വിഴിഞ്ഞം പദ്ധതിയിലെ ചൂഷണങ്ങൾക്കെതിരെ സംയുക്ത ആക്ഷൻ കൗൺസിൽ

നടത്തിയ സെക്ര​േട്ടറിയറ്റ് മാർച്ച്

പിടിച്ചുപറി മുതലാളിത്തത്തിന്റെ മുഖമുദ്രകൾ

വിഴിഞ്ഞമായാലും മറ്റേതു പദ്ധതിയായാലും ഇത്തരം 'പിടിച്ചുപറി മുതലാളി'ത്തത്തിെൻറ മുഖമുദ്രകള്‍ അഴിമതി, നിയമങ്ങള്‍ ലംഘിച്ചുള്ള പരിസ്ഥിതി നശീകരണം, സമുദായ നേതാക്കളെ അപകടപ്പെടുത്തല്‍, പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ദേശവാസികളെയും ആദിമജനതകളെയും അടിച്ചമർത്തല്‍, ഭരണാധികാരികളുടെ കീശവീർപ്പിച്ച് തൻകാര്യം നേടിയെടുക്കല്‍, കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടങ്ങിയവയൊക്കെയാണ്

വിഴിഞ്ഞം സമരം സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചിരിക്കുന്നു. എന്നാല്‍, ആഗോളതലത്തില്‍നിന്ന് നോക്കുമ്പോള്‍ അദാനിക്കെതിരെയുള്ള കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഈ സമരം ഒറ്റപ്പെട്ടതായിരുന്നില്ല എന്ന കാര്യം മറക്കാനാവില്ല.

അദാനിയുടെ ആഗോള പ്രവർത്തനങ്ങള്‍ പരിശോധിച്ച മനുഷ്യാവകാശ സംഘടനകള്‍ ഉയർത്തിയ ആരോപണങ്ങള്‍ ഗൗരവതരമാണ്. അതിലേറ്റവും പ്രധാനം ഭരണകൂടങ്ങളുമായുള്ള ചങ്ങാത്തത്തിലൂടെ ഉണ്ടാക്കുന്ന അഴിമതിക്കരാറുകള്‍ ആണ്. ഇത്തരം കരാറുകളുടെ സവിശേഷത അവ പലപ്പോഴും ആഗോളമൂലധനത്തിന്റെ ഏറ്റവും നെറികെട്ട ശൈലിയായ നിഷ്കാസന മൂലധനസഞ്ചയ സമീപനമാണ് (accumulation by dispossession) അവ സ്വീകരിക്കുക എന്നതാണ്.

പലപ്പോഴായി ഈ പംക്തിയിലും എന്റെ പുതിയ പുസ്തകത്തിലും ('സ്വാതന്ത്ര്യ സമരങ്ങളുടെ സൂക്ഷ്മ രാഷ്ട്രീയം', പ്രോഗ്രസ് ബുക്സ്) ഡേവിഡ് ഹാര്‍വി ചൂണ്ടിക്കാട്ടിയ ഈ പ്രക്രിയ എന്താണ് എന്നു വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനെ 'പിടിച്ചുപറി മൂലധനസഞ്ചയം' എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ.

ഈ പ്രക്രിയ വിഭവക്കൊള്ളയില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടാവാം വിഴിഞ്ഞംപദ്ധതി ആരംഭിച്ചപ്പോള്‍ ഇടതുപക്ഷം അതിനെ 'കടൽക്കൊള്ള' എന്നു വിശേഷിപ്പിച്ചത്‌. കടൽക്കൊള്ള എന്നത് രണ്ട് അർഥങ്ങളില്‍ ഇവിടെ പ്രസക്തമാണ്. കടലും കടൽത്തീരവും കൊള്ളക്കുള്ള അടിസ്ഥാനവിഭവമായി മാറുന്നു എന്നതിനാലും സ്വന്തം നിയമങ്ങള്‍ സ്വയം നിർമിക്കുന്ന കവർച്ചയാണ് നടക്കുന്നത് എന്നതിനാലും ഈ നിർവചനം അർഥവത്താണ്.

