ഈദ്ഗാഹിലെ ഗണേശോത്സവവും വീട്ടിലെ നമസ്കാരവും

ബംഗളൂരു ചാമരാജ്പേട്ട ഈദ്ഗാഹിൽ ഗണേശോത്സവം സംഘടിപ്പിക്കാനുള്ള അനുമതി ചൊവ്വാഴ്ച പകൽ സുപ്രീംകോടതി റദ്ദാക്കി. കർണാടകയിലെതന്നെ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനിയിൽ ഗണേശോത്സവം സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ അൻജുമനെ ഇസ്ലാം നൽകിയ ഹരജി ചൊവ്വാഴ്ച രാത്രി 11.30ന് കർണാടക ഹൈകോടതി തള്ളി, ഗണേശോത്സവം സംഘടിപ്പിക്കാനുള്ള നടപടിക്ക് അനുമതി നൽകി. ഒരേ ദിവസം, ഒരേ സംസ്ഥാനത്തെ രണ്ട് ഈദ്ഗാഹുകളുമായി ബന്ധപ്പെട്ട് രണ്ടു കോടതികളിൽനിന്നുള്ള രണ്ടു വിധം വിധികൾ എന്നതിനപ്പുറം, നമ്മുടെ രാജ്യത്തെക്കുറിച്ച സങ്കടകരമായ പല യാഥാർഥ്യങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഈ വ്യവഹാരങ്ങൾ.

മതാഘോഷങ്ങളും ആചാരങ്ങളും അടുത്തുവരുമ്പോൾ സാമാന്യ ഇന്ത്യൻ മുസ്ലിമിന്റെ മനസ്സിൽ തീപടരുന്ന അവസ്ഥ വന്നിട്ട് കുറച്ചായി. കഴിഞ്ഞ രാമനവമി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്താകമാനം വലിയതോതിൽ മുസ്ലിംവിരുദ്ധ അതിക്രമങ്ങളാണുണ്ടായത്. പള്ളി മിനാരങ്ങളിൽ പരസ്യമായി കാവിക്കൊടി കെട്ടുന്ന അവസ്ഥയും പലയിടത്തുമുണ്ടായി. മധ്യപ്രദേശിലും ഡൽഹിയിലും ഇത്തരം അതിക്രമങ്ങളിൽ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസർ വിട്ട് ഇടിച്ചുനിരത്തി. ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനും അക്രമങ്ങൾക്കും തുടർച്ചയായുണ്ടായ ഇടിച്ചുനിരത്തൽ അന്താരാഷ്ട്രതലത്തിൽതന്നെ വാർത്തയായി.

ഗണേശോത്സവത്തെ വർഗീയവിഭജനത്തിനും കലാപത്തിനും ഉപയോഗപ്പെടുത്തിയ പാരമ്പര്യം ഹിന്ദുത്വപ്രസ്ഥാനങ്ങൾക്ക് നേരത്തേ ഉണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് തെളിഞ്ഞുകാണും. പിന്നീട് അവരത് രാജ്യമെങ്ങും വ്യാപിപ്പിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിൽ വലിയ പ്രചാരമോ സ്വീകാര്യതയോ ഇല്ലാതിരുന്ന ഗണേശോത്സവം ഇപ്പോൾ കേരളത്തിലുൾപ്പെടെ വ്യാപകമാക്കാൻ സംഘ്പരിവാറിന് സാധിച്ചിട്ടുണ്ട്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളോ ആചാരങ്ങളോ സാധാരണഗതിയിൽ ആരെയും അസ്വസ്ഥമാക്കേണ്ട കാര്യമേയല്ല. എന്നാൽ, ആഘോഷങ്ങളെ എങ്ങനെ സംഘർഷകാരണമാക്കാം എന്ന ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഹിന്ദുത്വ സംഘടനകൾ മാത്രമല്ല, സർക്കാർ സംവിധാനങ്ങൾതന്നെയും ആ നിലക്ക് പ്രവർത്തിക്കുന്നു.

ബംഗളൂരു ചാമരാജ്പേട്ട ഈദ്ഗാഹിൽ ഗണേശോത്സവം സംഘടിപ്പിക്കാനുള്ള പദ്ധതിയുമായി രംഗത്തുവന്നത് അർബൻ ഡെപ്യൂട്ടി കമീഷണർ തന്നെയാണ്. അതിന് കർണാടക ഹൈകോടതി അനുമതിയും നൽകി. കർണാടക ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കർണാടക വഖഫ് ബോർഡിന് അനുകൂലവിധി നേടാനായി. എന്നാൽ, അതേ സംസ്ഥാനത്തെ ഹുബ്ബള്ളി ഈദ്ഗാഹിൽ ഗണേശോത്സവം സംഘടിപ്പിക്കാനുള്ള നീക്കം തടയണമെന്ന അൻജുമനെ ഇസ്ലാമിന്റെ ഹരജി കർണാടക ഹൈകോടതി തള്ളി. ഹുബ്ബള്ളി ഈദ്ഗാഹ് അൻജുമനെ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ളതല്ല, അവർ പാട്ടത്തിനെടുത്തതു മാത്രമാണ് എന്ന നേരത്തേയുള്ള കോടതി തീർപ്പ് അതിന് കാരണമായി.

