ഇല്ലാതാക്കേണ്ടത് ഗുണ്ടകളെ ഉല്‍പാദിപ്പിക്കുന്ന സാഹചര്യം

സംസ്ഥാനത്ത് ക്രമസമാധാനം തകരുന്നുവെന്ന പരാതികള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ ഗുണ്ട ആക്ടിന്‍െറ പരിധിയില്‍വരുന്ന 2010 പേരെ കര്‍ശനമായി നിരീക്ഷിക്കാനും പിടികൂടാനും പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത. ഇതുപ്രകാരം മുഴുവന്‍ ഗുണ്ടകളെയും മാര്‍ച്ച് 20ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് ഇന്‍റലിജന്‍സ് ഡി.ജി.പി മേഖല ഐ.ജിമാര്‍ക്കും ജില്ല പൊലീസ് മേധാവികള്‍ക്കും കലക്ടര്‍മാര്‍ക്കും അയച്ച സര്‍ക്കുലറിലുണ്ടത്രെ. കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകല്‍, ബ്ളാക്മെയ്ലിങ്, ബലാത്സംഗം, ബ്ളേഡ് പലിശയുമായും ഹവാലയുമായും ബന്ധപ്പെട്ട സാമ്പത്തിക കുറ്റങ്ങള്‍ തുടങ്ങിയവയാണ് 2007ല്‍ കൊണ്ടുവന്നതും പിന്നീട് 2014ല്‍ ഭേദഗതിചെയ്തതുമായ കാപ്പ നിയമപ്രകാരം ശിക്ഷാര്‍ഹമായ കൃത്യങ്ങള്‍.  ഈ നിയമം യഥാവിധി യഥാസമയം നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ന് ആശങ്കിക്കപ്പെടുന്നപോലെ കേരളം കുറ്റവാളികളുടെയും ഗുണ്ടകളുടെയും സാമൂഹിക വിരുദ്ധരുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും പറുദീസയായി മാറാന്‍ മാത്രം സ്ഥിതി വഷളാവുമായിരുന്നില്ല. കഴിഞ്ഞ വര്‍ഷംതന്നെ കാപ്പ അഡൈ്വസറി ബോര്‍ഡ് ശിപാര്‍ശ ചെയ്ത 87 ഗുണ്ടകളുടെ പേരില്‍ ഒരു നടപടിയുമുണ്ടായില്ല. ഏറ്റവുമൊടുവില്‍ ഒരു പ്രമുഖ സിനിമാനടിക്കുണ്ടായ ദുരനുഭവം അവര്‍തന്നെ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഒച്ചപ്പാടുകളുമാണ് ഗുണ്ട നിയമത്തിന് ഒരിക്കല്‍ക്കൂടി ജീവന്‍നല്‍കാന്‍ സര്‍ക്കാറിനെയും പൊലീസിനെയും പ്രേരിപ്പിച്ചതെന്ന് വ്യക്തം. അപ്പോള്‍പോലും അതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാണ് മുഖ്യ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറി താല്‍പര്യപ്പെട്ടത്.

സിനിമാലോകത്തുതന്നെ ഇത്തരം സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ടെന്നും അതെല്ലാം മൂടിവെക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ് സംഭവിച്ചിട്ടുള്ളതെന്നും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പടികൂടി മുന്നോട്ടുകടന്ന് മൊത്തം സിനിമ വ്യവസായംതന്നെ അധോലോകത്തിന്‍െറ ഭാഗമായി മാറിയിട്ടുണ്ടെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ ചിലര്‍ ആരോപിക്കുന്നത്. അതില്‍ വാസ്തവമുണ്ടെങ്കില്‍ 2010 ഗുണ്ടകളെയും പിടികൂടുന്നതില്‍ പൊലീസ് വിജയിച്ചാല്‍കൂടി നാള്‍ക്കുനാള്‍ വികസിച്ച് ഭീമാകാരംപൂണ്ട അധോലോകത്തെ ഒന്ന് ഞെട്ടിക്കാന്‍പോലും സര്‍ക്കാറിന് സാധ്യമാവില്ല.

എന്തുകൊണ്ട് എന്നാണ് ചോദ്യം. രാജ്യത്തേറ്റവും പ്രബുദ്ധമെന്നവകാശപ്പെടുന്ന സാക്ഷരകേരളത്തില്‍ ക്രിമിനലിസവും ഗുണ്ടാവിളയാട്ടവും റൗഡിസവും അപ്രതിഹിതമായി വളര്‍ത്തുന്നതിലും ഉയര്‍ത്തുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അബ്കാരികള്‍ക്കും കൊള്ളപ്പലിശക്കാര്‍ക്കും സര്‍വോപരി സര്‍ക്കാറുകള്‍ക്കും പങ്കുണ്ട് എന്നതാണ് അനിഷേധ്യ വസ്തുത. നേതാക്കളുടെ കീശയിലേക്കും പാര്‍ട്ടി ഫണ്ടിലേക്കും പൊലീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരുടെ സ്വകാര്യ സമ്പാദ്യങ്ങളിലേക്കും കള്ളപ്പണം ഒഴുകുന്നുവെങ്കില്‍ ആ പണത്തിന്‍െറ സ്രോതസ്സ് എവിടെയെന്ന് കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാറിനും രഹസ്യാന്വേഷണ ഏജന്‍സിക്കും സാമ്പത്തിക കുറ്റാന്വേഷകര്‍ക്കും തന്നെയായിരുന്നു. അവരെല്ലാം തങ്ങളുടെ ഉത്തരവാദിത്തം വിസ്മരിക്കുമ്പോള്‍ സംഭവിക്കുന്നത് കരിമ്പണത്തിന്‍െറ തണലില്‍ അധോലോകം തഴച്ചുവളരുന്നതാണ്. അതായത്, റൗഡികളും ഗുണ്ടകളും തട്ടിപ്പുകാരും ലഹരിമാഫിയയും ക്വട്ടേഷന്‍ സംഘങ്ങളുമടങ്ങുന്ന ലോകം. നിയമം എത്ര കര്‍ക്കശമായിരുന്നാലും ശിക്ഷ എത്ര കഠിനതരമായിരുന്നാലും തങ്ങള്‍ പിടികൂടപ്പെടുകയോ പിടിക്കപ്പെട്ടാല്‍തന്നെ മതിയായവിധം കുറ്റംതെളിയിക്കപ്പെടുകയോ ഇല്ല, അഥവാ ശിക്ഷിക്കപ്പെടുന്ന അപൂര്‍വം പേര്‍തന്നെ ശിക്ഷ മുഴുവന്‍ അനുഭവിച്ചുതീരുന്നതിനുമുമ്പ് തങ്ങളോട് അനുഭാവമുള്ള സര്‍ക്കാറുകള്‍ കാലാവധി ഇളവുചെയ്ത് വിട്ടയക്കും എന്ന വിശ്വാസവും ആശ്വാസവുമാണ് കൊടും ക്രിമിനലുകള്‍ക്കുപോലും തുണയാവുന്നത്.

