അവരുടെ ഇംപീച്ച്മെൻറ് ആരുടെ താൽപര്യം?


രാജ്യം ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങൾ വിസ്മരിക്കപ്പെടുകയോ, ഭരണകൂടങ്ങളോ സംഘടിത ശക്തികളോ അവയെ അവമതിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അതിൽ ആകുലതയുള്ള, ഇന്ത്യ എന്ന ആശയത്തിൽ അടിയുറച്ചു മുന്നേറുന്ന പൗരജനങ്ങൾ അതിനെതിരെ ആശങ്കയുയർത്തി രംഗത്തുവരാറുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ സേനാനികൾ, വിരമിച്ച ന്യായാധിപന്മാർ, സൈനിക, സിവിൽ സർവിസ് ഉദ്യോഗസ്ഥർ, കലാസാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെല്ലാം പല സന്ദർഭങ്ങളിലും ആകുലത പ്രകടിപ്പിക്കാറുണ്ട്.

വർഗീയതയുടെ അതിപ്രസരം, സാമുദായിക ധ്രുവീകരണം, സ്വകാര്യവത്കരണത്തിന്റെ കെടുതികൾ, സൈനികവത്കരണം, വധശിക്ഷാ വിധികൾ തുടങ്ങി രാജ്യത്തെയും സാമാന്യ ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിലെല്ലാം പൊതുമനസ്സാക്ഷി ഉയർത്തുവാൻ മുന്നിട്ടിറങ്ങുന്ന രീതി പതിറ്റാണ്ടുകൾ മുമ്പുതന്നെയുണ്ട്. സർവിസിലിരിക്കെ ആരെയും കൂസാതെ നീതിയുടെ വീഥിയിലൂടെ മാത്രം സഞ്ചരിച്ച വി.എം. താർക്കുണ്ഡേ, വി.ആർ. കൃഷ്ണയ്യർ, രജീന്ദർ സച്ചാർ, ഹോസ്ബെറ്റ് സുരേഷ്, പി.ബി. സാവന്ത് എന്നിവരെപ്പോലുള്ള ന്യായാധിപന്മാർ ഔദ്യോഗിക പദവിയിൽനിന്ന് വിരമിച്ച ശേഷവും നീതിനിഷേധങ്ങൾക്കെതിരെ കാവലാളുകളായി ജനങ്ങൾക്കിടയിൽ തുടർന്നു.

അന്യായങ്ങളും അതിക്രമങ്ങളും നടന്ന ഇടങ്ങളിലേക്ക് സ്വജീവന്റെ രക്ഷയെക്കുറിച്ചുപോലും ആലോചിക്കാതെ കടന്നുചെന്ന് വസ്തുതാന്വേഷണം നടത്തുവാനും സധൈര്യം വിളിച്ചുപറയുവാനും അവർ ആർജവം കാണിച്ചു. കോൺഗ്രസ് ഭരണകാലത്ത് തലസ്ഥാന നഗരിയിൽ നടമാടിയ സിഖ് വിരുദ്ധ വംശഹത്യ സംബന്ധിച്ചും ബി.ജെ.പി ഭരിക്കവെയുണ്ടായ ഗുജറാത്ത് വംശഹത്യ സംബന്ധിച്ചും മറ്റനേകം അവസരങ്ങളിലും ജനകീയ വസ്തുതാന്വേഷണം നടത്താൻ തീയും പുകയുമടങ്ങാത്ത തെരുവുകളിലേക്കാണ്, കലിയും കണ്ണീരുമടങ്ങാത്ത മനുഷ്യർക്കിടയിലേക്കാണ് അവർ നടന്നുകയറിയത്. ഭരണത്തിലാര് എന്നത് സർവിസ് കാലത്തെന്നപോലെ വിരമിച്ച ശേഷവും നിലപാടെടുക്കുന്നതിനും വിമർശനങ്ങളുയർത്തുന്നതിനും തിരുത്തലുകൾ നിർദേശിക്കുന്നതിനും അവർക്കൊരു പരിഗണനാ വിഷയമായിരുന്നില്ല.

ഏതാനും മാസം മുമ്പും രാജ്യത്തെ അപകടമുനമ്പിൽ കൊണ്ടെത്തിക്കുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെയും കുറച്ചുകാലമായി കൂടുതൽ ഉച്ചത്തിൽ കേൾക്കുന്ന വംശഹത്യ ആഹ്വാനങ്ങൾക്കെതിരെയും മുൻ ജഡ്ജിമാരും വിരമിച്ച സൈനിക മേധാവിമാരുമെല്ലാം സംയുക്ത പ്രസ്താവനകൾ പുറപ്പെടുവിക്കുകയും രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിക്കുകയുമുണ്ടായി. അടിയന്തര ഇടപെടൽ വേണ്ടത്ര ഗൗരവമുള്ള വിഷയമായി തോന്നാത്തതുകൊണ്ടാവണം അവരിരുവരും അതിനോട് പ്രതികരിച്ചതുമില്ല.

