ഫാസിസത്തെ എതിര്‍ക്കുന്ന 'മനുഷ്യരും അമാനവരും'

കൊച്ചിയിലും കോഴിക്കോട്ടും ഒരേ  വിഷയത്തില്‍ ഡിസംബര്‍ 20ന് രണ്ട് വ്യത്യസ്ത സംഗമങ്ങള്‍ നടക്കുന്നു. ഫാസിസത്തിനും അസഹിഷ്ണുതക്കും എതിരായി മാസങ്ങളായി നടക്കുന്ന സെമിനാറുകളുടേയും പ്രഭാഷണങ്ങളടേയും പ്രതിഷേധ പരിപാടികളുടേയും തുടര്‍ച്ച മാത്രമാണിത്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഉയിര്‍ കൊണ്ടതും സജീവ ചര്‍ച്ചയായതുമായ വിഷയമായതിനാല്‍ ഡിജിറ്റല്‍ ലോകത്ത് നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന പൊതു സമൂഹം ഇത് ഏറെയൊന്നും ചര്‍ച്ച ചെയ്തിട്ടില്ല.

കൊച്ചി ടൗണ്‍ഹാളില്‍ നടക്കുന്ന ഫാസിസ വിരുദ്ധ ‘മനുഷ്യസംഗമ’ത്തില്‍ വ്യവസ്ഥാപിത മുസ്ലിം സംഘടനകളെ പങ്കെടുപ്പിക്കുന്നില്ല എന്നതാണ് വിഷയം. മുസ്ലിം, ദളിത് സത്വ വാദങ്ങളെ മാറ്റി നിര്‍ത്തി മനുഷ്യനെന്ന വിശാല കാഴ്ചപ്പാടിലാണ് തങ്ങള്‍ ഒത്തുകൂടുന്നതെന്ന് ഇതിന്‍െറ സംഘാടകര്‍ പറയുന്നു. ചര്‍ച്ചയും പ്രതിചര്‍ച്ചയും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലാണ്. എന്നാല്‍, ഫാസിസിത്തിന്‍െറ ഭീകരവാഴ്ചക്ക് ഇരയായ മുസലിം വിഭാഗങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കാതെ ഫാസിസ വിരുദ്ധ കൂട്ടായ്മ പൂര്‍ത്തിയാവില്ളെന്ന് പറഞ്ഞ് കൊച്ചി സംഗമത്തിന് ബദലായി മറ്റൊരു കൂട്ടം ആക്ടിവിസ്റ്റുകള്‍ കോഴിക്കോട് കടപ്പുറത്ത് 'അമാനവ സംഗമം'നടത്തുന്നു. രണ്ട് സംഗമങ്ങളുടേയും സംഘാടകര്‍ ‘വെര്‍ച്വല്‍ ആക്ടിവിസ്റ്റു’കളാണ്. പ്രത്യേകിച്ച് സംഘടനകളോ വ്യവസ്ഥാപിത സംവിധാനങ്ങളോ ഇല്ല. ഒരു വര്‍ഷം മുമ്പ് നടന്ന ചുംബന സമരത്തിന്‍െറ 2015ന്‍െറ പതിപ്പ്.

ഭരണകൂട ഭീകരതയും ഫാസിസവും അസഹിഷ്ണുതയുമാണ് വിടപറയുന്ന വര്‍ഷത്തില്‍ ഇന്ത്യയുടെ അടയാളപ്പെടുത്തല്‍. ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരം അനുവദിക്കുന്നത് പോയിട്ട് ഗുലാം അലിയുടെ ഗസല്‍ പോലും കേള്‍ക്കാന്‍ പാടില്ല. അതാണ് നാട്ടിലെ നിയമം. അത് പാകിസ്താനുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍ ബംഗളൂരു എയര്‍പോര്‍ട്ടിന് ടിപ്പു സുല്‍ത്താന്‍െറ പേരിടണമെന്ന അഭിപ്രായം പറയാന്‍ ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാടിന് സ്വാതന്ത്ര്യമില്ല. അഭിപ്രായ സ്വാതന്ത്ര്യം ആശങ്കാത്മകമായ രീതിയില്‍ ഹനിക്കപ്പെടുന്നതായി സല്‍മാന്‍ റുഷ്ദിയടക്കം അന്താരാഷ്ട്ര എഴുത്തുകാര്‍ പ്രതികരിച്ചു.