ഏറ്റവുമൊടുവില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1850 കുറ്റവാളികളെ വിട്ടയക്കാനുള്ള സര്‍ക്കാറിന്‍െറ അപേക്ഷ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്കൂടിയായ ഗവര്‍ണര്‍ സദാശിവം തിരിച്ചയക്കാതെ ഒപ്പിട്ട് കൊടുത്തിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥ? ബലാത്സംഗവീരന്മാരും കൊലപാതകികളും സ്ത്രീപീഡകരും മയക്കുമരുന്ന് മാഫിയക്കാരുമെല്ലാമടങ്ങിയ ക്രിമിനലുകള്‍ സ്വതന്ത്രരായി ഇറങ്ങിവന്ന് അധോലോകത്തെ പൂര്‍വാധികം കൊഴുപ്പിക്കുമായിരുന്നില്ളേ? അല്ളെങ്കിലും, ഏതെങ്കിലും കുറ്റവാളിക്ക് മാനസാന്തരം വരുത്താനോ സ്വസ്ഥജീവിതത്തിലേക്ക് അയാളെ തിരിച്ചുകൊണ്ടുപോവാനോ സഹായിക്കുന്നതാണോ നമ്മുടെ ജയിലുകളിലെ സാഹചര്യം? അവരെ പൂര്‍വാധികം കഠിനഹൃദയരും സാമൂഹികവിരുദ്ധരുമാവാന്‍ സഹായിക്കുന്ന എല്ലാ ഘടകങ്ങളുമുണ്ട് ‘പരിഷ്കൃത’ കാരാഗൃഹങ്ങളില്‍.

ചുരുക്കത്തില്‍ ഒന്നോരണ്ടോ അനിഷ്ടസംഭവങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുകയും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്യുമ്പോള്‍ സടകുടഞ്ഞെഴുന്നേറ്റ് വല്ലതും ചെയ്തെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയിലൊതുങ്ങുന്നതല്ല സര്‍ക്കാറിന്‍െറയും പൊലീസിന്‍െറയും ഉത്തരവാദിത്തം. തല്‍ക്കാലം ഭരണപക്ഷത്തിരിക്കുന്നവര്‍ കാര്യങ്ങളെ നിസ്സാരവത്കരിക്കുകയോ പഴയ ചരിത്രം എടുത്തുകാട്ടി പ്രതിരോധിക്കുകയോ ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ എല്ലാറ്റിന്‍െറയും ഉത്തരവാദിത്തം ഭരണകൂടത്തിന്‍െറമേല്‍ കെട്ടിയേല്‍പിക്കുന്ന പതിവ് നാടകം ജനങ്ങള്‍ക്ക് മടുത്തു. കുറ്റവാളികള്‍ ആരായിരുന്നാലും അവരെ പിടികൂടാനും സമയം അതിക്രമിക്കുന്നതിനുമുമ്പ് നീതിപീഠങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരാനും തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനും പാകത്തില്‍ പൊലീസും സര്‍ക്കാറും ഉയരണമെങ്കില്‍ അധോലോക ബന്ധവും സ്വന്തം ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടും അവസാനിപ്പിച്ചേ മതിയാവൂ. പാര്‍ട്ടികളും മാഫിയകളും തമ്മിലെ കൂട്ടുകെട്ടിന് വിരാമമിടണം. ലഹരിക്കച്ചവടക്കാരെയും പെണ്‍വാണിഭക്കാരെയും ലൈംഗിക ഭീകരരെയും കല്‍ത്തുറുങ്കിലടക്കുമെന്ന് ദൃഢനിശ്ചയം ചെയ്യണം. സര്‍വോപരി കള്ളപ്പണത്തിന്‍െറ ഉറവിടം അടക്കണം. ഏറെ വൈകിയെങ്കിലും ഈ ദിശയില്‍ കാര്യങ്ങള്‍ നീക്കാനുള്ള തന്‍േറടം ഇടതുസര്‍ക്കാര്‍ കാണിച്ചില്ളെങ്കില്‍ ഗുണ്ടാ നിയമമോ ഏതാനും ക്രിമിനലുകളുടെ അറസ്റ്റോ അദ്ഭുതമൊന്നും കാഴ്ചവെക്കാന്‍ പോവുന്നില്ല, തീര്‍ച്ച.

 

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.