വീണ്ടുവിചാരമില്ലാത്ത എണ്ണക്കളി




ലോകം ഒരിക്കൽകൂടി എണ്ണവ്യാപാര സംഘർഷത്തിലേക്ക് തെന്നിവീഴുമോ? കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കയും ഒ​െപക് രാജ്യങ്ങളും തമ്മിൽ നടക്കുന്ന എണ്ണവില നിയന്ത്രണത്തിനായുള്ള 'യുദ്ധം' അത്തരമൊരു ഭീതി ജനിപ്പിക്കാനിടവരുത്തിയിട്ടുണ്ട്. അതിനെ കനപ്പിക്കുന്നു, കരുതൽശേഖരത്തിൽനിന്ന് ദശലക്ഷക്കണക്കിന് ബാരൽ എണ്ണ പൊതുവിപണിയിലിറക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ, ബ്രിട്ടൻ രാജ്യങ്ങളുടെ പുതിയ പ്രഖ്യാപനം. ഇതിനോട് ഒ​െപക് പ്ലസ് രാജ്യങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡിസംബർ രണ്ടിന് ചേരുന്ന യോഗമായിരിക്കും ആ ചോദ്യത്തിന് ഉത്തരമേകുക. എന്നാൽ, അമേരിക്കയുടെ നേതൃത്വത്തിലെ പ്രധാന ഉപഭോക്തൃ രാജ്യങ്ങളുടെ പുതിയ തീരുമാനശേഷവും ക്രൂഡ് ഒായിൽ വില ബാരലിന് 82 ഡോളറിലേക്ക് ഉയർന്നിരിക്കുന്നു. 2014നുശേഷം ആദ്യമായാണ് വില ബാരലിന് 80 കടക്കുന്നത്. അപ്രതീക്ഷിതവും അന്തർദേശീയ നയതന്ത്രബന്ധങ്ങളെ സങ്കീർണമാക്കുകയും ചെയ്യുന്നതാണ്​ അമേരിക്കൻ നടപടി. പ​േക്ഷ, ഈ തീരുമാനം എണ്ണവില പെ​െട്ടന്ന് കുറക്കാനിടയാക്കുകയില്ലെന്നാണ്​ വിദഗ്​ധരുടെ നിരീക്ഷണം.

പെട്രോളിയം ഉൽപന്നങ്ങളുടെ രാജ്യാന്തര വില നിയന്ത്രിക്കാൻ അമേരിക്ക 50 കോടി, ജപ്പാൻ 45 ലക്ഷം, ബ്രിട്ടൻ 15 ലക്ഷം, ഇന്ത്യ 50 ലക്ഷം ബാരൽ ക്രൂഡ്​ ഓയിലാണ് കമ്പനികളിലേക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയും ദക്ഷിണ കൊറിയയും അളവെത്രയെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ നടപടി ഉൽപാദക രാജ്യങ്ങളെ ഉൽപാദനം വർധിപ്പിക്കാനും വില കുറക്കാനും നിർബന്ധിതമാക്കുമെന്നാണ് അമേരിക്കൻ പക്ഷം കരുതുന്നത്. യഥാർഥത്തിൽ, എണ്ണവില നിർണയ പ്രക്രിയ ചോദനയുടെയും വിതരണത്തിെൻറയും ലളിതമായ വിപണിനിയമങ്ങൾക്കപ്പുറമാണ്. പടിഞ്ഞാറൻ ഭരണകൂടങ്ങളിലും വിപണിയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഏഴ്​ വമ്പൻ കമ്പനികളുടെ പകിടകളിയാണ്​ എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ തീരുമാനിക്കുന്നത്​. ആഗോള സമ്പദ്​വ്യവസ്ഥയുടെ ചലനാത്മകത നിർണയിക്കുന്നതിൽ അതിനിർണായക പദവിയുള്ള എണ്ണ വില പലപ്പോഴും രാജ്യങ്ങളുടെ അധികാരത്തെ വരെ മാറ്റിമറിക്കാൻ ഇടവരുത്തുന്നതുമാണ്. സൗദിയുമടക്കമുള്ള ഒ​െപക് രാജ്യങ്ങളുടെയും റഷ്യയുടെയും സാമ്പത്തിക, രാഷ്​ട്രീയ മോഹങ്ങളും അമേരിക്കയുടെയും ചൈനയുടെയും താൽപര്യങ്ങളുമാണ് ആത്യന്തികമായി വിലനിർണയത്തിൽ നിർണായക പങ്ക് വഹിക്കുന്നത്.

