ഓര്‍മകളുടെ പൊടിതട്ടാന്‍ വീണ്ടും ബാബരി കേസ്

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയുമ്പോഴും ലോകത്തെ നടുക്കിയ ആ അത്യാഹിതത്തിന്‍െറ പേരില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല എന്ന നീതിന്യായ ദുരന്തം വിസ്മൃതിയിലേക്ക് മാഞ്ഞുകൊണ്ടിരിക്കെ അതിന്‍െറ ഓര്‍മകള്‍ പൊടിതട്ടിയെടുക്കാന്‍ സുപ്രീംകോടതിതന്നെ വഴിയൊരുക്കിയിരിക്കുന്നു. ബാബരി മസ്ജിദ് തകര്‍ത്ത വിഷയത്തില്‍ ഗൂഢാലോചനയിലേര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി  എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്, ഉമാഭാരതി തുടങ്ങി 13 പ്രമുഖ നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍  സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി പ്രതികളെ കുറ്റമുക്തമാക്കിയ കീഴ്ക്കോടതി വിധി സുപ്രീംകോടതി തിരുത്താന്‍ പോവുകയാണ്.

ബാബരി ധ്വംസനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ടു പ്രധാന കേസുകളിലൊന്നായ ഗൂഢാലോചന കേസില്‍നിന്ന് അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയടക്കമുള്ളവരെ കുറ്റമുക്തനാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. വ്യക്തമായ ഗൂഢാലോചനക്ക് ശേഷമാണ് രാജ്യത്തിന്‍െറ മതേതര ഈടുവെപ്പുകളെ മുഴുവന്‍ ധൂമപടലങ്ങളാക്കിയ മസ്ജിദ് ധ്വംസനം നടത്തിയത്് എന്ന സാമാന്യജനത്തിനുപോലും ബോധ്യമായ ഒരു വിഷയത്തില്‍,  സാങ്കേതികതയുടെ കാരണം പറഞ്ഞ് സ്പെഷല്‍ ജഡ്ജി എസ്.കെ. ശുക്ള പ്രതികളെ വിട്ടയച്ചത് നമ്മുടെ രാജ്യത്തെ നീതിന്യായക്രമത്തിന്‍െറ വിശ്വാസ്യതയെതന്നെ ഉലച്ച സംഭവമാണ്. കോടതിനടപടിക്കെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നപ്പോള്‍ കേസ് അന്വേഷിച്ച സി.ബി.ഐ ഹൈകോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. മസ്ജിദിന്‍െറ ധ്വംസനം ആസൂത്രിതമായ ഗൂഢാലോചന ആവാം എന്നാണ് 2011 ഫെബ്രുവരിയില്‍,  സി.ബി.ഐ പരമോന്നത നീതിപീഠത്തെ ബോധിപ്പിച്ചത്.

ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരായിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത്. കേസിന്‍െറ വിവിധ മാനങ്ങള്‍ പരിശോധിച്ച സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്: ‘ഈ കേസില്‍ പ്രത്യേകിച്ച് എന്തെക്കെയോ നടക്കുന്നുണ്ടായിരുന്നു’. അത് എന്താണെന്ന് സാമാന്യജനത്തിന് അറിയാം. സംഘ്പരിവാറിന്‍െറ അമരക്കാരുടെ അനുഗ്രഹാശിസ്സുകളോടെ പൂര്‍ത്തിയാക്കിയ ബാബരിധ്വംസനത്തിന്‍െറ പാപപങ്കിലതകളില്‍നിന്ന് എല്ലാവരെയും രക്ഷപ്പെടുത്താനുള്ള ഹീനശ്രമമായിരുന്നു അത്. മാര്‍ച്ച് 22നു കേസില്‍ അന്തിമതീര്‍പ്പുണ്ടാകുമ്പോള്‍ പ്രതികളായ 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ പരമോന്നത നീതിപീഠം അനുവദിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

