്. അതായത്, അവർക്ക് എനിക്കെതിരെ കേസ് കെട്ടിച്ചമക്കണമെന്നുണ്ടെങ്കിൽ അവർ ഒരു കാരണവും കണ്ടെത്തും. ട്വീറ്റ് ചെയ്യുന്നുണ്ടോ നിർത്തിയോ എന്നതൊന്നും വിഷയമല്ല.

കഴിഞ്ഞവർഷം ചെയ്ത ട്വീറ്റുകളിലൊന്നിന് വന്ന കമന്റിന് മറുപടിയായി സുബൈർ സമ്മതിക്കുന്നുണ്ട്- താൻ ഒരു മാധ്യമപ്രവർത്തകൻ അല്ലയെന്ന്. എന്നാൽ, ഇപ്പോൾ പല മാധ്യമപ്രവർത്തകരും അദ്ദേഹത്തെ തങ്ങളിലൊരാളായി കാണുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവന്നു അവർ.

ഈ വിഷയത്തിൽ സുബൈർ തന്റെ നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ഞാൻ മാധ്യമപ്രവർത്തനം പഠിച്ച് ബിരുദം നേടിയ ആളല്ല, സോഫ്റ്റ്വെയർ എൻജിനീയറാണ്, അതാണ് പഠിച്ചതും. എന്നാൽ, മാധ്യമ പ്രവർത്തകർ ചെയ്യേണ്ടിയിരുന്ന ഒരു ദൗത്യം അവർ നിർവഹിക്കുന്നില്ലെന്നു കണ്ടപ്പോൾ ഞാൻ ആ ഉത്തരവാദിത്തം നിറവേറ്റാൻ മുന്നോട്ടുവന്നു. അവർ ചെയ്യേണ്ടിയിരുന്ന ജോലിയാണ് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാൻ ശരിക്കും മാധ്യമപ്രവർത്തകൻ തന്നെയാണ്-അദ്ദേഹം തെളിച്ചു പറയുന്നു.

Tags:    
News Summary - I am doing what a journalist should do -Mohammed Zubair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.