ഈയിടെ ലോകത്തിനുമുന്നിൽ നാണംകെടാനും രാജ്യത്തെ ജനങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കാനും കാരണമായ (ഗത്യന്തരമില്ലാതെ പാർട്ടി സസ്പെൻഡ് ചെയ്ത) ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദാ പരാമർശത്തെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. അതിനെതിരെ 15 മുൻജഡ്ജിമാരുൾപ്പെടെ നൂറിലേറെ മുൻ സിവിൽ-സൈനിക സർവിസ് ഉദ്യോഗസ്ഥർ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി. ന്യായാധിപന്മാർ അതിരുവിട്ട് പെരുമാറിയെന്നും മായ്ക്കാനാവാത്ത കളങ്കം വരുത്തിയെന്നുമാണ് അവരുടെ ആക്ഷേപം. ഭരണകൂടം വരുത്തിവെക്കുന്ന അരുതായ്മകൾ മൂലം രാജ്യത്തെ ജനങ്ങൾ നേരിടേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ച് എന്തെങ്കിലും മൊഴിഞ്ഞ മുൻപാരമ്പര്യമുള്ളവരല്ല ഈ നൂറുപേരിലൊരാൾ പോലും എന്നത് തൽക്കാലം വിസ്മരിക്കാം.

കോടതികളോ, ജഡ്ജിമാരോ അവരുടെ വിധികളോ വിമർശിക്കപ്പെടുന്നത് പുതിയ സംഭവമോ അരുതാത്തതോ അല്ല. എന്നാൽ, മതേതരത്വവും രാജ്യത്തിന്റെ അന്തസ്സും ഇടിച്ചുതാഴ്ത്തപ്പെട്ടതു സംബന്ധിച്ച് പരാമർശം നടത്തിയതിന്റെ പേരിൽ ജഡ്ജിമാർക്കെതിരെ വിരമിച്ച ജഡ്ജിമാർ ഉൾപ്പെടെ സാമൂഹിക അഭിപ്രായം രൂപവത്കരിക്കാൻ തക്ക സ്വാധീനശേഷിയുള്ള ഒരു വിഭാഗം രംഗത്തെത്തുന്നത് ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. അതിന്റെ തുടർച്ചയായി ജസ്റ്റിസ് സൂര്യകാന്തിനെയും പർദിവാലയെയും ഇംപീച്ച് ചെയ്യണം എന്ന ആവശ്യമുന്നയിച്ച് സൈബർ ലോകത്ത് കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ടിപ്പോൾ. വരും ദിവസങ്ങളിൽ ഈ കാമ്പയിൻ പുതിയ രൂപങ്ങളിലേക്കും നീങ്ങും.

കോടതിയുടെ നിരീക്ഷണങ്ങളും വിമർശനങ്ങളും വിധികളുമെല്ലാം ചർച്ച ചെയ്യാനും ചോദ്യംചെയ്യാനുമുള്ള സ്വാതന്ത്ര്യം രാജ്യത്ത് നിലനിൽക്കുന്നുണ്ട്, ആരൊക്കെ തള്ളിപ്പറഞ്ഞാലും അവർക്കുകൂടി പ്രവർത്തന-അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന രാജ്യത്തിന്റെ ഭരണഘടന സാധ്യമാക്കിത്തന്നതാണീ സാഹചര്യം. എന്നാൽ, എതിരാളികളായ രാഷ്ട്രീയക്കാരെയും എതിരഭിപ്രായം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെയും ഇഷ്ടമില്ലാത്ത സത്യങ്ങൾ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെയും നിശ്ശബ്ദമാക്കാൻ പയറ്റുന്ന മാതൃക നീതിപീഠത്തിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് വലതുപക്ഷ ശക്തികൾ എന്നാണ് രണ്ടു ജഡ്ജിമാരെ ഒറ്റതിരിഞ്ഞ് എതിർക്കുകയും പുകച്ചുപുറത്തുചാടിക്കാൻ തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നതിന് പിന്നിലെന്നത് വ്യക്തം. അതിശക്തരെ അലോ

സരപ്പെടുത്തുന്ന വിധിന്യായങ്ങളുടെ പേരിൽ സ്ഥാനക്കയറ്റങ്ങൾ നിഷേധിച്ചും സ്ഥലം മാറ്റിയും ശ്വാസംമുട്ടിച്ചിട്ടും നീതിപീഠത്തിലെ അവസാന നിമിഷം വരെയും തലയുയർത്തിത്തന്നെ നിന്ന ജസ്റ്റിസ് ആകിൽ ഖുറൈശിയെപ്പോലുള്ള മാതൃകകൾ മുന്നിലുള്ളപ്പോൾ ജഡ്ജിമാർ അചഞ്ചലരായി തുടരുമെന്ന് വിശ്വസിക്കാം. എങ്കിലും ഒരു സംശയം, ഇത്തരമൊരു കാമ്പയിന് പ്രാരംഭം കുറിച്ച് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചപ്പോൾ മുൻന്യായാധിപന്മാരുടെ ഇടനെഞ്ച് ഒരുനിമിഷം പോലും ഇടറിയിട്ടുണ്ടാവില്ലേ? അതോ, ബാബരി മസ്ജിദ് കേസിലും ഗുൽബർഗ് സൊസൈറ്റി കേസിലുമെന്നപോലെ ഭരണകൂടത്തിന്റെ മനമറിഞ്ഞ് എഴുതുന്ന വിധികളിൽ മാത്രമാണോ അവർക്കും വിശ്വാസം?!

Tags:    
News Summary - Madhyamam Editorial 2022 July 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.