നികുതികൊള്ളക്കും വിലക്കയറ്റത്തിനും മധ്യേ


'ഒരു രാജ്യം, ഒരു നികുതി' എന്ന മനോഹര മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ അഞ്ചുവർഷം മുമ്പ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ ചരക്കുസേവന നികുതി (ജി.എസ്.ടി) സമ്പ്രദായം പരാജയം മാത്രമല്ല, വലിയൊരു ചതികൂടിയാണെന്ന് രാജ്യമൊട്ടാകെ തിരിച്ചറിയുന്ന സന്ദർഭമാണിത്. ഒരുവശത്ത്, ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും അശാസ്ത്രീയ തീരുമാനങ്ങൾ പിന്നെയും ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാൻ തന്നെയാണ് കേന്ദ്ര ഭരണകൂടത്തിന്റെ തീരുമാനം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ചണ്ഡിഗഢിൽ നടന്ന 47ാമത് ജി.എസ്.ടി കൗൺസിൽ സമ്മേളനവും സമാപിച്ചത് സംസ്ഥാന സർക്കാറുകളെയും ജനങ്ങളെയും ഇരുട്ടിൽനിർത്തിയാണ്.

ഒരു തത്ത്വദീക്ഷയുമില്ലാതെ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയതിനൊപ്പം ചില ഭക്ഷ്യസാധനങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സ്ലാബിൽ വന്നിരിക്കുന്ന മാറ്റം പ്രാഥമികമായി പരിശോധിക്കുമ്പോൾതന്നെ അവശ്യവസ്തുക്കൾക്കടക്കം വൻ വിലവർധനയുണ്ടാകുമെന്ന് ഉറപ്പാണ്. മറ്റു പ്രത്യാഘാതങ്ങൾ വഴിയേ അറിയാം. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ടിയിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കില്ലെന്ന സൂചനയും സമ്മേളനത്തിലുണ്ടായി. സംസ്ഥാനങ്ങളുടെ സമ്പദ്നിലയെ കൂടുതൽ വരിഞ്ഞുമുറുക്കുന്ന ഈ നടപടി രാജ്യത്തിനും ജനങ്ങൾക്കും വറുതിയുടെ നാളുകളായിരിക്കും സമ്മാനിക്കുക.

മാംസം, മത്സ്യം, പനീർ, മോര്, തൈര്, ഗോതമ്പുപൊടി, തേൻ, പപ്പടം എന്നിവ അഞ്ചുശതമാനം നികുതിയോടെ ജി.എസ്.ടി പരിധിയിലായി. ഇതിനുപുറമെ, കൊപ്ര, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടിപ്പരിപ്പ് പോലുള്ളവയുടെ സംഭരണ-ശേഖരണത്തിന് ഇനി മുതൽ ജി.എസ്.ടി ഈടാക്കും. മഷി, അച്ചടിമഷി, പമ്പ് സെറ്റുകൾ, മുട്ട, പഴം വേർതിരിക്കുന്ന യന്ത്രങ്ങൾ, ക്ഷീരകർഷക യന്ത്രങ്ങൾ, ശുചീകരണ യന്ത്രങ്ങൾ, എൽ.ഇ.ഡി വിളക്കുകൾ തുടങ്ങിയ ഇനങ്ങളുടെ നികുതി 12 ശതമാനത്തിൽനിന്ന് 18 ശതമാനമാക്കി ഉയർത്തിയിരിക്കുന്നു.

അഞ്ചുശതമാനം നികുതിയുണ്ടായിരുന്ന വിത്തു വേർതിരിക്കുന്ന യന്ത്രങ്ങളടക്കമുള്ള കാർഷികോപകരണങ്ങൾക്ക് മൂന്നിരട്ടിയിലധികം ജി.എസ്.ടി വർധിപ്പിച്ചിരിക്കുന്നു. തുകൽ ഉൽപന്നങ്ങളുടെ നികുതി ഏഴ് ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. സ്ലാബ് മാറ്റത്തിൽ ഉൾപ്പെട്ട ഇനങ്ങളിൽ ഏതാനും ചിലതു മാത്രമാണിത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ ഭരിക്കുന്ന 'പ്രതിപക്ഷ സംസ്ഥാന'ങ്ങളുടെ എതിർപ്പ് മറികടന്ന് തീർത്തും ഏകപക്ഷീയമായി രൂക്ഷമായ വിലക്കയറ്റത്തിനുള്ള വഴിയൊരുക്കിയിരിക്കുകയാണ് മോദി സർക്കാർ. അവശ്യവസ്തുക്കളുടെയും അറ്റ്ലസുകൾ, നോട്ടുപുസ്തകങ്ങൾ അടക്കമുള്ള പഠനോപകരണങ്ങളുടെയും വില കുത്തനെ കുതിക്കുമെന്ന് ഒറ്റ നോട്ടത്തിൽതന്നെ വ്യക്തം.

