ഭീകരവിരുദ്ധ വിശാല സഖ്യം മൂസില്‍ വീണ്ടെടുക്കുമ്പോള്‍

അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം ഐ.എസ് ഭീകരരുടെ ഇറാഖിലെ പ്രധാന താവളമായ മൂസില്‍ തിരിച്ചുപിടിക്കാനുള്ള ഘോരയുദ്ധത്തിലാണ്. ഇറാഖി സുരക്ഷാസേനയെയും കുര്‍ദുകളുടെ പെഷ്മെര്‍ഗ പടയെയും മുന്നില്‍നിര്‍ത്തി അമേരിക്ക നയിക്കുന്ന യുദ്ധത്തിന് സിറിയയുടെയും തുര്‍ക്കിയുടെയും പിന്തുണയുണ്ട്. ഓപറേഷന്‍ ഇനിയും ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്നേക്കുമെന്നാണ് പടനയിക്കുന്ന അമേരിക്കന്‍ സൈനികപ്രമുഖര്‍ നല്‍കുന്ന സൂചന. അതേസമയം, ഐ.എസ് പിടിയില്‍നിന്ന് മൂസിലിന്‍െറ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ആവേശത്തില്‍ ‘ഖിലാഫത് തലസ്ഥാന’മായ സിറിയയിലെ റഖായുംകൂടി വീഴ്ത്താനുള്ള നീക്കം യു.എസ് നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മൂസിലും റഖായും വീഴുന്നതോടെ ലോകത്തെ കിടിലംകൊള്ളിക്കുന്ന പുതിയ ഭീകരത നാമാവശേഷമാകുമെന്നാണ് അമേരിക്കയുടെയും ഇതര ഐ.എസ് വിരുദ്ധ ശക്തികളുടെയും നിഗമനം.  

ബഗ്ദാദ് കഴിഞ്ഞാല്‍ ഇറാഖിലെ ഏറ്റവും വലിയ നഗരമായ മൂസില്‍ ഐ.എസിന്‍െറ സാമ്പത്തിക ഉറവിടങ്ങളായ ഇറാഖിലെ പ്രധാന എണ്ണപ്പാടങ്ങളുള്‍ക്കൊള്ളുന്ന പ്രദേശമാണ്. സിറിയ, തുര്‍ക്കി അതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന ഏറെ തന്ത്രപ്രധാന മേഖലയാണിത്. 2014 ജൂണില്‍ മൂസില്‍ പിടിച്ചടക്കിയ ഊറ്റത്തിലാണ് ഐ.എസ് ഭീകരസംഘത്തിന്‍െറ തലവന്‍ ഇറാഖും സിറിയയുമടങ്ങുന്ന മേഖലയില്‍ ‘ഖിലാഫത്’ എന്ന സ്വയംനിര്‍മിത ഭരണം പ്രഖ്യാപിച്ചത്. ഐ.എസ് മൂസില്‍ പിടിക്കുമ്പോള്‍ 25 ലക്ഷം ജനങ്ങളാണ് പ്രദേശത്തുണ്ടായിരുന്നത്. മതത്തിന്‍െറ പേരുപറഞ്ഞ് പ്രാകൃത ഭരണരീതികള്‍ നടപ്പാക്കിയ ഐ.എസ് പരശ്ശതം പേരെ കൊന്നൊടുക്കുകയും തടവില്‍ പിടിക്കുകയും ചെയ്തു. 15 ലക്ഷത്തോളം പേര്‍ നാടുവിട്ട് രാജ്യത്തിന്‍െറ ഇതരദിക്കുകളിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ പലായനം ചെയ്തു. നിലവില്‍ 10 ലക്ഷം പേരെങ്കിലും മൂസില്‍ പ്രദേശത്ത് അവശേഷിക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്ക്.  

ഐ.എസ് ഭീകരതക്കെതിരായി അറബ് രാഷ്ട്രങ്ങളെ അണിനിരത്തി നേരത്തേ സൗദി അറേബ്യ തുടങ്ങിയ ആക്രമണത്തിനു മുന്നോടിയായി അമേരിക്കയുടെ പിന്തുണ തേടിയിരുന്നെങ്കിലും സൈനികസഖ്യത്തിനോ പരസ്യമായ സഹകരണത്തിനോ തയാറാകാതെ ഐക്യദാര്‍ഢ്യ പ്രസ്താവനകളുടെ ‘ധാര്‍മികപിന്തുണ’ മാത്രമാണ് അമേരിക്ക നല്‍കിയിരുന്നത്. അതേസമയം, സിറിയയിലെ ബശ്ശാര്‍ അല്‍അസദിന്‍െറ ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യ, അവരുടെ സുരക്ഷക്കായി ഐ.എസ് കേന്ദ്രങ്ങളില്‍ കയറി ആക്രമണം നടത്തിയിരുന്നു. റഷ്യയുടെ ഈ പരസ്യ ഇടപെടല്‍ വര്‍ഷത്തിലേറെ നീണ്ടുപോയ ശേഷമാണ് അമേരിക്കയുടെ ശക്തമായ ഇടപെടല്‍ ഐ.എസ് നിയന്ത്രണ പ്രദേശങ്ങളിലുണ്ടായിരിക്കുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്‍െറ കാലുഷ്യം മുതലെടുത്ത് 2014ല്‍ ഉദയംകൊണ്ട ഐ.എസ് ഭീകരത, അവരുടെ പ്രഖ്യാപിതമണ്ഡലങ്ങളായ ഇറാഖിനോ സിറിയക്കോ, അറബ് മേഖലക്കോ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിനു തന്നെ ഭീഷണിയാണെന്ന സത്യം 2014 സെപ്റ്റംബറില്‍ ചേര്‍ന്ന നാറ്റോ സഖ്യരാഷ്ട്രങ്ങളുടെ സമ്മേളനം അംഗീകരിക്കുകയും അതിനെ തകര്‍ക്കാന്‍ അന്തര്‍ദേശീയ വിശാലസഖ്യം രൂപപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തതാണ്. അടുത്ത മാസം 15ന് അമേരിക്കയുടെ നേതൃത്വത്തില്‍ ഐ.എസിനെതിരെ വ്യോമാക്രമണത്തിന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്‍െറ നായകത്വത്തില്‍ ‘ഓപറേഷന്‍ ഇന്‍ഹെറെന്‍റ് റിസോള്‍വ്’ എന്ന പേരില്‍ സംയുക്ത സൈനികസഖ്യം രൂപവത്കരിക്കുകയും ചെയ്തു. മുഖ്യമായും ഇറാഖ് കേന്ദ്രീകരിച്ചുനീങ്ങിയ സേനയുടെ പ്രവര്‍ത്തനം പക്ഷേ, ഊര്‍ജിതമായിരുന്നില്ളെന്നാണ് ഐ.എസ് വിരുദ്ധ നീക്കത്തിന് മുസ്ലിംരാഷ്ട്രങ്ങളുടെ വിശാലസഖ്യം രൂപവത്കരിച്ച സൗദിയുടെയും മറ്റും നിരീക്ഷണം. 

