ആ​ധാ​റി​നെ​ക്കു​റി​ച്ച് ആ​ർ​ക്ക​റി​യാം!

കഴിഞ്ഞ യു.പി.എ സർക്കാറിെൻറ കാലത്ത് യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനമാണ് പൗരന്മാർക്ക് ആധാർ എന്ന പേരിൽ സവിശേഷ തിരിച്ചറിയൽ രേഖ നൽകാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നത്. പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ട ഏതെങ്കിലും നിയമത്തിെൻറ പിൻബലത്തിലായിരുന്നില്ല ബഹുകോടികൾ ചെലവുവരുന്ന, രാജ്യത്തെ മുഴുവൻ മനുഷ്യരെയും സ്പർശിക്കുന്ന ഈ പദ്ധതി ആരംഭിച്ചത്. മറിച്ച്,  2009 ജനുവരി 28ന് പുറത്തിറക്കിയ ഒരു എക്സിക്യുട്ടിവ് ഓർഡറിെൻറ ബലത്തിലാണ് പദ്ധതി മുന്നോട്ടുപോയത്. പൗരെൻറ വിരലടയാളവും കൃഷ്ണമണി സ്കാനും അടക്കമുള്ള ബയോമെട്രിക് രേഖകൾ സഹിതമുള്ള 12 അക്ക നമ്പർ ഉൾപ്പെടുന്ന കാർഡാണ് ആധാർ.

നിയമ പിൻബലമില്ലാതെ ബയോമെട്രിക് വിവരശേഖരം നടത്തുന്നതിെൻറ സാധുത അന്നുതന്നെ പലരും ചോദ്യം ചെയ്തതാണ്. നിയമസാധുതയില്ലാതെ അത് തുടങ്ങിയെന്ന് മാത്രമല്ല, സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്ന അവസ്ഥയും വന്നു ചേർന്നു. ഇതിനെ ചോദ്യം ചെയ്ത് പലരും കോടതിയെ സമീപിച്ചു. ആധാർ നിർബന്ധമാക്കുന്നതിനെതിരെ പല സന്ദർഭങ്ങളിൽ കോടതിവിധിയുണ്ടായി. ഇതിനെ തുടർന്നാണ് 2016 മാർച്ച് 11ന് കേന്ദ്ര സർക്കാർ ആധാർ ആക്ട് ലോക്സഭയിൽ പാസാക്കുന്നത്. പക്ഷേ, അപ്പോഴും അതിെൻറ സ്വഭാവത്തെക്കുറിച്ചുള്ള അവ്യക്തതകൾ ധാരാളമുണ്ടായിരുന്നു. വീണ്ടും പല സന്ദർഭങ്ങളിലായി കോടതി വിമർശനങ്ങളും വിധികളും ഉണ്ടായി. ഏറ്റവും  ഒടുവിൽ, 2017 മാർച്ച് 27ന് ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് അർഥശങ്കക്കിടയില്ലാതെ വിധി പ്രസ്താവിച്ചു. സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് ആധാർ നിർബന്ധമാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികളിൽ തീർപ്പ് കൽപിച്ചുകൊണ്ടായിരുന്നു ആ വിധി.

ഒരു ഭാഗത്ത് കോടതിവിധികൾ വന്നുകൊണ്ടിരിക്കുന്ന മുറക്കുതന്നെ ആധാറിെൻറ നീരാളിപ്പിടിത്തം ജീവിതത്തിെൻറ സർവ മേഖലകളെയും വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആർക്കാണ് ഇതിെൻറ ഉത്തരവാദിത്തം, എന്തടിസ്ഥാനത്തിലാണ് ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് എന്നൊക്കെ ചോദിച്ചാൽ ഒരെത്തും പിടിയുമില്ല. അന്യൂനമായ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ തയാറാക്കപ്പെട്ട ലോകത്തിലെ ഏറ്റവും ബൃഹത്തായ സവിശേഷ തിരിച്ചറിയൽ രേഖ പദ്ധതി എന്ന അവകാശവാദം ഒരു ഭാഗത്ത് മുഴങ്ങുമ്പോൾതന്നെ ആധാറുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് അവ്യക്തത മാത്രമാണ് ഉത്തരം. ഈ അവ്യക്തതകളെ അടിവരയിടുന്നതായിരുന്നു ബുധനാഴ്ച രാജ്യസഭയിൽ നടന്ന ചർച്ചകളും അതിന് കേന്ദ്രമന്ത്രി അരുൺ െജയ്റ്റ്ലി നൽകിയ മറുപടിയും.

