സി.പി.എമ്മും മുസ്​ലിം രാഷ്ട്രീയ കർതൃത്വങ്ങളും

സി.പി.ഐ പിളർന്ന് സി.പി.എം ഉണ്ടായശേഷം നടക്കുന്ന ആദ്യത്തെ അസംബ്ലി തെരഞ്ഞെടുപ്പ് 1965ലാണ്. മുസ്​ലിം ലീഗുമായി അനൗപചാരിക ധാരണയിലാണ് അന്ന് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സി.പി.എം 40 സീറ്റുകളും മുസ്​ലിം ലീഗ് ആറ് സീറ്റുകളും നേടി. പിന്നീട്, 1967ൽ സി.പി.എമ്മും സി.പി.ഐയും അടക്കം സപ്തകക്ഷി മുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തിലെത്തിയതും. ഇ.എം.എസിെന്‍റ നേതൃത്വത്തിൽ രൂപവത്​കരിക്കപ്പെട്ട മന്ത്രിസഭയിൽ സി.എച്ച്​. മുഹമ്മദ് കോയ, എം.പി.എം അഹ്മദ് കുരിക്കൾ എന്നിവർ ലീഗിെൻറ മന്ത്രിമാരായി. നേരത്തേ കോൺഗ്രസുമായി ധാരണയിലായിരുന്നു മു​സ്​​ലിം ലീ​ഗ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ലീ​ഗി​ന് ഭ​ര​ണ​പ​ങ്കാ​ളി​ത്തം ന​ൽ​കാ​നോ അ​വ​രെ മാ​ന്യ​മാ​യി പ​രി​ഗ​ണി​ക്കാ​നോ കോ​ൺ​ഗ്ര​സ്​ സ​ന്ന​ദ്ധ​മാ​യി​രു​ന്നി​ല്ല. എന്നാൽ, 1965ലെ ധാരണയും 1967ലെ സഖ്യവും തെരഞ്ഞെടുപ്പ് വിജയവും ഭരണ പങ്കാളിത്തവും അതുവരെ അനുഭവിച്ച അസ്​പൃശ്യത മാറിക്കിട്ടാൻ ലീഗിന് അനുകൂല ഘടകമായി. പിന്നീട് കോൺഗ്രസുമായി വിലപേശൽ നടത്താൻപോലും ലീഗിനെ പ്രാപ്തമാക്കിയത് സി.പി.എം സഖ്യവും കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ പങ്കാളിത്തവുമാണ്.

അതുവെച്ച്, ന്യൂനപക്ഷത്തിന് അഭിമാനകരമായ രാഷ്ട്രീയ അസ്​തിത്വം നൽകിയത് തങ്ങളാണെന്ന അവകാശവാദം ഇടതുപക്ഷം ഉയർത്താറുണ്ട്. പക്ഷേ, ഇത്​ കാര്യത്തിെൻറ ഒരുവശം മാത്രമാണ്.1965ൽ ലീഗുമായുണ്ടാക്കിയ ധാരണയാണ് സി.പി.എമ്മിന് രാഷ്ട്രീയ മേൽക്കൈ ഉണ്ടാക്കിക്കൊടുത്തത് എന്ന വസ്​തുത അപ്പുറത്തുമുണ്ട്. അന്നത്തെ തെരഞ്ഞെടുപ്പിൽ പ്രമുഖരായ നേതാക്കളെല്ലാം ഒപ്പമുണ്ടായിട്ടും 79 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് കിട്ടിയത് വെറും മൂന്ന് സീറ്റുകളാണ്. 73 സീറ്റിൽ മത്സരിച്ച സി.പി.എം 40 സീറ്റും നേടി. 1967ലെ സപ്തകക്ഷി മുന്നണിയിൽ സി.പി.ഐക്ക് വെറും 22 സീറ്റുകൾ മാത്രം അനുവദിച്ച് കൊടുക്കാൻ സി.പി.എമ്മിന് ആത്്മവിശ്വാസം നൽകിയത് 1965ലെ അനുഭവമാണ്. കേരളത്തിലെ ഒന്നാം നമ്പർ ഇടതു പാർട്ടിയായി സി.പി.എമ്മിനെ മാറ്റുന്നതിൽ ലീഗിെൻറ പിന്തുണ പ്രധാനമായിരുന്നു. അതായത്, ഇക്കാര്യത്തിൽ ഏകപക്ഷീയമായ അവകാശവാദത്തിന് പ്രസക്തിയില്ല. ഇരുകൂട്ടരും പരസ്​പരം സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു എന്നതാണ് ശരി.

