വിദ്വേഷപ്രസംഗങ്ങൾക്കെതിരെ കോടതി ഇടപെടൽ

വിദ്വേഷപ്രസംഗങ്ങൾക്കെതിരെ, പരാതി ലഭിക്കുംവരെ കാത്തിരിക്കാതെ സ്വമേധയാ കേസെടുക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി കർശന നിർദേശം നൽകിയത്, ശാന്തിയും നിയമവാഴ്ചയും ​ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതം ​െചയ്യും. കഴിഞ്ഞ ഒക്ടോബറിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം രാജ്യമെങ്ങും ബാധകമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.

വി. നാഗരത്ന എന്നിവരുടെ കൽപന. പ്രാസംഗികരുടെ മതം നോക്കരുത് എന്ന് നിർദേശിച്ച കോടതി വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ അമാന്തം കാട്ടിയാൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോടതിയുടെ നിർദേശത്തിൽ ആശ്വസിക്കുമ്പോഴും ഭരണകൂടത്തിന്റെ ചുമതലയെന്തെന്ന് കോടതി പറഞ്ഞുകൊടുക്കേണ്ടിവരുന്നത് ദയനീയ അവസ്ഥയാണെന്ന് പറയാതിരിക്കാൻ വയ്യ.

വർഗീയവിഷം വമിക്കുന്നതും അക്രമങ്ങൾക്ക് വഴിവെക്കാവുന്നതുമായ പരസ്യപ്രസംഗങ്ങൾപോലും ചില സംസ്ഥാന സർക്കാറുകൾ നിഷ്ക്രിയതയും മൗനവുംകൊണ്ട് പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിവരെ ഉണ്ടായപ്പോഴാണ് പരാതിക്കാരൻ ശാഹീൻ അബ്ദുല്ല കോടതിയെ സമീപിച്ചത്. സത്വരമായി പ്രവർത്തിക്കാതെ ഭരണകൂടം നോക്കുകുത്തിയാണെന്നുവരെ സുപ്രീംകോടതി ബെഞ്ച് മുമ്പ് വിമർശനമുയർത്തിയതാണ്. ഏതു മനുഷ്യനും അവന്റെ ആത്മാഭിമാനം വലുതാണ്. അത് നിരന്തരം അധിക്ഷേപത്തിനിരയാകുമ്പോൾ നിയമവാഴ്ചയും ഒരുമയുമാണ് നഷ്ടമാകുന്നത്. സമാനമായ നിരീക്ഷണങ്ങൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചും ഈയിടെ നടത്തി. ‘സുദർശൻ ന്യൂസ്’ എഡിറ്റർ സുരേഷ് ചവാ​ങ്കെ വിദ്വേഷപ്രസംഗം ചെയ്തിട്ടും നടപടിയെടുക്കേണ്ട ഡൽഹി പൊലീസോ ഉത്തരാഖണ്ഡ് പൊലീസോ അനങ്ങിയില്ല. തുഷാർ ഗാന്ധി സമർപ്പിച്ച പരാതി പരിഗണിക്കെ കോടതി ഈ അലംഭാവത്തെ വിമർശിച്ചു. 2021 ഡിസംബർ 19ന് ചെയ്ത പ്രസംഗത്തിനെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) ഫയൽ ചെയ്യുന്നത് അഞ്ചു മാസം കഴിഞ്ഞ്, 2022 മേയ് നാലിന്. കുറ്റപത്രം പിന്നെയും വൈകിയപ്പോൾ തുഷാർ ഗാന്ധി കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചു. അതിൽ വാദം കേൾക്കെയാണ് ഡൽഹി പൊലീസ് കുറ്റപത്രം ഏപ്രിൽ നാലിന് സമർപ്പിച്ചതായി അറിയിക്കുന്നത്. മതവും സമുദായവും നോക്കിയാണ് കേ​സെടുക്കുന്നതും കേസെടുക്കാതിരിക്കുന്നതും എന്ന ആക്ഷേപം കോടതിയുടെ ​ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

