വിടപറഞ്ഞത്​ നൂറ്റാണ്ടി​െൻറ താരം

ബോക്സിങ് റിങ്ങിൽ എതിരാളികൾക്കു മേൽ ചാട്ടുളിയായി പതിക്കുന്ന പഞ്ചുകൾ പോലെയായിരുന്നു മുഹമ്മദ് അലിയുടെ വാക്കുകളും. ‘കടന്നലിനെപ്പോലെ കുത്തുന്ന’ ബോക്സർ എന്നത് റിങ്ങിന് പുറത്തും അലിക്ക് ഇണങ്ങുന്ന വിശേഷണമായിരുന്നു.   ബോക്സിങ് റിങ്ങിലെ പ്രകടനങ്ങൾക്കൊപ്പം തന്നെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും ശ്രദ്ധേയനായ കായികതാരമാണ് മുഹമ്മദ് അലി. കറുത്ത വർഗക്കാരോടുള്ള വിവേചനത്തിനും അമേരിക്കയുടെ യുദ്ധാസക്തികൾക്കുമെതിരെ ‘കടന്നലിനെപ്പോലെ കുത്തുന്ന’ പ്രതികരണങ്ങളുമായി ക്ലേ  ധീരമായ നിലപാടുകൾ സ്വീകരിച്ചു. ബോക്സിങ് ലൈസൻസ് റദ്ദാക്കിയും ലോക കിരീടം തിരിച്ചുവാങ്ങിയും ഭരണകൂടം പ്രതികാര നടപടികളുമായി നേരിട്ടപ്പോഴും അലി നിലപാടുകളിൽ നിന്ന് പിന്നോട്ടുപോയില്ല.

1942 ജനുവരി 17 ന് യു.എസിലെ തെക്കൻ സംസ്ഥാനമായ കെൻറക്കിയിലെ ലൂയിവില്ലയിൽ കാഷ്യസ് മാർസെലസ് ക്ലേ സീനിയറിെൻറയൂം ഒഡിസ ഗ്രേഡിയുടെയും മൂത്ത മകനായി ജനിച്ച ക്ലേ ജൂനിയർ യാദൃശ്ചികമായല്ല ബോക്സിങ് റിങ്ങിലെത്തിയത്. വെള്ളക്കാരുടെ മക്കൾ കാറിലും മറ്റും സഞ്ചരിക്കുന്നത് കാണുകയും തനിക്ക് സൈക്കിൾ പോലും സ്വന്തമായി ഇല്ലല്ലോ എന്ന്  വിഷമിച്ച ജൂനിയർ ക്ലേക്ക് പിതാവ് സൈക്കിൾ വാങ്ങി നൽകി. പന്ത്രണ്ടാം വയസിൽ പിതാവ് വാങ്ങി നൽകിയ ൈസക്കിൾ മോഷ്ടിച്ചവനെ ഇടിച്ചിടാൻ വേണ്ടിയാണ് കാഷ്യസ് ക്ലേ ബോക്സിങ് പഠനം തുടങ്ങിയത്.  സൈക്കിൾ തേടി അലഞ്ഞ ക്ലേയെയും അനുജനെയും അവിടെയുണ്ടായിരുന്ന പൊലീസുകാരൻ തെൻറ ജിംനേഷ്യത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കറുത്ത വർഗക്കാരനെന്ന നിലയിൽ സമൂഹത്തിൽ നിന്നുണ്ടായ ആക്രമണങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനും വേണ്ടിയുള്ള കൈക്കരുത്തും മനക്കരുത്തും നേടിയാണ് ക്ലേ ബോക്സിങ് റിങ്ങിലെത്തിയത്.

 നാട്ടുകാരനായ റോണി ഒ കീഫിനെ 1954 നവംബറിൽ കീഴടക്കി ക്ലേ ബോക്സിങ് റിങ്ങിൽ ജൈത്രയാത്ര തുടങ്ങി. 1960 സെപ്റ്റംബറിൽ റോം ഒളിമ്പിക്സിലെ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ക്ലേ സ്വർണം നേടി. പോളണ്ടിെൻറ പെട്രോവ്സ്കിയെ തോൽപിച്ചാണ് 18 കാരനായ ക്ലേ ചാമ്പ്യനായത്. സ്വർണപ്പതക്കവുമായി നാട്ടിലെ ഒരു കഫേയിലെത്തിയ ക്ലേയെ കറുത്തവനെന്ന് ആക്ഷേപിച്ച് ഹോട്ടലുടമ ഇറക്കിവിട്ടു. അപമാനിതനായ ക്ലേ അമേരിക്കക്ക് വേണ്ടി നേടിയ സ്വർണമെഡൽ ജെഫേഴ്സൺ കൗണ്ടി പാലത്തിൽ നിന്ന് ഒഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞാണ് സ്വന്തം രാജ്യത്തിലെ അസമത്വത്തോട് പ്രതികരിച്ചത്.