ആധാറിലൂടെ സമാഹരിക്കപ്പെടുന്ന ഡാറ്റയുടെ സുരക്ഷിതത്തെക്കുറിച്ച് തുടക്കം മുതൽതന്നെ പൗരാവകാശ പ്രവർത്തകർ സംശയങ്ങൾ ഉന്നയിച്ചിരുന്നു. ബയോമെട്രിക് രേഖകൾ വ്യക്തിയുടെ സ്വകാര്യതയാണെന്നിരിക്കെ അതിെൻറ സുരക്ഷിതത്വം പ്രധാനപ്പെട്ടതാണ്. എന്നാൽ, അത്തരം ആശങ്കകൾ അസ്ഥാനത്തായിരുന്നില്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആധാർ വിവരങ്ങൾ പല സ്വകാര്യ കമ്പനികളും കൈക്കലാക്കിയതായ പരാതികൾ വ്യാപകമാണ്. മുൻ  ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ആധാർ വിവരങ്ങൾ പരസ്യമായതിനെതിരെ അദ്ദേഹത്തിെൻറ ഭാര്യ സാക്ഷി ഔദ്യോഗികമായിതന്നെ പരാതി നൽകിയിട്ടുണ്ട്. ഇത് രാജ്യസഭയിൽ ചർച്ചയായപ്പോഴാണ് പെൻറഗൺവരെ ഹാക് ചെയ്യപ്പെടുന്നില്ലേ എന്ന വിചിത്ര മറുപടിയുമായി മന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്തുവന്നത്.

യു.പി.എ കാലത്ത് ആധാറിെൻറ വക്താവായിരുന്ന പി. ചിദംബരവും െജയ്റ്റ്ലിയും തമ്മിൽ ഈ വിഷയത്തിൽ സംവാദം തന്നെ രാജ്യസഭയിൽ നടന്നു. യു.പി.എ നടപ്പാക്കിയ മഹത്തായ കാൽവെപ്പായിരുന്നു ആധാർ എന്നും ഞങ്ങൾ അതിനെ വിപുലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നുമാണ് െജയ്റ്റ്ലി പറഞ്ഞത്. അപ്പോഴും അതിെൻറ സുരക്ഷിതത്വത്തെക്കുറിച്ച് പഴുതടച്ച ഉറപ്പുപറയാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

2017 ഫെബ്രുവരി 28ലെ കണക്ക് പ്രകാരം രാജ്യത്തെ 1,12,25,53,603 ജനങ്ങൾക്ക് (88 ശതമാനം) ആധാർ കാർഡുകൾ നൽകിക്കഴിഞ്ഞു. 85.368 ബില്യൺ രൂപ ഈ ആവശ്യത്തിനായി ചെലവഴിച്ചു. മൊബൈൽ സിം മുതൽ ബാങ്ക് അക്കൗണ്ടുവരെയുള്ള സർവ കാര്യങ്ങൾക്കും ആധാർ അടിസ്ഥാന രേഖയാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.  പൗരന്മാർക്ക് ദൈനംദിന ആവശ്യങ്ങൾക്കായുള്ള സർക്കാർ രേഖകളെ ഏകോപിക്കുകയെന്നത് നല്ല ആശയമാണ്. നിസ്സാരമായ കാര്യങ്ങൾക്കുവേണ്ടി വില്ലേജ് ഓഫിസ് മുതൽ താലൂക്ക് ഓഫിസുകൾ വരെ കയറിയിറങ്ങേണ്ട അവസ്ഥ നാട്ടിലുണ്ട്. പൗരെൻറ ജീവിതത്തിെൻറ നല്ലൊരു പങ്ക് ക്യൂവിൽനിന്ന് തീരുകയാണ്.

അതിന് പരിഹാരമാകുന്ന ഏകരേഖ എന്നത് എന്തുകൊണ്ടും നല്ലതാണ്. പല വികസിത രാജ്യങ്ങളിലും അത്തരം സംവിധാനങ്ങളുണ്ട്. എന്നാൽ, ആധാർ ആ നിലയിലുള്ള ഒരു അടിസ്ഥാന രേഖയാണോ എന്ന് ചോദിച്ചാൽ അഴകൊഴമ്പൻ മറുപടിയാണ് സർക്കാർ നൽകുക. ഒരേ സമയം ഇത് നിർബന്ധമല്ലെന്ന് പറയുകയും പ്രയോഗത്തിൽ ഇതില്ലാതെ കാര്യങ്ങൾ നടക്കാത്ത അവസ്ഥ സൃഷ്ടിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ഈ ഒളിച്ചു കളി അവസാനിപ്പിക്കണം. ആധാർ അടിസ്ഥാന പൗരത്വ രേഖയാണെങ്കിൽ അത് തെളിച്ചുപറയണം. അതിന് ആവശ്യമായ നിയമസാധുതയും സുരക്ഷാ സംവിധാനവും അതിന് ഒരുക്കണം. ജീവിതം ക്യൂവിൽ തളച്ചിടാതെ ഒരൊറ്റ രേഖ കൊണ്ട് കാര്യങ്ങൾ നേടാവുന്ന അവസ്ഥ സംജാതമാക്കണം. അങ്ങനെയെങ്കിൽ അതുകൊണ്ട് കാര്യമുണ്ട്. അതല്ലാതെ സബ്സിഡി വെട്ടിച്ചുരുക്കാനുള്ള ചുളുവിദ്യ എന്ന നിലക്കാണ് ആധാറിനെ കാണുന്നതെങ്കിൽ അതിന് ജനങ്ങളെ ഈ മട്ടിൽ ഉപദ്രവിക്കേണ്ട കാര്യമില്ല. അതിനാൽ, ആധാറിെൻറ കാര്യത്തിൽ വ്യക്തത വരുത്തുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്.

 

Tags:    
News Summary - who knows about aadhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.