ഏതു സർക്കാറിന്റെയും പ്രാഥമിക ചുമതലയാണ് നിയമവാഴ്ചയും സമാധാനവും നിലനിർത്തുക എന്നത്. അതുപോലും കോടതി പറഞ്ഞിട്ടുവേണം ചെയ്യാൻ എന്നുവെച്ചാൽ എന്താണർഥം. ഈ അലംഭാവം വി​ദ്വേഷ പ്രസംഗങ്ങൾ വല്ലാതെ വർധിക്കാനിടയാക്കി എന്നത് ഒരു വസ്തുതയാണ്. ശിക്ഷിക്കപ്പെടുന്നതു പോയിട്ട് നിയമനടപടിപോലും സ്വീകരിക്കപ്പെടാതെ പോയ സംഭവങ്ങൾ നിരവധി. പച്ചയായ വിഷഭാഷണങ്ങൾവരെ ഭരണകൂട മൗനത്താൽ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ കൂടുതൽ സൂക്ഷ്മവും വ്യംഗ്യവുമായ (എന്നാൽ നേർക്കുനേരെയുള്ള വിദ്വേഷഭാഷണം പോലെത്തന്നെ മാരകമായ) പ്രസ്താവനകളും സൂചനകളും അന്തരീക്ഷത്തിൽ ആവർത്തിച്ചാവർത്തിച്ച് വമിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഉന്നത ഭരണനേതൃത്വങ്ങൾവരെ പങ്കാളികളാകുന്നുമുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്നത് ശീലമാക്കിയവരുടെ സമൂഹ മാധ്യമ ‘ഫോളോവറാ’കാൻ പ്രധാനമന്ത്രിക്കുപോലും സാധിക്കുന്നു. അങ്ങനെ വരുമ്പോൾ ഇപ്പോൾ കോടതി സംസ്ഥാന പൊലീസ് സേനകൾക്ക് നൽകിയ നിർദേശം അപര്യാപ്തമാണെന്ന് പറയേണ്ടിവരും. ​പൊലീസ് സേനകളെ ഭരിക്കുന്ന രാഷ്ട്രീയക്കാർ തന്നെ സാമുദായികവും മതപരവുമായ വിവേചനം പുലർത്തുമ്പോൾ കോടതിയുടെ നിരന്തരമായ ഇടപെടലില്ലാതെ ഒരു നിർദേശവും ഏറെ നാൾ പാലിക്കപ്പെടാൻ സാധ്യതയില്ല. ഇതിനകം സുപ്രീംകോടതി ബെഞ്ചുകളുടെയും ഹൈകോടതികളുടെയും പരിഗണനയിൽ വന്ന കേസുകൾ ഇതിന് തെളിവാണ്.

സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടിയപോലെ, പ്രശ്നം രാഷ്ട്രീയപരവും ഭരണപരവും സാംസ്കാരികവുമാണ്. അധീശത്വമുള്ള വിഭാഗത്തിന്റെ സംസ്കാരം മേൽക്കൈ നേടുന്നത് സ്വാഭാവികമാണ്. സ്വന്തം സംസ്കാരത്തെ അക്രമോത്സുക സംഘങ്ങൾ റാഞ്ചിയെടുക്കാതെ നോക്കേണ്ട ചുമതല വിവിധ സമുദായങ്ങൾക്ക് -പ്രത്യേകിച്ച് ഭൂരിപക്ഷ വിഭാഗത്തിന്- ഉണ്ട്. രാഷ്ട്രീയക്കാർ നിക്ഷിപ്ത താൽപര്യങ്ങൾക്ക് മതത്തെ ഉപയോഗിക്കുന്നത് നിർത്തിയാൽ വിദ്വേഷ പ്രസംഗങ്ങൾ അതോടെ നിൽക്കും എന്ന കോടതിയുടെ നിരീക്ഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. ഈയിടെ രാജ്യം ഞെട്ടലോടെ കേട്ട ഒരുപാട് വിദ്വേഷ പ്രസംഗങ്ങളെ കൂടുതൽ ഭീതിദമാക്കുന്നത്, അവ തടയാൻ ചുമതലപ്പെട്ട മത, രാഷ്ട്രീയ നേതൃത്വങ്ങളുടെ മൗനമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ തുടങ്ങിയവർ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ അപ്പ​പ്പോൾ പ്രസ്താവന നടത്തിയാൽ തന്നെ ഇന്ന് പടർന്ന രോഗം കുറച്ചൊക്കെ ശമിക്കും. അതത് മതവിഭാഗങ്ങളുടെ നേതൃത്വങ്ങൾക്കും ഇതിൽ സൃഷ്ടിപരമായ പങ്കുവഹിക്കാൻ കഴിയും. നിർഭാഗ്യവശാൽ അനുയായികളെ നേതാക്കൾ നയിക്കുന്നതിനു പകരം കൂടുതൽ വിഷം ചീറ്റുന്നതിൽ മാതൃക സൃഷ്ടിക്കുകയാണ് പല നേതാക്കളും എന്ന് തോന്നിപ്പോകുന്നു. കോടതിയുടെ ഇടപെടൽ ഭരണരംഗത്ത് മാത്രമൊതുങ്ങുന്ന പരിമിതമായ ചികിത്സയാണ്. രോഗം പാടേ ഭേദമാകാൻ മത, രാഷ്ട്രീയ നേതൃത്വങ്ങൾ രംഗത്തിറങ്ങണം.

Tags:    
News Summary - Madhyamam Editorial 2023 may 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.