ഭരണകൂട അതിക്രമങ്ങൾ വർധിച്ചുവരുമ്പോൾ അഭയവും നീതിയും തേടിയാണ് പൗരജനങ്ങൾ ജുഡീഷ്യറിയെ സമീപിക്കുക. ഭരണസംവിധാനങ്ങൾ പാവപ്പെട്ട വിഭാഗങ്ങളെ ഇരയാക്കി വേട്ടയാടുന്ന സന്ദർഭങ്ങളിൽ അവസാന ആശ്രയമായാണ് സുപ്രീംകോടതിയെ കാണുന്നത്. എന്നാൽ സുപ്രീംകോടതിയും നിരാശപ്പെടുത്തുന്നു എന്ന് തോന്നിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതിന്റെ ഒരു സൂചന കൂടിയാണ് ദന്തേവാഡ കേസിൽ പരമോന്നത കോടതി കഴിഞ്ഞ ദിവസം നൽകിയ വിധി. 2009ൽ ഛത്തിസ്ഗഢിലെ ദന്തേവാഡ (ഇന്ന് സുക്മ) ജില്ലയിലെ ഗ്രാമങ്ങളിൽ 12 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ 17 ആദിവാസികൾ കൊല്ലപ്പെട്ടിരുന്നു. ആദിവാസികളുടെ വീടുകൾ തകർക്കപ്പെട്ടു; നിരവധി പേർക്ക് പരുക്കേറ്റു.

രമൺസിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മാവോവാദികളെ കുറ്റപ്പെടുത്തി; എന്നാൽ ഗ്രാമീണർ പറഞ്ഞത് ഇതെല്ലാം ചെയ്തത് സർക്കാറിന്റെ സുരക്ഷ സേനയാണ് എന്നായിരുന്നു. ഭരണകൂടത്തിൽ നിന്ന് നീതി കിട്ടില്ലെന്ന് ബോധ്യമായപ്പോൾ, ആദിവാസി ക്ഷേമത്തിനായി ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിക്കുന്ന വനവാസി ചേതന ആശ്രം എന്ന സന്നദ്ധസംഘടനയുടെ നേതാവ് ഹിമാൻഷു കുമാർ കോടതിയെ സമീപിച്ചു; ഏഴ് മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. എങ്കിലും സംഭവത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം നടന്നില്ല. അങ്ങനെയാണ്, ഛത്തിസ്ഗഢ് പൊലീസും കേന്ദ്രസേനയും നടത്തിയ പീഡനങ്ങളും നിയമബാഹ്യമായ കൊലകളും സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിമാൻഷു കുമാറും മറ്റും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണം ആവശ്യമില്ലെന്നും മാവോവാദികളാണ് കുറ്റം ചെയ്തതെന്ന് മുമ്പ് നടന്ന അന്വേഷണത്തിൽ കണ്ടതാണെന്നും തീർപ്പ് നൽകുക മാത്രമല്ല കോടതി ചെയ്തത്.

ജസ്റ്റിസുമാരായ ഖൻവിൽക്കറും പർഡിവാലയും അടങ്ങുന്ന ബെഞ്ച് ജൂലൈ 14ന് നൽകിയ വിധിയിൽ, മുഖ്യപരാതിക്കാരനായ ഹിമാൻഷുകുമാറിന് അഞ്ചുലക്ഷം രൂപ പിഴയുമിട്ടു. സുരക്ഷ സേനയുടെ ഭാഷ്യം സ്വീകരിച്ച കോടതി, സുരക്ഷ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താനും തീവ്രവാദികളെ സഹായിക്കാനും പൊതുതാൽപര്യ ഹരജി സമർപ്പിച്ചുവോ എന്ന് അന്വേഷിക്കാൻ സർക്കാറിന് നിർദേശവും നൽകി.

ഭരണഘടന പൗരർക്ക് നൽകുന്ന അവകാശമാണ് നീതിതേടാൻ ജുഡീഷ്യറിയെ സമീപിക്കാം എന്നത്. എന്നാൽ അതുപോലും കുറ്റകൃത്യമായി കണക്കാക്കുന്ന ശൈലി എങ്ങനെ ഭരണഘടനയോട് പൊരുത്തപ്പെടും? ഇതാകട്ടെ ആദ്യ ഉദാഹരണവുമല്ല. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നൽകിയ വിധിയിൽ സുപ്രീംകോടതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും മറ്റും പ്രത്യേകാന്വേഷണ സംഘം കുറ്റമുക്തരാക്കിയത് ശരിവെക്കുക മാത്രമല്ല, പരാതിക്കാർക്കെതിരെ കുറ്റാരോപണമുയർത്തുകയും അവർക്കെതിരെ നടപടിയെടുക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഈ വിധിയിലെ വാക്കുകൾ എഫ്.ഐ.ആറുകളിൽ ചേർത്തുകൊണ്ടു തന്നെ ഭരണകൂടം ടീസ്റ്റ സെറ്റൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് കേസെടുക്കുന്നതാണ് പിന്നെ കണ്ടത്.

