ദുരിതങ്ങളുടെ നീർക്കയത്തിൽ ജനം


ജൂലൈ ആദ്യത്തിൽ ചണ്ഡിഗഢിൽ നടന്ന ജി.എസ്.ടി കൗൺസിലിന്റെ 47ാമത് യോഗം തീരുമാനിച്ച നിത്യോപയോഗ സാധനങ്ങളിന്മേലുള്ള കണ്ണിൽചോരയില്ലാത്ത നികുതിവർധന തിങ്കളാഴ്ച മുതൽ നിലവിൽവന്നതോടെ ശരാശരി ഇന്ത്യക്കാരന്റെ ജീവിതം അതി ദുസ്സഹമായ സാഹചര്യങ്ങളിലേക്കാണ് എടുത്തെറിയപ്പെട്ടിരിക്കുന്നത്. അരി, ഗോതമ്പുപൊടി, മാംസം, മത്സ്യം, പനീർ, പാൽ, തൈര്, മോര്, പപ്പടം മുതൽ സകലമാന അവശ്യവസ്തുക്കളുടെയും മേൽ അഞ്ചുശതമാനം നികുതി ചുമത്തിയത് ഒരുകാര്യം. മഷി, ബ്ലേഡ്, കത്തി, പേപ്പർകത്തി, പെൻസിൽ ഷാർപ്നർ, സൈക്കിൾ പമ്പ്, എൽ.ഇ.

ഡി ലാമ്പ് മുതൽ വസ്തുക്കളുടെ ജി.എസ്.ടി 18 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ബാങ്ക് ചെക്ക്ബുക്ക്, റോഡുകൾ, പാലങ്ങൾ, റെയിൽവേ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകളും തദ്ദേശ സ്ഥാപനങ്ങളും നൽകിയ കരാറുകൾ തുടങ്ങിയവക്കും 18 ശതമാനം നികുതി. ഇങ്ങനെ ജി.എസ്.ടിയുടെ പരിധിയിൽ വരാത്തതോ നേരത്തേ വന്നവയിൽ ശതമാനം കുത്തനെ കൂട്ടാത്തതോ ആയ ഒരവശ്യവസ്തുവും സേവനതുറയും ബാക്കിയില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഭരിക്കാനും ദൈനംദിന ഭരണം മുന്നോട്ടു നീക്കാനും വികസന പ്രവർത്തനങ്ങൾക്കും പണം വേണമെന്ന പ്രാഥമിക സത്യം ഒരാളും നിഷേധിക്കുന്നില്ല.

പക്ഷേ, ജനം കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ടെങ്കിലും ജീവിച്ചിരുന്നിട്ട് വേണമല്ലോ നികുതി അടക്കാനും സർക്കാറുകളെ വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കാനും. ജി.എസ്.ടിയുടെ അളവും വ്യാപ്തിയും ദിനേന വികസിപ്പിച്ചുകൊണ്ടുപോയാൽ സാമാന്യ ജനത്തിന്റെ അതിജീവനശേഷി കടുത്ത ചോദ്യചിഹ്നമായി മാറും എന്ന കാര്യത്തിൽ ഒരു സംശയത്തിനും വകയില്ല. സംശയം തോന്നുന്നവർ ഇന്ത്യയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീലങ്കയിലേക്ക് കണ്ണോടിച്ചാൽ മതി. കിലോമീറ്ററുകളോളം ക്യൂനിന്നാലും ലിറ്റർ എണ്ണ കിട്ടാനില്ല; വാഹനങ്ങൾ ഓടുന്നില്ല, വിദ്യാലയങ്ങൾ തുറക്കുന്നില്ല, കടകളിൽ അവശ്യസാധനങ്ങൾ ശുദ്ധ ശൂന്യം. ആശുപത്രികളിൽ മരുന്നോ ചികിത്സയോ ഇല്ല. അപ്രകാരം ജീവിതം പാടെ സ്തംഭിച്ചതിനാൽ ജനം തെരുവിലിറങ്ങി, പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞും അകത്തളങ്ങളിലേക്ക് ഇരച്ചുകയറി കണ്ണിൽകണ്ടതൊക്കെ കൈയടക്കി തേർവാഴ്ച നടത്തുന്ന ദൃശ്യം ലോകം കാണേണ്ടിവന്നു.

