ദേശസാല്‍കൃത റൂട്ടുകളിലെ സ്വകാര്യ പെര്‍മിറ്റും കെ.എസ്.ആര്‍.ടി.സിയും

സംസ്ഥാനത്തെ പഴക്കംചെന്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി). മഹത്തായ പാരമ്പര്യമുള്ള സ്ഥാപനമാണെങ്കിലും ആളുകള്‍ വലിയൊരു തമാശയായിട്ടാണ് മൊത്തത്തില്‍ അതിനെ കാണുന്നത്. കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി മാറിയ ആ സ്ഥാപനം ഇനിയും ഈ മട്ടില്‍ തുടരേണ്ടതുണ്ടോ എന്ന് പൊതുജനം ചോദിച്ചുതുടങ്ങിയിട്ടുണ്ട്. 140 കോടി രൂപയോളം വരും അതിന്‍െറ പ്രതിമാസ നഷ്ടം. ഇത്രയും ഭീമമായ നഷ്ടം വഹിച്ച് തുടരേണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍, പൊതുസേവന സംരംഭം കേവലം ലാഭനഷ്ടക്കണക്കില്‍ മാത്രം കാണരുതെന്ന് സിദ്ധാന്തം പറയും ബന്ധപ്പെട്ടവര്‍.

എന്നാല്‍, നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ മികച്ച സര്‍വിസ് നല്‍കി നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, നമ്മുടെ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ശമ്പളവും പെന്‍ഷനും മുടങ്ങുന്നതിന്‍െറയും വൈകുന്നതിന്‍െറയും പേരില്‍ ജീവനക്കാരും പെന്‍ഷന്‍കാരും പ്രത്യക്ഷ സമരങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നു.

കെ.എസ്.ആര്‍.ടി.സിയെ മെച്ചപ്പെടുത്തുകയെന്നത് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നയമാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്ഥാപനത്തെ ലാഭത്തിലാക്കുന്ന തരത്തില്‍ പുനരുദ്ധാരണ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് രണ്ടാഴ്ച മുമ്പ് പ്രസ്താവിച്ചത്. കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രഫ. സുശീല്‍ ഖന്നയെ പുനരുദ്ധാരണ പാക്കേജ് സമര്‍പ്പിക്കാനായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. 2016 ഡിസംബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അന്തിമ റിപ്പോര്‍ട്ട് ഇതുവരെയും വന്നിട്ടില്ല.

കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ തൂക്കിവിറ്റാല്‍തന്നെ വന്‍തുക ലഭിക്കുമെന്നാണ് ദോഷൈക ദൃക്കുകള്‍ പരിഹാസവാക്ക് പറയാറുള്ളത്.  സുശീല്‍ ഖന്ന എന്ത് മാന്ത്രിക വിദ്യയാണ് മുന്നോട്ടുവെക്കാന്‍ പോകുന്നതെന്നും എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോവുന്നതെന്നതും കാത്തിരുന്നു കാണേണ്ടതാണ്.

എന്തുതന്നെയായാലും കെ.എസ്.ആര്‍.ടി.സി ഇന്ന് ഒട്ടും ജനപ്രിയമായ സ്ഥാപനമല്ല. അതിനെ ഇങ്ങനെയാക്കുന്നതില്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ക്കും തൊഴിലാളി യൂനിയനുകള്‍ക്കും പങ്കുണ്ട്. ബസുകളുടെ എണ്ണവും ജീവനക്കാരുടെ അനുപാതവും എടുത്താല്‍ ഏറ്റവും ഉയര്‍ന്ന ദേശീയ ശരാശരി കെ.എസ്.ആര്‍.ടി.സിയുടെതാണ്. താല്‍ക്കാലിക ജീവനക്കാരെകൂടി പരിഗണിച്ചാല്‍ ഒരു ബസിന് ഒമ്പത് ജീവനക്കാരാണുള്ളത്.

എന്നിട്ടും രണ്ടാളെ വെച്ച് ഓടിക്കുന്ന സ്വകാര്യ ബസുകാര്‍ നല്‍കുന്ന സേവനത്തിന്‍െറ പകുതിപോലും നല്‍കാന്‍ അവര്‍ക്കാവുന്നില്ല. ജീവനക്കാരുടെ സംഘടനകള്‍ക്ക് അതിനാല്‍തന്നെ ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. സി.പി.എം അനുകൂല ട്രേഡ് യൂനിയനാണ് സ്ഥാപനത്തിലെ ഏറ്റവും പ്രബല സംഘടന. സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, അവരുടെ ട്രേഡ് യൂനിയന് ആധിപത്യമുള്ള ഒരു പൊതുമേഖല സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ അവരെന്തെങ്കിലും നടപടിയെടുക്കുമോ?