എന്നാല്‍, അസഹിഷ്ണുതക്കെതിരായ മുന്നേറ്റം സ്വത്വ വാദ ഭിന്നതിയില്‍ ഉടക്കി വിഭജിക്കുന്നതാണ് കേരളത്തിലെ പുതിയ കാഴ്ച. വാസ്തവത്തില്‍ മാനവികതയെന്ന വിശാല കാഴ്ചപ്പാടില്‍ മുസ്ലിംകളും ദളിതുകളും പാര്‍ശ്വവല്‍കൃതരും ഉള്‍കൊള്ളുന്നതാണ്. എന്നാല്‍, ചില മുസ്ലിം സംഘടനകളെ പങ്കെുടുപ്പിക്കുകയാണെങ്കില്‍ തങ്ങളുടെ മതേതര സ്വഭാവം നഷ്ടപ്പെടുമോ എന്ന ഭയം സംഘാടകര്‍ പറയാതെ പറയുന്നുണ്ട്.

യു.എസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്ന റിപബ്ളിക്കന്‍ പാര്‍ടി പ്രതിനിധി ഡൊണാള്‍ഡ് ട്രംപ് ഈയിടെ നടത്തിയ പ്രസ്താവനയെ അനുകൂലിക്കുന്നവര്‍ അമേരിക്കയിലെ വലതുപക്ഷ വാദികള്‍ മാത്രമല്ല. അത് ശരിയാണെന്ന് സമ്മതിക്കുന്നവര്‍ ഇവിടേയുമുണ്ട്്. മുസ്ലിംകള്‍ക്ക് അമേരിക്കയിലേക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് ട്രംപിന്‍്റേത്. ഈയിടെ ഇസ്രായേല്‍ സന്ദര്‍ശിച്ച മുസ്ലിം സുഹൃത്ത് അനുഭവം പങ്കുവെക്കുകയുണ്ടായി. വിമാനത്താവളത്തിലെ കര്‍ശന പരിശോധനക്ക് പുറമെ തെരുവിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് രഹസ്യ പോലീസ് വന്ന് തടഞ്ഞുനിര്‍ത്തി ദേഹ പരിശോധന നടത്തിയത്രെ. ഉദ്യോഗസ്ഥരോട് കാര്യം തിരക്കിയപ്പോള്‍ പറഞ്ഞത് ഇതായിരുന്നു. ഓരാ മുസ്ലിമിന്‍െറ കൈയിലും ഒരു ബോംബുണ്ട് എന്ന് വിശ്വസിക്കണം എന്ന നിര്‍ദേശമാണത്രെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് അധികൃതര്‍ നല്‍കിയത്.  

എന്നാല്‍, കൊച്ചിയിലെ 'മനുഷ്യ സംഗമ'ത്തിന് ബദലായി 'അമാനവ' സംഗമം നടത്തുമ്പോള്‍ കൂടുതല്‍ വര്‍ഗ്ഗീകരണമാണ് സംഭവിക്കുന്നത്. മുസലിം, ഹിന്ദു സാമുദായിക സംഘടനകളെ മാറ്റി നിര്‍ത്തുക വഴി തങ്ങളുടേത് കൂടുതല്‍ മതേതരവും തഴയപ്പെട്ടവരെന്ന് പറയുന്നവര്‍ ഒത്തുകുടുമ്പോള്‍ അത് കൂടുതല്‍ സാമുദായികമായും ചിത്രീകരിക്കപ്പെടുന്നു. ഒന്നിന് ബദലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ സംഗമങ്ങള്‍ നടത്തുമ്പോള്‍ വര്‍ഗ്ഗീകരണം എളുപ്പമാവുന്നു. ഐ.എസ് തലവര്‍ അല്‍ ബഗ്ദാദിയേും തീവ്ര ഹിന്ദു നിലപാടുകാരായ ബാല്‍ താക്കറെ, ശശികല എന്നിവരെ തങ്ങള്‍ പങ്കെുടുപ്പിക്കുന്നില്ല എന്നാണ് കൊച്ചി സംഗമ സംഘാടകരുടെ ചില പോസ്റ്റ്. ഇതിലൂടെ ഒരു കൂട്ടര്‍ തീവ്ര മതേതര വാദികളും എതിര്‍ക്കുന്നവരെ സാമുദായിക വാദികളുമാക്കാനാണ് ശ്രമം.

യഥാര്‍ത്ഥത്തില്‍ മതേതരത്വത്തെ കുറിച്ച പാശ്ചാത്യ കാഴ്ചപ്പാടാണ് ആധുനികമെന്നും ശരിയെന്നും വിശ്വസിക്കുന്നിടത്താണ് പിഴവ്. ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളും വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ള മതേതര കാഴ്ചപ്പാട് മത നിരാസമല്ലെന്ന് കാണാനാവും. അങ്ങിനെ വരുമ്പോള്‍ മുസ്ലിം, ദളിത് സ്വത്വങ്ങളെ അംഗീകരിക്കുന്നത് പിന്തിരിപ്പന്‍ സമീപനമാവില്ല. അല്ലാത്തിടത്തോളം ഈ ആശയ സംഘട്ടനം തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.