ബാബരി ദുരന്തം കാല്‍നൂറ്റാണ്ടിനു ശേഷവും ഇന്ത്യന്‍ മന$സാക്ഷിയെ പിടിച്ചുലക്കുന്നത് നമ്മുടെ ജനാധിപത്യ മതേതര സംവിധാനത്തില്‍ നിയമവാഴ്ച പിന്തിരിപ്പന്‍ ശക്തികളുടെ മുന്നില്‍പോലും  മുട്ടുമടക്കുന്നതുകൊണ്ടാണ്. നീതിന്യായക്രമം രാജ്യത്തിന്‍െറ അപഥസഞ്ചാരപഥത്തെ തിരുത്തുന്നതില്‍ പരാജയപ്പെടുന്നു എന്ന പാഠവും ഇതിലടങ്ങിയിട്ടുണ്ട്്. 1992 ഡിസംബര്‍ ആറിന്‍െറ കാപാലികത നടപ്പാക്കിയവരില്‍ ആരേയും നീതിവ്യവസ്ഥക്ക് പിടികൂടാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല, രാജ്യത്തിന്‍െറ ഗമനം തന്നെ തിരിച്ചുവിട്ട ആ ദുരന്തത്തിന്‍െറ ഉത്തരവാദികള്‍ ഏതെങ്കിലും തരത്തില്‍ ശിക്ഷിക്കപ്പെടണം എന്ന നീതിമനസ്സ് പൗരന്മാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പോലും സന്നദ്ധമായില്ല എന്നതാണ്. സാങ്കേതിക കാരണം പറഞ്ഞ് അദ്വാനിമാരെ കുറ്റമുക്തമാക്കിയ ന്യായാസനത്തിന്‍െറ നീതിബോധം എത്ര വികലമാണെന്ന്് ആര്‍ക്കും വായിച്ചെടുക്കാനാവും.

ആ തീര്‍പ്പിനെതിരെ അപ്പീല്‍ പോകാന്‍ ഒരു പതിറ്റാണ്ട് വേണ്ടിവന്നു എന്ന ദുര്യോഗം, രാജ്യത്തിന്‍െറ ഏകതക്കും അഖണ്ഡതക്കും വെല്ലുവിളി ഉയര്‍ത്തുന്ന എത്ര ഗൗരവമേറിയ അപരാധമായാലും ശരി അധികാരവും സ്വാധീനശേഷിയുമുള്ളവര്‍ക്ക് ഇവിടെ രക്ഷപ്പെടാന്‍ പഴുതുണ്ട് എന്ന തെറ്റായ സന്ദേശം തുടരത്തെുടരെ കൈമാറ്റം ചെയ്യപ്പെടുന്നു. ബാബരിദുരന്തത്തിനു തൊട്ടയുടന്‍ അയോധ്യ പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് നാലര നൂറ്റാണ്ടിലേറെ പഴക്കമുള്ള ബാബരി മസ്ജിദിന്മേല്‍ ‘ലക്ഷക്കണക്കിന് അജ്ഞാതരായ കര്‍സേവകര്‍’  നടത്തിയ നശീകരണം സംബന്ധിച്ചാണ്.

പള്ളി തകര്‍ത്തെറിഞ്ഞ് പൊടിപടലങ്ങളാക്കിയ ഈ സംഭവത്തിനു നേതൃത്വം കൊടുത്തത് ആരൊക്കെയാണെന്ന് പൊലീസിന് നന്നായറിയാം. ‘തച്ചുടക്കൂ, തച്ചുടക്കൂ’ എന്ന് ആക്രോശിച്ചവരുടെ ഭാവഹാവാദികള്‍ അജ്ഞാതരുടേതല്ല. എന്നിട്ടും ഈ കേസില്‍ ആരെയും പിടികൂടാനോ ഇവിടെ നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കാനോ സാധിക്കാതെ പോവുന്നത് മറ്റൊരു ദുരന്തം തന്നെയാണ്. ഗൂഢാലോചന കേസ് പുനരുജ്ജീവിപ്പിക്കാന്‍ പരമോന്നത നീതിപീഠം കല്‍പിക്കുകയാണെങ്കില്‍ ചുരുങ്ങിയത് കീഴ്ക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവ് തിരുത്തപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കാനെങ്കിലും പ്രയോജനപ്പെട്ടേനെ. അല്ലാതെ പള്ളിപൊളിച്ചതിന്‍െറ പേരില്‍ എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ ജയിലിലടക്കപ്പെടുമെന്ന് സാമാന്യജനം പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

Tags:    
News Summary - remember again babri case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.