ഗണേശോത്സവം സംഘടിപ്പിക്കാൻ ബംഗളൂരുവിലോ ഹുബ്ബള്ളിയിലോ സ്ഥലമില്ലാത്ത പ്രശ്നമില്ല. പിന്നെ എന്തിനാണ് അവർ എല്ലായിടത്തും ഈദ്ഗാഹുകൾ തേടി അലയുന്നത്? രാഷ്ട്രീയവും വർഗീയതയും സമാസമം ചേർത്തൊരു ഏർപ്പാടാണത്. കർണാടകയിൽ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതിനാൽ പരമാവധി കുളം കലക്കണം. മറ്റൊരു ലക്ഷ്യംകൂടിയുണ്ട്. മുസ്ലിം സ്ഥാപനങ്ങളെയും ആരാധനാകേന്ദ്രങ്ങളെയുമെല്ലാം തർക്കവസ്തുക്കളാക്കി മാറ്റുകയെന്നതാണത്. ഈദ്ഗാഹുകളും പള്ളികളും മാത്രമല്ല, താജ്മഹലും ഖുതുബ് മിനാറുമെല്ലാം ഇങ്ങനെ തർക്കവസ്തുക്കളാക്കപ്പെട്ടുകഴിഞ്ഞു. എല്ലാ പള്ളിയിലും ശിവലിംഗം തപ്പിപ്പോകേണ്ടതില്ല എന്ന് ആർ.എസ്.എസ് തലവനുതന്നെ പറയേണ്ടിവരുന്ന അവസ്ഥയിൽ രാജ്യത്താകമാനം മുസ്ലിം ആരാധനാകേന്ദ്രങ്ങളെ ചുറ്റിപ്പറ്റി ഈ മട്ടിൽ കുഴപ്പമുണ്ടാക്കുകയാണവർ.

ഏതാനും ദിവസം മുമ്പ് ഉത്തർപ്രദേശിൽനിന്ന് വന്നൊരു വാർത്ത ഇതേക്കാൾ ഗൗരവതരമാണ്. മുറാദാബാദ് ജില്ലയിലെ ദുൽഹെപുർ ഗ്രാമത്തിൽ 26 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അവിടെ വീടുകളിൽ സംഘടിത നമസ്കാരം നിർവഹിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് കേസ്. ഐ.പി.സിയിലെ 505-2 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊതുശല്യം എന്ന കുറ്റം ചെയ്തവരാണവർ എന്നർഥം. ആ ഗ്രാമത്തിൽ നമസ്കരിക്കാൻ പള്ളിയില്ല. പള്ളി നിർമിക്കാൻ അധികൃതർ അനുമതിയും നൽകുന്നില്ല. പള്ളി നിർമിക്കാൻ അനുമതി ലഭിക്കാത്തതിനാൽ വെള്ളിയാഴ്ചകളിൽ മൈതാനത്ത് നമസ്കരിച്ച ഗുരുഗ്രാമിലെ വിശ്വാസികളെ സർക്കാറും സംഘ്പരിവാറും എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് എല്ലാവരും കണ്ടതാണ്. ആ അനുഭവമുള്ളതുകൊണ്ടാവണം ദുൽഹെപുരിലെ മുസ്ലിംകൾ വീടിനകത്ത് നമസ്കാരം നിർവഹിച്ചത്. പക്ഷേ, അതും ക്രിമിനൽ കുറ്റമായി മാറി. ഒരു വശത്ത് ഈദ്ഗാഹുകളിൽ ഗണേശോത്സവം സംഘടിപ്പിക്കാൻ സർക്കാർതന്നെ മുന്നിട്ടിറങ്ങുക. മറുവശത്ത്, വീടുകളിൽ നമസ്കരിച്ചവർക്കെതിരെപ്പോലും കേസ് എടുക്കുക. ഇതാണ് സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന തിളങ്ങുന്ന പുതു ഇന്ത്യ എന്ന കാര്യം ഉൾക്കൊള്ളുക എന്നതു മാത്രമേ വഴിയുള്ളൂ. ആ യാഥാർഥ്യം ഉൾക്കൊണ്ട് വേണം മുസ്ലിംകൾ അവരുടെ വഴികൾ കണ്ടെത്താൻ.

Tags:    
News Summary - Madhyamam Editorial on Ganesh chathurthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.