ഭരണകൂടങ്ങളുടെ ഒത്താശയോടെയാണ് പലപ്പോഴും ഇവർക്ക് ഇത്തരം പ്രവർത്തനങ്ങളില്‍ ഏർപ്പെടാന്‍ കഴിയുന്നത്‌. ആഗോള മൂലധനം ഇവരെ കൈയയച്ചു സഹായിക്കുന്നുമുണ്ട്. അദാനിയുടെ തുറുമുഖ കമ്പനിക്ക് (APSEZ) ആഗോള വിപണിയിൽനിന്നുതന്നെ ബോണ്ടുകള്‍വഴി 750 ദശലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ആഗോള ധനകാര്യ സ്ഥാപനമായ ബ്ലാക്ക് റോക്ക് അദാനി സംരംഭങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത് 108 ദശലക്ഷം ഡോളര്‍ ആണ് എന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

ഇന്ത്യയിലെയും വിദേശത്തെയും അദാനി കമ്പനികളുടെ ഇടപാടുകളില്‍ അഴിമതിയുടെ ആഴസ്പർശമുണ്ടെന്ന ആരോപണവും ശക്തമാണ്. ആസ്ട്രേലിയയിലെയും മ്യാന്മറിലെയും അദാനിയുടെ ഇടപാടുകളും അഴിമതി ആരോപണ നിഴലിലാണ്. കേരളത്തില്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സർക്കാര്‍ വിഴിഞ്ഞംപദ്ധതിയുടെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമീഷനെ നിയോഗിച്ചിരുന്നു.

സി.എ.ജി കണ്ടെത്തിയ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖക്കരാർ കടുത്ത സാമ്പത്തികനഷ്‌ടം വരുത്തിെവച്ചതായി സി.എ.ജി കണ്ടെത്തിയിരുന്നു. കരാര്‍ ഒപ്പിട്ട ഉമ്മൻ ചാണ്ടിയെ കമീഷന്‍ കുറ്റവിമുക്തനാക്കിയെങ്കിലും കരാറിലെ പല വ്യവസ്ഥകളും, ഉദാഹരണത്തിന്, ആസ്തി പണയം വെക്കാൻ അദാനി ഗ്രൂപ്പിനെ അനുവദിക്കൽ, ടെർമിനേഷൻ പേമെന്റ്‌ വ്യവസ്ഥ, കരാറുകാരനെ തിരഞ്ഞെടുത്തശേഷം പദ്ധതിയിൽ സുപ്രധാന മാറ്റംവരുത്തൽ തുടങ്ങിയവയെല്ലാം സംസ്ഥാന താൽപര്യത്തിന്‌ വിഘാതമാണെന്ന് ഈ കമീഷൻ കണ്ടെത്തുകയുണ്ടായി.

അതിനെ തുടർന്ന് ഒരു വിജിലൻസ് അന്വേഷണവും സർക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗുരുതര ആരോപണങ്ങള്‍ ആയിരുന്നു സി.എ.ജിയും കമീഷനും ഉന്നയിച്ചിരുന്നത്. 'ദേശാഭിമാനി'യുടെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവെക്കാൻ അദാനിക്ക് കരാറിലൂടെ അവസരം നൽകിയത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ്‌.

എംപവേഡ് കമ്മിറ്റി ആദ്യം തള്ളിയ വ്യവസ്ഥ നിർബന്ധപൂർവം പിന്നീട് സമ്മതിപ്പിക്കുകയായിരുന്നുവെന്ന് കമീഷൻ കണ്ടെത്തിയിരുന്നു. കരാർ കാലാവധി കഴിയുമ്പോൾ പോർട്ട് എസ്‌റ്റേറ്റ് വികസനത്തിന്റെ ഉപകരാറും അവകാശവും നൽകുന്നതും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ്‌ എന്നായിരുന്നു കണ്ടെത്തല്‍.