കോവിഡിൽ തകർന്ന രാജ്യങ്ങൾ അവരുടെ സാമ്പത്തിക ഉയിർത്തെഴുന്നേൽപിന് എണ്ണവില പ്രധാന ആയുധമാക്കുന്നിടത്താണ് പുതിയ രാഷ്​ട്രീയ പ്രതിസന്ധി ഉയിരെടുക്കുന്നത്. ഒ​െപക് രാജ്യങ്ങൾക്ക് വിലവർധനയല്ലാതെ മറ്റു മാർഗങ്ങളില്ല. അമേരിക്കയുടെയും ഇന്ത്യയുടെയും തകർന്നുകിടക്കുന്ന സമ്പദ്​വ്യവസ്ഥയെ അത് കൂടുതൽ സങ്കീർണവും രൂക്ഷവുമാക്കും. സാമ്പത്തിക ഉയിർപ്പിന് വെമ്പുന്ന ചൈനയുടെയും ജപ്പാെൻറയും അതിരുകളില്ലാത്ത ഉൽപാദനമോഹത്തെ ഈ വിലവർധന പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. കൂടാതെ, ഇന്ത്യയിലെയും യു.എസിലെയും ഭരണകൂടങ്ങൾക്ക്​ 2022ൽ നടക്കുന്ന ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പുകളിൽ പിടിച്ചുനിൽക്കാനും രാജ്യാന്തരമായി എണ്ണവില കുറയേണ്ടത് രാഷ്​ട്രീയപരമായും അത്യാവശ്യമാണ്. ലോകത്തെ കരുതൽ എണ്ണശേഖരത്തിെൻറ 79.4 ശതമാനവും കൈവശമുള്ള ഒ​െപക് രാജ്യങ്ങൾ ഈ സമ്മർദങ്ങൾക്ക് വഴങ്ങുമോ എന്നാണ് അറിയേണ്ടത്. വഴങ്ങേണ്ടതില്ലെന്നാണ് സൗദി അറേബ്യയുടെ ആഗ്രഹം. എന്നാൽ, സൗദിയെപ്പോലെ ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്ന റഷ്യയുടെ നിലപാടായിരിക്കും വിധി നിർണയിക്കുക. പുടിൻ പുലർത്തുന്ന മൗനവും റഷ്യയുടെമേൽ അമേരിക്കയും ചൈനയും ചെലുത്തുന്ന അതിസമ്മർദവും നയതന്ത്ര ദുരൂഹത വർധിപ്പിക്കുന്നതാണ്.

കോവിഡ് കാലത്ത് വീപ്പക്ക്‌ 19 ഡോളറിനു വാങ്ങിയ കരുതൽശേഖരം ഇപ്പോൾ പൊതുവിപണിയിലിറക്കുന്നതിലൂടെ കേന്ദ്ര സർക്കാറിന് ഇടിഞ്ഞുകൊണ്ടിരിക്കുന്ന രൂപയുടെ മൂല്യത്തെ പിടിച്ചുനിർത്താനും ഇന്ധനതീരുവ കുറച്ചതുവഴി ഉണ്ടായ നഷ്​ടം നികത്താനും ഉപകരിച്ചേക്കും. മുമ്പ്​ റിസർവ് ബാങ്കിെൻറ കരുതൽധനമെടുത്ത് കുത്തിത്തിന്നതുപോലെ ആപത്തുകാലത്തേക്ക് സൂക്ഷിച്ചുവെച്ചിരിക്കുന്ന എണ്ണയാണ് താൽക്കാലിക രാഷ്​ട്രീയതാൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതെന്ന്​ മറക്കരുത്​. എണ്ണസംഭരണികളിലെ 30 ശതമാനം സ്ഥലം സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന്​ നൽകി ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡിന്​ (ഐ.എസ്‌.പി.ആർ.എൽ) ലാഭമുണ്ടാക്കാനുള്ള തന്ത്രവും ഈ തീരുമാനത്തിനു പിന്നിലുണ്ട്. മംഗളൂരുവിലെ അവരുടെ രണ്ടു സംഭരണികളിലൊന്ന് 2019ൽതന്നെ വിദേശ ഒായിൽ കമ്പനിക്ക് കൈമാറിയതാണ്. പൗരജനങ്ങളുടെ മുതുക് ഞെരിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ ഭീമമായ നികുതികൾ കുറക്കാതെ നടത്തുന്ന ഈ കിട്ടുണ്ണിസർക്കസ് രാജ്യത്തിന് ഒരുപകാരവും സമ്മാനിക്കുകയില്ല. റിസർവ് ബാങ്ക് കരുതൽധന ഉപയോഗം പാഴായതുപോലെ ഇതും യു.പി തെരഞ്ഞെടുപ്പിനുവേണ്ടി ദുരുപയോഗപ്പെടുക മാത്രമാണ് സംഭവിക്കാൻ പോകുന്നത്. അമേരിക്കയുടെ താൽപര്യങ്ങൾക്കു വിധേയമായി സ്വീകരിച്ച ഈ തീരുമാനം രാജ്യത്തിനകത്ത് എണ്ണവില കുറക്കാൻ ഉപകരിക്കുകയില്ലെന്നു മാത്രമല്ല, ഒ​െപക് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിക്കാനും ഇടവരുത്തിയേക്കും. 72 കോടി ബാരലിലേറെ കരുതൽശേഖരമുള്ള, ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്ന അമേരിക്കയും നാലു കോടി വീപ്പയിൽ താഴെ മാത്രം കരുതൽശേഖരമുള്ള, ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും രാജ്യാന്തര എണ്ണവിപണിയിൽ ഒരേ നയതന്ത്രക്കളിക്കിറങ്ങുന്നത് രാജ്യതാൽപര്യത്തിന് വൻ തിരിച്ചടിക്കായിരിക്കും ഹേതുവാകുക. 

Tags:    
News Summary - Nov 26th editorial on oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.