ഭരണകൂടങ്ങൾക്കെതിരെ പരാതി പറഞ്ഞ് വരരുത് എന്നതാണോ പരമോന്നത കോടതി നൽകുന്ന സന്ദേശം? ശക്തരായ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഒരു ഭാഗത്തും ദുർബലരും പാവങ്ങളുമായ വ്യക്തികളും സമൂഹങ്ങളും മറുഭാഗത്തുമായി ഉയരുന്ന തർക്കങ്ങളിൽ, അധികാരത്തിന്റെ അനീതികൾക്കെതിരായ പരിചയായിട്ടാണ് ഭരണഘടന ജുഡീഷ്യറിയെ കാണുന്നത്. കോടതികൾ (സുപ്രീംകോടതി അടക്കം) ഏതെങ്കിലുമൊരു പാവം പോസ്റ്റ്കാർഡിലെഴുതി ജഡ്ജിക്കയച്ച സങ്കടഹരജി പോലും പൊതുതാൽപര്യക്കേസായെടുത്ത് അന്വേഷണങ്ങൾക്കും തിരുത്തലുകൾക്കും വഴിതുറന്ന ഉജ്ജ്വല ചരിത്രമുള്ള നാട്ടിലാണ് ഇപ്പോൾ പരമോന്നത കോടതി ഭരണകൂടത്തിനെതിരായ പരാതികൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാൻ ഉത്തരവിടുന്നത്.

ഹരജിക്കാരെ കുറ്റക്കാരും വാദിയെ പ്രതിയുമാക്കുന്നത് മാത്രമല്ല നീതിനിഷേധമാകുന്നത്. ഭരണകൂടത്തിനെതിരായ പരാതി, മതിയായ പരിശോധനയില്ലാതെ തള്ളിയ സംഭവങ്ങളും കഴിഞ്ഞ മാസമുണ്ടായി. ഉത്തർപ്രദേശിലും മറ്റും മുനിസിപ്പൽ അധികൃതർ ബുൾഡോസർ കൊണ്ട് വീടുകൾ ഇടിച്ചു നിരത്തിത്തുടങ്ങിയപ്പോൾ അതിനെതിരെ സുപ്രീംകോടതിയിൽ പരാതിയെത്തി. നിയമാനുസൃതമല്ലാത്ത ഒരു പൊളിക്കലും അനുവദിക്കില്ലെന്ന് തുടക്കത്തിൽ പറഞ്ഞ കോടതി, എല്ലാം നിയമാനുസൃതമാണെന്ന അധികൃതരുടെ വാദം അപ്പടി സ്വീകരിക്കുകയും പൊളിക്കൽ മൊത്തമായി നിരോധിക്കാനാകില്ലെന്നു വിധിച്ച് ഹരജി മാറ്റിവെക്കുകയുമാണ് ചെയ്തത്. പ്രതിഷേധങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് പൊളിക്കൽ നടക്കുന്നത് എന്നതിന് സാഹചര്യത്തെളിവുകൾ വേണ്ടത്രയുണ്ട്. പ്രതിഷേധ പരിപാടികൾക്കു തൊട്ടുപിന്നാലെ, അതിന്റെ പേരിൽ കേസ് ചാർജ് ചെയ്യപ്പെട്ടവരെ ഉന്നമിട്ടാണ് ബുൾഡോസറുകൾ നീങ്ങിയത്. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഗുജറാത്തിലും അസമിലും ഡൽഹിയിലും മറ്റും ഒരേ രീതിയിൽ കാര്യങ്ങൾ നടക്കുമ്പോൾ തന്നെ കാര്യം വ്യക്തമാണ്.

പോരെങ്കിൽ, പ്രതിഷേധകരുടെ വീട് പൊളിക്കുന്നത് തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രി വരെയുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ തന്നെ, നീതിനടത്തിപ്പിലെ ഗുരുതരമായ പോരായ്മകൾ കഴിഞ്ഞ ദിവസം ഒരു പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു. ജാമ്യം കിട്ടാനുള്ള പെടാപ്പാടും,വിചാരണത്തടവെന്ന തീരാദുരിതവുമൊക്കെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത് വലിയൊരു സത്യമാണ്: ''നടപടിക്രമങ്ങൾ തന്നെ ശിക്ഷയാവുകയാണിവിടെ''. ഇതെല്ലാം ശരിപ്പെടുത്തേണ്ട ജുഡീഷ്യറി ഇപ്പോൾ നീതിതേടുന്നതു പോലും കുറ്റമായി കണ്ടു തുടങ്ങിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഉന്നത ജുഡീഷ്യറി അടിയന്തരമായി പരിഹരിക്കേണ്ടതാണ് നീതിന്യായ നടത്തിപ്പിനെ ബാധിച്ച ഈ ഗുരുതര രോഗങ്ങൾ.

Tags:    
News Summary - Madhyamam editorial on weaknesses in the justice system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.