1957ലെ ഒന്നാം ഇ.എം.എസ്​ സർക്കാറും1967ലെ രണ്ടാം ഇ.എം.എസ്​ സർക്കാറും മുസ്​ലിം ന്യൂനപക്ഷ അസ്​തിത്വത്തെ അംഗീകരിക്കുന്ന നിലപാടുകൾ ഏറെ സ്വീകരിച്ചിട്ടുണ്ട് എന്നത് വസ്​തുതയാണ്. എന്നാൽ, പിന്നീട് ആ പാർട്ടി മറ്റൊരു ലൈനിലൂടെ സഞ്ചരിക്കുന്നതാണ് കണ്ടത്. അറബി അധ്യാപകരെ നിയമിക്കുന്നതിനെതിരെ വംശീയ ഉള്ളടക്കമുള്ള വിമർശനങ്ങൾ ഉയർത്തിയും പിന്നീട് ശരീഅത്തിനെ മുൻനിർത്തി മുസ്​ലിം വിരുദ്ധ പ്രചാരണത്തിന് ചുക്കാൻ പിടിച്ചും ഭൂരിപക്ഷ അധീശബോധത്തെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് സി.​പി.​എം സ്വീ​ക​രി​ച്ചു​പോ​ന്ന​ത്. തൊ​ണ്ണൂ​റു​ക​ളി​ൽ അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വം മു​സ്​​ലിം നാ​ടു​ക​ളി​ൽ ന​ട​ത്തുന്ന അതിക്രമങ്ങളെയും ബാബരി മസ്​ജിദ് പ്രശ്നത്തെയുമെല്ലാം മുന്നിൽ വെച്ച് മുസ്​ലിം അനുഭാവ സമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതി സൃഷ്​ടിക്കാൻ ശ്രമിച്ചുവെങ്കിലും ഉള്ളടക്കത്തിൽ എപ്പോഴും ഹി​ന്ദു​ത്വ പൊ​തു​ബോ​ധ​ത്തെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് അ​വ​ർ കൈ​ക്കൊ​ണ്ട​ത്. രാഷ്ട്രീയമായി സംഘ്​പരിവാറിനെ എതിർക്കുമ്പോഴും സാംസ്​കാരികമായി ഹിന്ദുത്വ ആഖ്യാനങ്ങളെ പിന്തുടരുകയും കോ പ്പിയടിക്കുകയുമായിരുന്നു അവർ. വി.എസ്.​ അച്യുതാനന്ദ​െൻറ ലവ് ജിഹാദ് പരാമർശം മുതൽ സ്​കൂളുകളിലെ പച്ച ബോർഡിനെതിരായ പിണറായി വിജയ​െൻറ നിലപാടുകൾ വരെ അതി​െൻറ സൂചനകളായിരുന്നു. മുസ്​ലിം വിരുദ്ധ പൊതുബോധം വളർത്തുന്നതിൽ സി.പി.എമ്മിെൻറ സാംസ്​കാരിക സംഭാവനകളും അനവധിയാണ്​.

സംഘ്​പരിവാർ ദേശീയ രാഷ്​ട്രീയത്തി​െൻറ കേന്ദ്ര സ്​ഥാനത്ത് വന്ന ശേഷം, ഹിന്ദുത്വ പൊതുബോധത്തെ അങ്ങനെത്തന്നെ ഉപജീവിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്ന വിചിത്ര രീതിയാണ് കേരളത്തിൽ സി. പി.എം സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഹസൻ–കുഞ്ഞാലിക്കുട്ടി–അമീർ സഖ്യം അധികാരത്തിൽ വരാൻ പോകുന്നുവെന്ന പ്രചാരണം നടത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അവർ നേരിട്ടത്. മുസ്​ലിം ലീഗ്, ജമാഅത്തെ ഇസ്​ലാമി എന്നീ സംഘടനകളെ മുൻനിർത്തി ദിനേനയെന്നോണം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ ചുവയുള്ള പ്രസ്​താവനകൾ അതിെൻറ തുടർച്ചയാണ്. കെ–റെയിലിനെതിരെ ഇടതുപക്ഷത്തുനിന്നുതന്നെ വിമർശനങ്ങളുയർന്നപ്പോൾ അത് ജമാഅത്തെ ഇസ്​ലാമിയുടെ മേൽ ആരോപിക്കാനാണ് സി.പി.എം മുതിർന്നത്. വഖഫ് ബോർഡുമായി ബന്ധപ്പെട്ട സമരത്തെപോലും അവർ വർഗീയതയായി കാണുന്നു. ഒരു വശത്ത് മുസ്​ലിം സാമൂഹിക സംഘടനകളെയും രാഷ്ട്രീയ പ്രസ്​ഥാനങ്ങളെയും തീവ്രവാദ ചാപ്പകുത്തി, ഹിന്ദുത്വ അധീശബോധത്തെ തൃപ്തിപ്പെടുത്തുക, മറുവശത്ത് മുസ്​ലിം സംഘടനകൾക്കിടയിൽ ഭിന്നിപ്പും വിഭജനവും സൃഷ്​ടിച്ച് മുതലെടുപ്പ് നടത്തുക എന്ന ദ്വിമുഖ തന്ത്രമാണ് സി.പി.എം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുള്ളപ്പോൾ ബി.ജെ.പി വളരില്ല എന്ന സി.പി.എമ്മിെൻറ അവകാശവാദത്തെ അടിവരയിടുന്ന വിധം, ബി.ജെ.പിക്ക് കളത്തിലിറങ്ങാൻ വിടവുനൽകാത്ത വിധത്തിലുള്ള വർഗീയ പ്രചാരണമാണ് ഈ സമ്മേളന കാലത്ത് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ ലൈൻ ഗുണം ചെയ്തു എന്ന വിലയിരുത്തലാണ് അവരെ ഇക്കാര്യത്തിൽ ആവേശം കൊള്ളിക്കുന്നത്. ഒന്നുരണ്ട് തെരഞ്ഞെടുപ്പുകളിൽകൂടി അത് ഗുണം ചെയ്തേക്കും. പക്ഷേ, പിന്നീട് പാർട്ടിതന്നെ ഉണ്ടായിരിക്കുമോ എന്ന് അവർ ഇപ്പോൾ ആലോചിക്കുന്നത് നല്ലതാണ്. 

Tags:    
News Summary - The CPM and the Muslim political establishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.