അതേസമയം, സ്ലാബ് മാറ്റത്തിനിടയിലും വൻ കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്രം മറന്നതുമില്ല. ചരക്കുനീക്കത്തിനുള്ള നികുതി ആറ് ശതമാനം കുറച്ചുവെന്നതാണ് പുതിയ പരിഷ്കരണത്തിന്റെ ഏറ്റവും വലിയ മേന്മമായി ഭരണപക്ഷം ഉയർത്തിക്കാണിക്കുന്നത്. പക്ഷേ, ഈ നികുതിയിളവ് ഉപഭോക്താക്കൾക്ക് ഏതെങ്കിലും തരത്തിൽ ഗുണംചെയ്യുമോ എന്ന് കണ്ടറിയുകതന്നെ വേണം. സാധാരണഗതിയിൽ, ഇത്തരം നികുതികൾ കുറഞ്ഞാലും ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ കുറവുണ്ടാകാറില്ല. നികുതി ഇളവിന്റെ ഗുണം കൊയ്യുക ഇടനിലക്കാരോ മുതലാളിമാരോ കോർപറേറ്റുകളോ ആയിരിക്കും.

മോദി സർക്കാറിന്റെ സാമ്പത്തികഫാഷിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. ഘടനാപരമായ പാളിച്ചകൾക്കപ്പുറം ജി.എസ്.ടിക്കു പിന്നിലെ രാഷ്ട്രീയ അജണ്ടകൾ ഇതിനകംതന്നെ വെളിപ്പെട്ട കാര്യമാണ്. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്ന സംസ്ഥാനങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധത്തിനു സമാനമായ ശിക്ഷാനടപടികളാണ് ജി.എസ്.ടി എന്ന ആയുധം ഉപയോഗിച്ച് കേന്ദ്രഭരണകൂടം കൈക്കൊള്ളുന്നത്.

പലപ്പോഴും 'പ്രതിപക്ഷ സംസ്ഥാനങ്ങൾ'ക്ക് ദൈനംദിന ചെലവുകൾക്കുപോലും കേന്ദ്രത്തിന്റെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ് ഇന്നുള്ളത്. സംസ്ഥാനങ്ങളുടെ നികുതി നിർണയാവകാശം കവർന്നാണ് വാസ്തവത്തിൽ ജി.എസ്.ടി നടപ്പാക്കിയത്. സംസ്ഥാന നികുതി വരുമാനത്തിന്റെ 44 ശതമാനം ജി.എസ്.ടിയിലേക്ക് പോകുമ്പോൾ കേന്ദ്ര വരുമാനത്തിന്റെ 28 ശതമാനമേ അതിൽ ലയിപ്പിക്കുന്നുള്ളൂ. പ്രത്യക്ഷത്തിൽതന്നെ നഷ്ടക്കച്ചവടം. എന്നല്ല, നികുതി നിരക്ക് നിശ്ചയിക്കുന്നതിൽ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും പലപ്പോഴും മുഖവിലക്കെടുക്കാറില്ല. ഇത് വലിയൊരു പ്രതിസന്ധിയായി മാറിയപ്പോഴാണ് കഴിഞ്ഞ മേയിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടത്.

നികുതി നിശ്ചയിക്കുന്നതിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ പങ്കാണെന്നായിരുന്നു വിധിയുടെ രത്നച്ചുരുക്കം. എന്നാൽ, പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയുടെ അന്തസ്സത്ത പൂർണമായും തള്ളിയാണ് കേന്ദ്രമിപ്പോൾ പുതിയ സ്ലാബ് നിശ്ചയിച്ചിരിക്കുന്നത്. സ്വതവേ, സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്തെ ജനങ്ങളെ കൂടുതൽ അനിശ്ചിതത്വത്തിലാക്കാനേ ഇതുപകരിക്കൂ. ജനവിരുദ്ധമായ ഈ നടപടിക്കെതിരെ സംസ്ഥാനസർക്കാറിന് നിയമപരമായും രാഷ്ട്രീയമായും പ്രതികരിക്കാൻ ബാധ്യതയുണ്ട്. നിർഭാഗ്യവശാൽ, അതിനുപകരം വരുമാനവർധനക്ക് പുതിയ മാർഗങ്ങൾ അന്വേഷിക്കുകയാണവർ. തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതിയുടെ പരിധിയിൽ ചെറിയ വീടുകൾകൂടി ഉൾപ്പെടുത്തുന്നതടക്കമുള്ള നടപടികളാണ് ഇടതുസർക്കാർ പരിഹാരമായി കണ്ടിരിക്കുന്നത്. ഇതും ആശാസ്യകരമല്ലെന്ന് ഓർമിപ്പിക്കട്ടെ.

Tags:    
News Summary - tax evasion and inflation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.