പ്രാണനും കൊണ്ടോടിയ പ്രസിഡന്റ് നാടുവിട്ട് രാജി എഴുതി പോസ്റ്റ് ചെയ്ത് പ്രവാസജീവിതത്തിന് വഴിതേടുന്നു. ഭരണസംവിധാനം നിലനിർത്താൻ പാർലമെന്റും പാർട്ടികളും ഭരണയന്ത്രവും അവസാന ശ്രമം നടത്തുന്നു. ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങൾ വെച്ചുനീട്ടുന്ന സഹായങ്ങൾകൊണ്ട് അത്യാവശ്യങ്ങളുടെ വക്കുതൊടാൻപോലും കഴിയുന്നില്ല. പഴയ ലങ്ക എപ്പോഴെങ്കിലും തിരിച്ചുവരുമോ എന്ന് നെടുവീർപ്പോടെ നോക്കിനിൽക്കുകയാണ് ലോകം. ഇന്നലെവരെ പാർലമെന്റും ജനാധിപത്യവും തെരഞ്ഞെടുപ്പും പാർട്ടികളുമൊക്കെ അവിടെയും ഉണ്ടായിരുന്നെന്ന് മറന്നുപോവരുത്. നമ്മെപ്പോലെ ഉന്മാദ ദേശീയതയും അതിന്റെ മൂർധന്യത്തിലായിരുന്നു ലങ്കയിൽ.

ജനകോടികളുടെ ഭാഗധേയംകൊണ്ടാണ് ഭരണാധികാരികൾ അമ്മാനമാടിയത് എന്ന പ്രാഥമിക പാഠമാണ് ശ്രീലങ്കയിൽനിന്ന് ലഭിക്കേണ്ടത്. വൈകാരിക മൂർധന്യത്തിൽ ചെയ്യുന്ന പ്രസംഗങ്ങളും നിരത്തുന്ന അവകാശവാദങ്ങളും തുടരത്തുടരെയുള്ള പ്രഖ്യാപനങ്ങളും മാത്രം സമാധാനപരവും ക്ഷേമകരവുമായ അതിജീവനത്തിന്റെ ഗാരന്റികളല്ല. ബ്രിട്ടീഷുകാരിട്ട പേരുകളൊക്കെ തൂത്തെറിഞ്ഞ് ഹിന്ദു-സംസ്കൃത ശബ്ദങ്ങൾ പകരം വെച്ചതുകൊണ്ട് വിശേഷമൊന്നും സംഭവിക്കുകയില്ല. ദേശീയ ചിഹ്നത്തിലെ സിംഹപ്രതിരൂപം ശൗര്യഭാവം പകർന്നതുകൊണ്ടും ഇന്ത്യക്കാരായ മനുഷ്യരുടെ വീര്യം ഉണരുമെന്ന് കരുതരുത്. അവർക്ക് പ്രാഥമികമായി ഭക്ഷണം വേണം, വസ്ത്രവും പാർപ്പിടവും ചികിത്സയും വിദ്യാഭ്യാസവും തൊഴിലും വേണം. രാജ്യത്ത് ക്രമസമാധാനം പുലരണം. സ്വൈരജീവിതം സാധ്യമാവണം. ഇതൊക്കെ സാധിക്കണമെങ്കിൽ ജാടയും വീരവാദങ്ങളും പോരാ. സത്യം തുറന്നുപറയുന്നവരെ കൽതുറുങ്കിലടച്ച് മറുശബ്ദം കേൾപിക്കാതിരിക്കുന്ന വിദ്യ ഇക്കാലത്ത് ഫലിക്കില്ല.

അതിനാൽ പാർലമെന്റിനകത്തും പുറത്തും തുറന്ന ചർച്ചകളും സംവാദങ്ങളും നടക്കട്ടെ. യഥാർഥങ്ങൾ പുറത്തുവരട്ടെ, ജനദ്രോഹ നിലപാടുകൾ സത്യസന്ധമായി തിരുത്തട്ടെ, ജുഡീഷ്യറിയും മാധ്യമങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കട്ടെ, ജയിലറകൾ കുറ്റവാളികൾക്ക് മാത്രമായി തുറന്നിടട്ടെ, നിരപരാധികളുടെ രോദനങ്ങൾക്ക് അറുതിയാവട്ടെ, അരോചക വാക്കുകൾ നാവുകളിൽ പുറത്തുവരാതിരിക്കാൻ വിലക്കുകളുടെ കാർക്കശ്യമല്ല സുതാര്യമായ സംവാദങ്ങളാണ് യഥാർഥ വഴി. സർക്കാറിന്റെ അജണ്ട ബില്ലുകളുടെ രൂപത്തിൽ അവതരിപ്പിച്ച് പാസാക്കിയെടുത്ത് പാർലമെന്റ് പിരിയുന്ന ഗതകാലാനുഭവമാണ് ഇനിയും ആവർത്തിക്കാൻ പോവുന്നതെങ്കിൽ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം കണ്ണീരിൽ കുതിരാനേ വിധിയുണ്ടാവൂ. ഒരമേരിക്കൻ ഡോളറിന് എൺപത് ഇന്ത്യൻ രൂപ എന്ന ദയനീയ സ്ഥിതി നമ്മെ എവിടെ എത്തിക്കും എന്നുകൂടി അവസാനമായി ആലോചിക്കുക.

Tags:    
News Summary - Madhyamam Editorial 2022 July 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.