നിയമവാഴ്ചക്കുവേണ്ടി നിയമലംഘനമോ?

കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയായാണ് നോട്ട് നിരോധനത്തെ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. നിയമവിരുദ്ധമായതെന്തും- അത് പണമായാലും മറ്റു കാര്യങ്ങളായാലും തടയേണ്ടത് ആവശ്യമാണ്. എന്നാല്‍, നിയമവാഴ്ച ഉറപ്പുവരുത്താന്‍വേണ്ടി എടുക്കുന്ന നടപടികള്‍ നിയമവിധേയമാകേണ്ടതുണ്ട്. അല്ലാതെ വന്നാല്‍ കള്ളപ്പണംപോലുള്ള നിയമലംഘനമായി ആ നടപടികള്‍ മാറാം. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന നോട്ട് നിരോധന നടപടികളുടെ നിയമസാധുതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്.

ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍, പ്രായോഗികതയുടെ പ്രശ്നം, ഫലപ്രാപ്തിയെക്കുറിച്ച സന്ദേഹങ്ങള്‍ തുടങ്ങിയവക്കെല്ലാം ഉപരിയായി ഉയരുന്ന ചോദ്യം അതാണ് -ഇതിനൊക്കെ നിയമസാധുത എത്രത്തോളം? എല്ലാം ജനനന്മക്ക് എന്ന സര്‍ക്കാര്‍ വിശദീകരണം മുഖവിലക്കെടുത്തുകൊണ്ട് കോടതികള്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ വിമുഖത കാണിക്കുമ്പോഴും സംശയങ്ങള്‍ പിന്നെയും ഉയര്‍ത്തപ്പെടുന്നത് നിയമവാഴ്ച പരമപ്രധാനമായതുകൊണ്ടുതന്നെ. ഇക്കാര്യത്തില്‍ ഒരു നിഷ്കൃഷ്ട പരിശോധനക്ക് നിയമജ്ഞരും കോടതികളും മുന്നോട്ടുവരേണ്ടതുണ്ടെന്ന് തോന്നുന്നു.

1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനത്തിന്‍െറ നിയമപരമായ ആധാരമെന്ത് എന്നതാണ് ഒരു സന്ദേഹം. ഇന്ത്യയില്‍ ഇതിനുമുമ്പ് രണ്ടു തവണ നോട്ട് അസാധുവാക്കല്‍ നടപടി ഉണ്ടായിട്ടുണ്ട്. ഇത് രണ്ടും ഓര്‍ഡിനന്‍സുകള്‍ വഴിയാണ് നടപ്പാക്കിയത്. പിന്നീട് പാര്‍ലമെന്‍റിന്‍െറ അംഗീകാരം സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ നേടിയെടുക്കുകയും ചെയ്തു. എന്നാല്‍, ഇക്കുറി രാഷ്ട്രപതിയെ അറിയിച്ചതല്ലാതെ ഓര്‍ഡിനന്‍സ് വഴിയുള്ള ആധികാരികത സര്‍ക്കാര്‍ നടപടിക്ക് നേടിയെടുത്തില്ല. ഓര്‍ഡിനന്‍സാകുമ്പോള്‍ അത് പിന്നീട് പാര്‍ലമെന്‍റിന്‍െറ പരിഗണനക്ക് വരേണ്ടതുണ്ട് എന്നതിനാലാണോ പ്രധാനമന്ത്രിയുടെ വക വിളംബരമാക്കിയത്? അത് നിയമാനുസൃതമാകുമോ? 1956ല്‍ ആദ്യത്തെ നോട്ട് നിരോധനം റിസര്‍വ് ബാങ്ക് നിയമത്തിന്‍െറ (1934) 26 (എ) വകുപ്പ് വഴി സാധൂകരിക്കപ്പെട്ടു; 1978ലേത് ആ വര്‍ഷത്തെ നോട്ട് പിന്‍വലിക്കല്‍ നിയമം വഴിയും.