40 വർഷക്കരാർ അവസാനിക്കുമ്പോൾ അവസാനമാസം ലഭിച്ച റിയലൈസബിൾ ഫീസിെൻറ 30 മടങ്ങ് സംസ്ഥാന സർക്കാർ നൽകണമെന്നതാണ്‌ 'ടെർമിനേഷൻ പേമെന്റ്‌' വ്യവസ്ഥ. 19,555 കോടി രൂപ ഈയിനത്തിൽ നൽകേണ്ടിവരുമെന്നതും ഗുരുതരമായ ക്രമക്കേടായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ആഗോള കൈയൂക്കിെൻറ ആവർത്തനം

അദാനിയുടെ ആഗോള പ്രവർത്തനങ്ങളിലെ കള്ളക്കളികള്‍ അന്വേഷിക്കുന്ന 'അദാനി വാച്ച്' എന്ന സംഘടന കണ്ടെത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. റിപ്പോർട്ടില്‍ അവര്‍ ആദ്യം ചൂണ്ടിക്കാണിക്കുന്നത് അതത് സ്ഥലങ്ങളിലെ സമുദായ നേതാക്കന്മാരെയും ഗ്രാമീണരെയും പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ആക്രമിക്കുന്നു എന്നതാണ്.

വിഴിഞ്ഞത്ത് ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് ഒറ്റപ്പെട്ട കാര്യമല്ല എന്നർഥം. എല്ലായിടത്തും ഇതേ തന്ത്രം അവര്‍ പയറ്റുന്നു. എല്ലായിടത്തും അദാനി ഗ്രൂപ്പിന്റെ മറുപടി പൊലീസ് നടത്തുന്ന അക്രമങ്ങൾക്ക് തങ്ങള്‍ ഉത്തരവാദിയല്ല എന്നതായിരുന്നു! എന്നാല്‍, മധ്യപ്രദേശിലെ തെർമൽ പവര്‍ കമ്പനിയുടെ പ്രവർത്തനങ്ങളെ ചോദ്യംചെയ്ത പ്രാദേശിക നിവാസികളെയും നേതാക്കളെയും കമ്പനിയുടെ ഗുണ്ടകള്‍ ആക്രമിച്ചു എന്ന ആരോപണം അവര്‍ ഉന്നയിച്ചിരുന്നു.

പൊലീസ് അതില്‍ കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഗുജറാത്തിലെ മുന്ദ്രയിൽ അദാനി തുറമുഖ കമ്പനിക്കുവേണ്ടി പൊലീസ് അനധികൃതമായി അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകരെ ഒടുവില്‍ ഹൈകോടതി ഇടപെട്ടാണ് മോചിപ്പിച്ചത്. എല്ലാ അന്താരാഷ്ട്ര വിലക്കുകളെയും അവഗണിച്ചാണ് റോഹിങ്ക്യന്‍ മുസ് ലിം കൂട്ടക്കൊലക്കുശേഷം അദാനി ഗ്രൂപ് മ്യാന്മറിലെ പട്ടാള ഭരണകൂടവുമായി കരാര്‍ ഉണ്ടാക്കിയത്.

ഇതില്‍ കീശവീർക്കുന്നത് ആ പട്ടാള മേധാവിമാർക്കാണ് എന്ന് ആഗോള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആസ്ട്രേലിയന്‍ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ക്രിസ് സിദോതി ഒരു അഭിമുഖത്തില്‍ പറഞ്ഞത് കോർപറേറ്റ് മുഖംമൂടി അണിഞ്ഞ് അദാനി ഗ്രൂപ് ആസ്ട്രേലിയയിലും മ്യാന്മറിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ തങ്ങൾക്ക് പങ്കില്ലെന്ന് വ്യാജ പ്രസ്താവന നടത്തുകയാണ് എന്നാണ്.

ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും അദാനി കമ്പനികള്‍ അവിടങ്ങളില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ആംനസ്റ്റിയുടെ നിർണായക കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഇന്തോനേഷ്യയിലെ ബുന്യു ദ്വീപിന്റെ 14 ശതമാനം വരുന്ന 2600 ഹെക്ടര്‍ സ്ഥലമാണ് അദാനിക്ക് ലഭിച്ചതെന്നു അവിടത്തെ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ 'പിടിച്ചുപറി മൂലധന സഞ്ചയത്തിന്റെ' ഏറ്റവും നല്ല ഉദാഹരണമാണ് 50 ശതമാനത്തോളം സംരക്ഷിതവനങ്ങള്‍ കല്ക്കരി കമ്പനിക്കായി അവിടെ നല്കിയത്. വിഴിഞ്ഞത്തേതിനു സമാനമായ ആരോപണങ്ങളാണ് അവിടെയും. മത്സ്യബന്ധനം അപകടത്തിലാവുകയും ശുദ്ധജലക്ഷാമം രൂക്ഷമാവുകയും ചെയ്തിരിക്കുന്നു, ജലമലിനീകരണം ജീവിതം ദുസ്സാധ്യമാക്കിയിരിക്കുന്നു.

