ഏക സിവിൽകോഡ്വിവാദത്തിലെ ദുഷ്ടലാക്ക്

രാജ്യത്തെ തീവ്ര ഹിന്ദുത്വഭരണം പത്തുവർഷം പൂർത്തീകരിക്കാൻ രണ്ടു വർഷങ്ങൾ മാത്രം ശേഷിക്കേ പ്രഖ്യാപിത അജണ്ടയിലെ പ്രധാന ഇനങ്ങളിൽ മിക്കതും പൂർത്തീകരിച്ചുവെന്ന് പറഞ്ഞുനിൽക്കാം. തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രനിർമാണം ദ്രുതഗതിയിൽ അന്ത്യത്തോടടുക്കുന്നു. ജമ്മു-കശ്മീരിന് പ്രത്യേകപദവി അനുവദിച്ച ഭരണഘടനയുടെ 370ാം വകുപ്പ് മരവിപ്പിച്ചു, സംസ്ഥാനപദവിപോലും നിഷേധിച്ച് കേന്ദ്രഭരണത്തിന് കീഴിൽ കൊണ്ടുവരുകയും ബി.ജെ.പി ഭരണം ഉറപ്പാക്കാനുള്ള നടപടികൾ പൂർത്തിയാക്കി നിയമസഭ പുനഃസ്ഥാപിക്കാനൊരുങ്ങുകയും ചെയ്യുന്നു; ഹിന്ദി ഏക ഔദ്യോഗിക ഭാഷയാക്കാനുള്ള പ്രഖ്യാപനം വന്നുകഴിഞ്ഞു; മുത്തലാഖ് ശിക്ഷാർഹമായ കുറ്റമാക്കി നിയമനിർമാണം നടത്തുകവഴി മുസ്‍ലിം വ്യക്തിനിയമം റദ്ദാക്കാനുള്ള പരിപാടിയുടെ തുടക്കവുംകുറിച്ചു.

അത് പൂർണമാവണമെങ്കിൽ രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കണം. ദേശീയോദ്ഗ്രഥനത്തിന് ഏക സിവിൽകോഡ് ഒരനിവാര്യതയല്ലെന്ന് താത്ത്വികാചാര്യൻ എം.എസ്. ഗോൾവാൾക്കർ അഭിപ്രായപ്പെട്ടിരുന്നെങ്കിലും മുസ്‍ലിം ഐഡന്റിറ്റി തൂത്തെറിയാൻ അതനുപേക്ഷ്യമാണെന്ന ധാരണയിൽ എന്തുവിലകൊടുത്തും സിവിൽകോഡ് ഏകീകരിച്ചേ തീരൂ എന്നതാണ് തീവ്ര ഹിന്ദുത്വനിലപാട്. അതിനാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറി വൈകാതെതന്നെ 2016ൽ വിഷയം പഠിക്കാൻ 21ാം നിയമ കമീഷനോട് ആവശ്യപ്പെട്ടിരുന്നതാണ്. രണ്ടു വർഷമെടുത്തു, 75,378 പേരിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ച് ലോ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തിനിയമങ്ങളുടെ വൈവിധ്യം സംരക്ഷിക്കുകയാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടിയിരുന്നതാണ്. അതുകൂടി മുന്നിൽവെച്ചാവണം ഏക സിവിൽകോഡ് ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കഴിഞ്ഞ ജൂലൈയിൽ പാർലമെന്റിനെ അറിയിച്ചത്. അതേസമയം, ഏക സിവിൽകോഡ് വിഷയത്തിൽ ബി.ജെ.പിയുടെ നിലപാടുതന്നെയാണ് സർക്കാറിനുമുള്ളതെന്നും വിഷയം 22ാം ലോ കമീഷന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തുകയുണ്ടായി. കമീഷന്റെ റിപ്പോർട്ട് ഏക സിവിൽകോഡിന് അനുകൂലമാണെങ്കിൽ തദടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് അത് നടപ്പാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മാർഗനിർദേശക തത്ത്വങ്ങളിൽ 44ാം ഖണ്ഡിക പ്രകാരം ഏക സിവിൽകോഡ് നടപ്പാക്കേണ്ടതാണെന്ന് നിർദേശിച്ച ഭരണഘടന അതിനെ സംസ്ഥാനങ്ങളും കേന്ദ്രവും ചേർത്തു നടപ്പാക്കേണ്ട പൊതു പട്ടികയിലാണ ഉൾപ്പെടുത്തിയിരിക്കുന്നത്.