ഇപ്പോഴത്തെ നോട്ട് പിന്‍വലിക്കല്‍ 1978ലെ നിയമമനുസരിച്ചാണെങ്കിലും അതിലെ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി കാണുന്നു. ബന്ധപ്പെട്ട ആര്‍.ബി.ഐ നിയമത്തിന്‍െറ 26 (2) വകുപ്പനുസരിച്ച് നോട്ട് നിരോധിക്കാന്‍ റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡിന്‍െറ ശിപാര്‍ശവേണം. രഹസ്യാത്മകത നിലനിര്‍ത്തിക്കൊണ്ടുതന്നെ അത് സര്‍ക്കാര്‍തലത്തില്‍ പരിശോധിക്കണം. ഭീകരര്‍ക്കുള്ള പണലഭ്യത തടയാന്‍കൂടി ഉദ്ദേശിച്ചതാകുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകളിലും കൂടിയാലോചന നടക്കേണ്ടത് ആവശ്യമായിരുന്നു. ഇതെല്ലാം എപ്പോള്‍, എത്രത്തോളം നടന്നു എന്ന ചോദ്യമാണ് ഉയര്‍ത്തപ്പെടുന്നത്. തന്നെയുമല്ല നോട്ട് നിരോധനത്തിനാധാരമായ 26 (2) വകുപ്പ് ഏതെങ്കിലും സീരീസിലുള്ള നോട്ടുകള്‍ നിരോധിക്കാനേ അധികാരം നല്‍കുന്നുള്ളൂ. സാങ്കേതികം മാത്രമെന്ന് പറയാവുന്ന മറ്റൊരു പ്രശ്നം ആര്‍.ബി.ഐ നിയമത്തിന്‍െറ 24 (1) വകുപ്പില്‍ സാധുവായ നോട്ടുകള്‍ എണ്ണിപ്പറഞ്ഞിടത്ത് 2000 രൂപ നോട്ട് ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. അത് ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യാതെ ഇറക്കിയ 2000 രൂപ നോട്ടിന്‍െറ നിയമസാധുത എത്രത്തോളം?

ഭരണഘടനയുടെ 300 (എ) വകുപ്പും ലംഘിക്കപ്പെട്ടതായി നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സ്വത്തവകാശം മൗലികമായിരിക്കെ പൗരന്മാരുടെ കൈവശമുള്ള പണമെന്ന സ്വത്ത് പിടിച്ചെടുക്കാന്‍ പ്രത്യേകനിയമം വേണ്ടതായിരുന്നു. അതിനും പാര്‍ലമെന്‍റിന്‍െറ പങ്കാളിത്തം വേണം -ഓര്‍ഡിനന്‍സിന് ശേഷമായാല്‍പോലും. സ്വന്തം പണം സ്വന്തം അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാന്‍ ചെല്ലുന്ന പൗരനോട് അത് തരില്ളെന്ന് പറയാന്‍ ബാങ്കിങ് ചട്ടങ്ങളും അനുവദിക്കുന്നില്ല. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരാം -അപ്പോഴും പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കേണ്ടിവരും. ഇവിടെ പക്ഷേ, പാര്‍ലമെന്‍റിനെ മറികടക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തു; അതുകൊണ്ടുതന്നെ ഇതിന്‍െറ നിയമസാധുത സംശയാസ്പദമായി.

സ്വന്തം പണം അത്യാവശ്യത്തിന് ലഭിക്കാന്‍പോലും ജനസമൂഹത്തെ ക്യൂവില്‍ നിര്‍ത്തിയത് നിയമബാഹ്യമായ രീതിയിലായില്ളേ? പദ്ധതി നടപ്പാക്കുന്നതിലെ അനിശ്ചിതത്വവും പൗരാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായിത്തീരുന്നുണ്ട്. ദിവസംതോറും മാറുന്ന തീരുമാനങ്ങള്‍ നിയമവാഴ്ചയുടെ പ്രതീതിയല്ല നല്‍കുന്നത്, നിയമരാഹിത്യത്തിന്‍േറതും അരാജകത്വത്തിന്‍േറതുമാണ്. ഒടുവില്‍ കേന്ദ്രം പാസാക്കിയെടുത്ത 2016ലെ ടാക്സേഷന്‍ നിയമം (രണ്ടാം ഭേദഗതി) നിയമവാഴ്ചയെ മറികടക്കാനുള്ള മറ്റൊരു ശ്രമമായി.  ലോക്സഭയില്‍ മിനിറ്റുകള്‍കൊണ്ട് ചര്‍ച്ചകൂടാതെ ചുട്ടെടുക്കുകയായിരുന്നു അത്. നികുതി വീതംവെപ്പില്‍ കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ എത്രയാവണമെന്ന് നിയമം അനുശാസിച്ചിരിക്കെ അതിനെക്കൂടി മറികടക്കുന്ന രീതിയിലാണ് വെളിപ്പെടുത്തുന്ന കള്ളപ്പണത്തിന്മേലുള്ള ‘നികുതി’ ഒരു പ്രത്യേക കേന്ദ്ര പദ്ധതിയിലേക്ക് വരവുവെക്കുന്നത്.

ഭരണഘടനയെയും നിയമവാഴ്ചയെയും ഫെഡറല്‍ സംവിധാനത്തെയും പാര്‍ലമെന്‍റിനെയുമൊക്കെ മറികടക്കുന്ന കൃത്രിമമായ പഴുതുകളുപയോഗിച്ചുള്ള നടപടികള്‍ എത്രത്തോളം നിയമാനുസൃതമാകും? സാമ്പത്തിക നിയമലംഘനം മാത്രമല്ല ഭരണരംഗത്തെ നിയമലംഘനവും ഇല്ലാതാകേണ്ടതല്ളേ?

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.