അന്തസ്സും അഭിമാനവും പിടിച്ചുപറിക്കപ്പെടുന്ന, സ്ത്രീകളുടെയും കുട്ടികളുടെയുമുൾപ്പെടെ നീതി നിഷേധിക്കപ്പെടുന്ന, സ്വേച്ഛാധിപതികളും അഹങ്കാരികളുമായ ഭരണാധികാരികൾ വരുത്തിവെച്ച യുദ്ധക്കെടുതികൾ നിറഞ്ഞ, ഗാർഹിക-ലൈംഗിക പീഡനങ്ങളുടെ നീറ്റലൊടുങ്ങാത്ത, അഭയാർഥികൾക്കു മുന്നിൽ വാതിലുകൾ കൊട്ടിയടക്കപ്പെട്ട, കാലാവസ്ഥ ദുരന്തമുഖത്ത് നിൽക്കുന്ന ഒരു മനുഷ്യാവകാശ വർഷമാണ് കഴിഞ്ഞുപോയതെന്ന് രേഖപ്പെടുത്തി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ 33ാമത് വാർഷിക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു.

നൂറോളം രാജ്യങ്ങളിലെ പൊള്ളുന്ന അവസ്ഥകളെ ‘മനുഷ്യദുരിതങ്ങളുടെ കടൽ’ എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന സംക്ഷിപ്തപ്പെടുത്തിപ്പറഞ്ഞത്.

ജനങ്ങളുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാൻ ചുമതലപ്പെട്ട ഭരണകൂടങ്ങൾതന്നെയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകർ എന്ന ചിന്തക്ക് കട്ടിയുള്ള മഷികൊണ്ട് അടിവരയിടുന്നു വിവിധ രാജ്യങ്ങളിൽനിന്ന് ശേഖരിക്കപ്പെട്ട വിവരങ്ങൾ.

കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയ്ൻ അധിനിവേശത്തിലൂടെ റഷ്യൻ ഭരണകൂടമുണ്ടാക്കിയ കൊടുമകളും അനുബന്ധ മനുഷ്യാവകാശപ്രശ്നങ്ങളും വിശദമായിത്തന്നെ വിശകലനംചെയ്ത റിപ്പോർട്ട് അധിനിവേശകർക്കെതിരെ വിവിധ ലോകരാഷ്ട്രങ്ങൾ കൈക്കൊണ്ട നിലപാടുകളെയും നടപടികളെയും പ്രതീക്ഷാനിർഭരമെന്നും വിശേഷിപ്പിക്കുന്നു; യുക്രെയ്നുവേണ്ടി അടിയന്തരമായി ഉയർന്ന ശബ്ദങ്ങളും ഉപരോധങ്ങളുമൊന്നും അധിനിവേശത്തിനും അതിക്രമങ്ങൾക്കും ഇരയാവുന്ന മറ്റു പല രാജ്യങ്ങളോടും ഐക്യദാർഢ്യപ്പെടാൻ ഉണ്ടാവാറില്ലെന്നു വരുമ്പോൾ ഈ പ്രതീക്ഷപോലും ആപേക്ഷികമായി മാറുന്നുവെന്നു മാത്രം.

അവകാശസംരക്ഷണത്തെക്കുറിച്ച് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ലോകത്തിനു നൽകുന്ന സാരോപദേശങ്ങൾ എത്രയോ പൊള്ളയാണ് എന്ന് ബോധ്യപ്പെടുത്തുംവിധമാണ് പല രാജ്യങ്ങളിലും വംശീയതയും ദരിദ്രവിരുദ്ധതയും നടമാടുന്നതെന്നും ഹ്യൂമൻറൈറ്റ്സ് വാച്ച് വിശദമാക്കുന്നു. ‘വീണ്ടും മനുഷ്യരെപ്പോലെ ജീവിക്കാനാവണം’ എന്നാണ് യു.കെയിലെ ഒരു താൽക്കാലിക താമസകേന്ദ്രത്തിൽ പാർക്കുന്ന കുടുംബത്തെ ഉദ്ധരിച്ച് റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. അഫ്ഗാനിസ്താനിൽ സ്ത്രീകളും പെൺകുട്ടികളും അഭിമുഖീകരിക്കുന്ന ഭയാനകമായ പൗരാവകാശ ലംഘനങ്ങൾ, ഇറാനിലെ യുവപ്രക്ഷോഭകർക്കെതിരായ ക്രൂരമായ അടിച്ചമർത്തൽ, ചൈനീസ് ഏകാധിപത്യത്തിന്റെ കടുംകൈകൾ, കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ ശബ്ദിക്കുകയും ഉയിഗൂറുകൾ ഉൾപ്പെടെയുള്ള തുർക്കിക് മുസ്‍ലിംകൾക്കെതിരെ ചൈനീസ് ചങ്ങാതിമാർ നടത്തുന്ന അതിക്രമങ്ങളോട് നിശ്ശബ്ദത പുലർത്തുകയും ചെയ്യുന്ന പാകിസ്താന്റെ കാപട്യം എന്നിങ്ങനെ ഏഷ്യയിലെ ചെറുതും വലുതുമായ രാജ്യങ്ങളുടെ പൗരാവകാശ സമീപനങ്ങൾ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ജനാധിപത്യം സംബന്ധിച്ച വീഡെം, ഫ്രീഡം ഹൗസ് റിപ്പോർട്ടുകളും വിവിധങ്ങളായ വികസന, അഭിപ്രായ സ്വാതന്ത്ര്യ സൂചികകളും ദയനീയ റാങ്കിങ് നൽകിയ ഇന്ത്യയിൽ മനുഷ്യാവകാശങ്ങളും അതിപരിതാപകരമെന്ന് ഓർമപ്പെടുത്തുന്നുണ്ട് ഈ രേഖ.

സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അയൽരാജ്യങ്ങളായ അഫ്ഗാനിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലും യുക്രെയ്നിലും ഇന്ത്യ നടത്തിയ മാനുഷിക പ്രയത്നങ്ങളെ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്; യുക്രെയ്ൻ വിഷയം ഐക്യരാഷ്ട്രസഭയിൽ വോട്ടിനിട്ട വേളയിലെല്ലാം വിട്ടുനിന്ന് റഷ്യയോട് സമരസപ്പെട്ടുവെന്നും.

മതന്യൂനപക്ഷങ്ങളുടെ ജീവിതത്തെ രാജ്യത്തെ ഭരണകൂടം എത്രമാത്രം ഞെരുക്കമുള്ളതാക്കുന്നുവെന്നും ജനാധിപത്യ രാഷ്ട്രത്തിലെ അവിഭാജ്യ ഘടകമായ പൗരാവകാശസമൂഹത്തെ ഏതെല്ലാം വിധത്തിൽ ശ്വാസംമുട്ടിക്കുന്നുവെന്നും, അഭിപ്രായ സ്വാതന്ത്ര്യം എപ്രകാരം നിഷേധിക്കപ്പെടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ചത്, കശ്മീരിൽ പണ്ഡിറ്റുകൾ തുടരത്തുടരെ കൊല്ലപ്പെട്ടത്, ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് നടപ്പാക്കിയ മതംമാറ്റം തടയൽ നിയമം, ദലിതുകൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, കസ്റ്റഡിമരണങ്ങൾ, മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശപ്രവർത്തകരെയും തടവിലിട്ടത്, പൊതുപ്രവർത്തകർക്കെതിരെ ചാരപ്പണി നടത്താൻ പെഗസസ് ചാരസംവിധാനം ഉപയോഗിച്ചത്, നൂറിലേറെ മുസ്‍ലിം യുവതികളെ ആപ്പിലൂടെ വിൽപനക്കു വെച്ചത്, നീതിപീഠത്തെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കി മുസ്‍ലിംകളുടെ കിടപ്പാടങ്ങൾക്കും സ്വത്തുവകകൾക്കും മേൽ ‘ബുൾഡോസർനീതി’ നടപ്പാക്കിയത് തുടങ്ങി നാം വായിച്ചു മറന്ന പല കുറ്റകൃത്യങ്ങളെയും എണ്ണിപ്പറയുന്നു.

ആഗോള പട്ടിണി സൂചികയെപ്പോലും രാജ്യത്തെ താറടിക്കാനുള്ള ഗൂഢാലോചനയായി കണ്ട് അവഗണിച്ച ഇന്ത്യൻ ഭരണകൂടം ഈ റിപ്പോർട്ടിനോടും സമാനസമീപനം തന്നെയാവും പുലർത്തുക. എന്നാൽ, മനുഷ്യാവകാശം അപകടാവസ്ഥയിൽ നിലകൊള്ളുന്ന ലോകത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും അപകട മുനമ്പിലാണ് എന്ന തിരിച്ചറിവ് ജനങ്ങളിൽ തീർച്ചയായും വളർന്നുവരേണ്ടതുണ്ട്. ദുരിതങ്ങളുടെയും സഹനങ്ങളുടെയും കടലിനെ ശാന്തമാക്കാൻ കഴിയില്ലെന്നിരിക്കിലും അവ രൂപപ്പെടുത്തുന്ന കണ്ണീർ തുള്ളികളെ തുടക്കാൻ തീർച്ചയായും കഴിയേണ്ടതുമുണ്ട്. കൺമുന്നിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെ ചെറുക്കാനും മനസ്സുകൊണ്ടെങ്കിലും വിലക്കാനും കഴിയാത്തിടത്തോളം കാലം മനുഷ്യരെന്ന് സ്വയം വിശേഷിപ്പിക്കാൻ നമുക്ക് എന്തുണ്ടവകാശം?

Tags:    
News Summary - Editorial on Human Rights Watch Report 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.