അപ്പോൾ സംസ്ഥാനങ്ങൾക്ക് മാത്രമായി ഏക സിവിൽകോഡ് നടപ്പാക്കാനാവില്ല എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. വിവിധ സംസ്ഥാനങ്ങളിൽ വിവിധ സിവിൽകോഡ് നടപ്പാക്കാൻ തുടങ്ങിയാൽ പിന്നെ ഏക സിവിൽകോഡ് എന്നെങ്ങനെ പറയാനാവും എന്ന ചോദ്യവുമുണ്ട്. മുസ്‍ലിംകളെ മാത്രം ഉന്നമാക്കി ഏകീകൃത സിവിൽകോഡ് ആവിഷ്കരിക്കാനോ നടപ്പാക്കാനോ സാധ്യമല്ല. ഹിന്ദുസമൂഹത്തിലെ ആദിവാസി വിഭാഗങ്ങളിൽ വിവാഹം, പൈതൃക സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിൽ ഏകരീതിയല്ല നടപ്പിലുള്ളത്. 21ാം ലോ കമീഷനും അക്കാര്യം പരാമർശിക്കാതെ വിട്ടിട്ടില്ല. അതുകൊണ്ടുകൂടിയാവാം നാഴികക്ക് നാൽപതുവട്ടം ഏക സിവിൽകോഡ്, ഏക സിവിൽകോഡ് എന്ന് ഉരുവിടുന്നതല്ലാതെ അതിന്റെ കരടുരൂപമെങ്കിലും പുറത്തുവിട്ട് മൂർത്തമായി സംസാരിക്കാൻ സംഘ്പരിവാറിനോ മറ്റു യൂനിഫോം സിവിൽകോഡ് വാദികൾക്കോ കഴിയാതെപോവുന്നത്.

ഭൂരിപക്ഷ സമുദായത്തിന്റെ തീവ്രവികാരങ്ങളെ തൃപ്തിപ്പെടുത്താൻ ഒരു ഇഷ്യൂ എറിഞ്ഞുകൊടുക്കുകയും അതുവഴി വോട്ടുബാങ്ക് ഉറപ്പുവരുത്തുകയും ഒപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന തകർച്ച തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുകയും ചെയ്യുക എന്ന കുത്സിതലക്ഷ്യം മാത്രമാണ് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ തൽക്കാല അജണ്ട. കറൻസി നോട്ടുകളിൽ ഹിന്ദുദൈവങ്ങളുടെ കോലം പതിക്കണമെന്നാവശ്യപ്പെടുകവഴി ഒരുമുഴം നീട്ടിയെറിഞ്ഞ ആപ് മേധാവി കെജ്രിവാളിനെ എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പവുമുണ്ട് സംഘ്പരിവാർ ക്യാമ്പിൽ. പക്ഷേ, ഏക സിവിൽകോഡ് രാജ്യത്ത് നടപ്പാക്കാൻ വേണ്ടത്ര അവസരം ലഭിച്ചിട്ടും മോദിസർക്കാറതിന് തയാറില്ലാത്തത് എന്തുകൊണ്ട് എന്ന് ചോദിക്കുന്ന ഡൽഹി മുഖ്യമന്ത്രിയുടെ മുന്നിൽ ബി.ജെ.പി ഉത്തരംമുട്ടിയ മട്ടാണ്. അതിനിടെ, ഏക സിവിൽകോഡ് കൊണ്ടുവരുന്നതിനെ കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ച ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ തീരുമാനം മുസ്‍ലിംകൾക്ക് മാത്രമല്ല, മറ്റെല്ലാ ന്യൂനപക്ഷങ്ങൾക്കും അസ്വീകാര്യമാണെന്ന് ഓൾ ഇന്ത്യ മുസ്‍ലിം പേഴ്സനൽ േലാ ബോർഡ് ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ല റഹ്മാനി പ്രസ്താവന ഇറക്കിയിട്ടുണ്ട്. അത് പ്രശ്നം വീണ്ടും ജ്വലിപ്പിച്ചേക്കും. ഒരുവേള സംഘ്പരിവാർ ആഗ്രഹിക്കുന്നതും അതാവാം.

Tags:    
News Summary - Madhyamam Editorial on Uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.