അവഗണിക്കപ്പെട്ട അന്വേഷണങ്ങൾ

ഗുജറാത്തിലെ ഹസീറ തുറമുഖ പദ്ധതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ 25 കോടി രൂപയാണ് അദാനിക്ക് പിഴ ചുമത്തിയത്. എന്നാല്‍, പിന്നീട് കോടതി ഇതു റദ്ദാക്കുകയായിരുന്നു. തമിഴ്നാട്ടിലെ അദാനിയുടെ കാടുപ്പള്ളി പദ്ധതി 927 ഹെക്ടര്‍ സർക്കാര്‍ ഭൂമിയും 613 ഹെക്ടര്‍ സ്വകാര്യ ഭൂമിയും കൂടാതെ 800 ഹെക്ടര്‍ കടലിൽനി‍ന്ന് വറ്റിച്ചെടുക്കുകയും ചെയ്യുന്നതാണ്.

ഇതിന്റെ പ്രത്യാഘാതങ്ങൾക്കെതിരെ ശക്തമായ സമരം അവിടെ നടക്കുന്നുണ്ട്. ഝാർഖണ്ഡിലെ ഗോദ്ദ പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമെടുപ്പും പിടിച്ചുപറി സഞ്ചയത്തിന്റെ ഉദാഹരണമായി മാറിയതായാണ് അവിടത്തെ തദ്ദേശവാസികളുടെ ആരോപണങ്ങള്‍ സൂചിപ്പിക്കുന്നത്.

അവിടെ ഭൂമി ഏറ്റെടുക്കലിനെതിരെ ആദിവാസികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. 2013ല്‍ തന്നെ അവിടെ കേന്ദ്ര സർക്കാറിന്റെ പരിസ്ഥിതി മന്ത്രാലയം നിരവധി ഗുരുതര പരിസ്ഥിതി പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. പക്ഷേ, 2014 ല്‍ ബി.ജെ.പി സർക്കാര്‍ അധികാരത്തില്‍ വന്നതോടെ അത്തരം അന്വേഷണങ്ങള്‍ അവഗണിക്കപ്പെട്ടു.

വിഴിഞ്ഞമായാലും മറ്റേതു പദ്ധതിയായാലും ഇത്തരം 'പിടിച്ചുപറി മുതലാളി'ത്തത്തിന്റെ മുഖമുദ്രകള്‍ അഴിമതി, നിയമങ്ങള്‍ ലംഘിച്ചുള്ള പരിസ്ഥിതി നശീകരണം, സമുദായ നേതാക്കളെ അപകടപ്പെടുത്തല്‍, പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ദേശവാസികളെയും ആദിമജനതകളെയും അടിച്ചമർത്തല്‍, ഭരണാധികാരികളുടെ കീശവീർപ്പിച്ച് തൻകാര്യം നേടിയെടുക്കല്‍, കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടങ്ങിയവയൊക്കെയാണ്.

ഇതിനെതിരെ ആഗോളതലത്തിൽ തന്നെ പോരാടുന്നത് ഇടതു ട്രേഡ് യൂനിയനുകളും സംഘടനകളും പരിസ്ഥിതി പ്രവർത്തകരും ദേശവാസികളും എല്ലാംചേരുന്ന ഐക്യമുന്നണികളാണ്. വിഴിഞ്ഞം പദ്ധതിയിലും അദാനിയുടെ ദുശ്ശാഠ്യങ്ങള്‍ അവസാനിപ്പിക്കാന്‍ അത്തരമൊരു ഐക്യമുന്നണി അനിവാര്യമാണ്. കേരളത്തിലെങ്കിലും സർക്കാറുകളെ മുൾമുനയിൽ നിർത്തി അക്രമത്തിലൂടെ കാര്യംനേടാന്‍ അദാനിയെ നമ്മുടെ നവോത്ഥാന പാരമ്പര്യം അനുവദിക്കില്ല എന്നാണെന്റെ വിശ്വാസം.

Tags:    
News Summary - grabbing is the hallmarks of capitalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.