1964 ൽ അന്നത്തെ ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ സോണി ലിസ്റ്റണെ ഇടിച്ചിട്ട് ക്ലേ ലോകകിരീടം നേടി. കിരീടപ്പോരാട്ടത്തിന് മുമ്പ്  ക്ലേ നടത്തിയ വെല്ലുവിളികൾ ഒരു 22 കാരെൻറ അപക്വമായ വീരവാദങ്ങളായാണ് ലോകം കണ്ടത്.  കിരീട നേട്ടത്തിന് രണ്ട് ദിവസത്തിന് ശേഷം ക്ലേ വീണ്ടും ലോകത്തെ ഞെട്ടിച്ചു.ഇസ്ലാം സ്വീകരിച്ച കാഷ്യസ് ക്ലേ മുഹമ്മദ് അലി ക്ലേയായി. അമേരിക്കയിലെ കറുത്തവർഗക്കാരുടെ വിമോചനത്തിനായി പോരാടിയ മാൽകം എക്സ് ആയിരുന്നു ക്ലേയെ ഇസ്ലാമിേലക്ക് നയിച്ചത്.

വിയറ്റ്നാമിൽ നിർ‌ബന്ധിത സൈനിക സേവനത്തിന് പോകണമെന്ന  അമേരിക്കൻ ഭരണകൂടത്തിൽ നിർദേശം 1967ൽ അലിക്ക് മുന്നിലും എത്തി. കൽപന നിരസിച്ച് മുഹമ്മദ് അലി യു.എസ് ഭരണകൂടത്തെ ഞെട്ടിച്ചു.  ‘കടന്നലിനെപ്പോലെ കുത്തുന്ന’ വാക്കുകൾ അമേരിക്കൻ ഭരണകൂടവും അനുഭവിച്ചറിഞ്ഞു. 'വെളുത്തവർഗക്കാരെൻറ അധീശത്വം നിലനിർത്താൻ മാത്രമായി പതിനായിരം മൈൽ സഞ്ചരിച്ച് ആളുകളെ കൊന്നൊട‌ുക്കാനും ചുട്ടെരിക്കാനും എന്നെ കിട്ടില്ല. ഇത്തരം അനീതികൾ അവസാനിക്കേണ്ട കാലവും ദിവസവുമാണിത്'.– ലോകത്തെ ഏറ്റവും ശക്തമായ ഭരണകൂടത്തിെൻറ മുഖത്തുനോക്കി കറുത്തവർഗക്കാരനായ അലി തുറന്നടിച്ചു.

ലോക കിരീടവും മെഡലുകളും തിരിച്ചുവാങ്ങിയും ബോക്സിങ് ലൈസൻസ് റദ്ദാക്കിയുമാണ് ഭരണകൂടം അലിയോട് പ്രതികാരം വീട്ടിയത്. റിങ്ങിനു പുറത്തും പോരാട്ട വീര്യം കൈവിടാതിരുന്ന മുഹമ്മദ് അലി കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടങ്ങി.  ഒടുവില്‍ അമേരിക്കന്‍ സുപ്രീം കോടതി ശിക്ഷകളെല്ലാം റദ്ദ്‌ ചെയ്ത് മെഡലുകള്‍ തിരിച്ചു കൊടുക്കാന്‍ ഉത്തരവിട്ടു.  1970 ഒക്ടോബറില്‍ ബോക്സിങ് രംഗത്തേക്ക് തിരിച്ചുവന്ന അലി രണ്ട് തവണ കൂടി ലോക കിരീടം ചൂടി.

ഇടിമുഴക്കമായിഭരണകൂടത്തെയും ബോക്സിങ് റിങ്ങിലെ എതിരാളികളെയും വിറപ്പിച്ച അലി പാർക്കിസൺസ് രോഗബാധിതനായി  കഴിയുേമ്പാഴും റിപ്പബ്ലിക്കന്‍ പ്രസിഡൻറ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിെൻറ മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെയും രംഗത്തുവന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.