മന്ത്രിമാര്‍ വലിയ പ്രസ്താവനകള്‍ നടത്തുമ്പോഴും കാര്യങ്ങള്‍ പോകുന്നത് നല്ല ദിശയിലല്ല എന്നതാണ് പുറത്തുവരുന്ന സൂചനകള്‍. സംസ്ഥാനത്തെ ദേശസാല്‍കൃത റൂട്ടുകളില്‍ ഇന്ന് സ്വകാര്യ സര്‍വിസുകള്‍ നിര്‍ബാധം നടക്കുന്നുണ്ട്. ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ പെര്‍മിറ്റുകള്‍ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2009 മേയ് മാസത്തില്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്ത് പ്രസ്തുത വിജ്ഞാപനം  റദ്ദാക്കി സ്വകാര്യ ബസുകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു.

31 ദേശസാല്‍കൃത റൂട്ടുകളിലെ പെര്‍മിറ്റും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റും സംബന്ധിച്ച് 2016 ഫെബ്രുവരി എട്ടിന് യു.ഡി.എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍െറ കാലാവധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരിക്കുകയാണ്. ഈ ദേശസാല്‍കൃത റൂട്ടുകള്‍ തിരിച്ചുപിടിച്ച് കെ.എസ്.ആര്‍.ടി.സിയുടെ കൂടുതല്‍ സര്‍വിസുകള്‍ അനുവദിക്കുകയാണ് സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ ചെയ്യേണ്ടത്. എന്നാല്‍, ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ സര്‍വിസ് അനുവദിക്കുന്ന വിജ്ഞാപനം എല്‍.ഡി.എഫ് സര്‍ക്കാര്‍  പുതുക്കിയിറക്കാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍. സ്വകാര്യ ബസ് ഓപറേറ്റര്‍മാരുടെ സംഘടനാ നേതൃത്വം അത്തരത്തില്‍ പരസ്യ പ്രസ്താവനകള്‍ വരെ ഇറക്കിക്കഴിഞ്ഞു.

അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച അതേ സമീപനംതന്നെയാണ് എല്‍.ഡി.എഫ് സര്‍ക്കാറും സ്വീകരിക്കുന്നതെന്ന് കരുതേണ്ടിവരും. ദേശസാല്‍കൃത റൂട്ടുകളില്‍ സാധാരണക്കാര്‍ക്കും ഹ്രസ്വദൂര യാത്രക്കാര്‍ക്കും ഉപകരിക്കുന്ന തരത്തില്‍ ഓര്‍ഡിനറി സര്‍വിസുകള്‍ വര്‍ധിപ്പിക്കുകയും പ്രസ്തുത റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ കുത്തകയാക്കുകയുമാണ് സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു കാര്യം.

എന്നാല്‍, അതിന് സന്നദ്ധമാവാതെ സ്വകാര്യ പെര്‍മിറ്റുകള്‍ നിര്‍ബാധം അനുവദിക്കുന്ന രീതിതന്നെയാണ് എല്‍.ഡി.എഫും സ്വീകരിക്കുന്നതെങ്കില്‍ മന്ത്രിമാരുടെ പ്രഖ്യാപനങ്ങളില്‍ ആത്മാര്‍ഥതയില്ല എന്ന് പറയേണ്ടിവരും. ഓര്‍ഡിനറി സര്‍വിസുകള്‍, അന്തര്‍സംസ്ഥാന സര്‍വിസുകള്‍, ആഡംബര സര്‍വിസുകള്‍ എന്നിവ വര്‍ധിപ്പിക്കുകയും മികച്ച സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്താല്‍ സ്ഥാപനത്തെ ജനപ്രിയമാക്കാന്‍ കഴിയും. ആത്മാര്‍ഥവും ധീരവുമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുമോ എന്നതാണ് പ്രധാന ചോദ്യം.

Tags:    
News Summary - private permit and ksrtc in nationalize route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.