അങ്ങനെ ‘ഒരു ദൗത്യം, പല രാജ്യങ്ങള്‍’ എന്ന പ്രസ്തുത സഖ്യത്തിന്‍െറ പ്രവര്‍ത്തനം അമേരിക്കയുടെ നിക്ഷിപ്തതാല്‍പര്യങ്ങളിലൊതുങ്ങി എന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഐ.എസിനെ നാമാവശേഷമാക്കുമെന്ന പ്രഖ്യാപനവുമായി മൂസില്‍ ഓപറേഷന്‍ തീവ്രമാക്കിയിരിക്കുന്നത്. അപ്പോഴും ഇറാഖിലോ ഇതര രാജ്യങ്ങളിലോ അമേരിക്ക നേരിട്ടിറങ്ങി കളിക്കേണ്ടതില്ളെന്നും മേഖലയിലെ ശക്തികളെ കൂടെ കൂട്ടിയാവാം നീക്കങ്ങളെന്നുമുള്ള തത്ത്വം ബറാക് ഒബാമ കൈവിട്ടിട്ടില്ല. 30,000 പേരുടെ ഇറാഖ് സുരക്ഷാസേന, 4000 അംഗ കുര്‍ദ് പെഷ്മെര്‍ഗ സൈന്യം, പ്രതിഭീകരതസൈന്യങ്ങള്‍, പൊലീസ്, പ്രത്യേക ഓപറേഷന്‍ വിഭാഗങ്ങള്‍, വിവിധ ഗോത്രസേനകള്‍ തുടങ്ങി പല പരുവത്തിലുള്ളവരുടെ ഒരു അവിയല്‍ സഖ്യത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഇറാഖില്‍ ഐ.എസിന്‍െറ സങ്കീര്‍ണഭീഷണി തുരത്താന്‍ അതാവശ്യമാണ്. അതേസമയം, മൂസില്‍ തിരിച്ചുപിടിച്ചാല്‍ പിന്നീട് പുതിയ അവകാശത്തര്‍ക്കത്തിന് അതിടവരുത്തുമെന്ന ഭീതി ഇപ്പോഴുമുണ്ട്. മേല്‍പറഞ്ഞ സൈന്യങ്ങള്‍ക്കുപരിയാണ് തുര്‍ക്കിയും സൗദിയും ഇറാനും നല്‍കുന്ന ഗണ്യമായ സഹായങ്ങള്‍. ഇതില്‍ ഇറാനുമായി രാഷ്ട്രീയശത്രുതയിലാണ് മറ്റിരുവരും. എന്നിരിക്കെ, മൂസിലിന്‍െറ ഭാവി സംബന്ധിച്ച അനിശ്ചിതത്വം മുന്നിലുണ്ട്്. റഷ്യന്‍ പിന്തുണയോടെ ഇറാനുമായി ചേര്‍ന്ന് ഇറാഖിലെ ഹൈദരി ഭരണകൂടം നടത്തുന്ന നീക്കം സൗദി-തുര്‍ക്കി സൗഹൃദത്തിന് അത്ര പഥ്യമല്ല. അമേരിക്കയുടെ സഹകരണം വേണ്ടത്ര സജീവമാകാത്തത് റഷ്യക്കും ദഹിക്കുന്നില്ല. ഈ വൈരുധ്യങ്ങള്‍ക്കെല്ലാമിടയില്‍ പൊതുഭീഷണിയായ ഐ.എസിനെ തുരത്തുകയെന്ന പ്രാഥമികലക്ഷ്യത്തിലാണ് എല്ലാവരുടെയും കണ്ണ്. താല്‍പര്യങ്ങള്‍ പലതാകാം; എന്നാല്‍, അന്താരാഷ്ട്ര സമൂഹം നേരിടുന്ന അത്യാപത്തിനെ വേരോടെ പിഴുതെറിയാനുള്ള ഇപ്പോഴത്തെ നീക്കം വിജയിക്കേണ്ടതുതന്നെ. പിന്നെയും പരാജയപ്പെടുത്തേണ്ട പല പ്രശ്നങ്ങളെയും അത് പ്രസവിക്കാമെങ്കിലും.
Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.